നെപ്പോട്ടിസം എന്നത് ഒരു മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതല്‍ സിനിമ, സിവില്‍ സര്‍വ്വീസ് തുടങ്ങി സര്‍വ്വമേഖലകളിലും സര്‍വ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തില്‍ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡില്‍ കപൂര്‍ കുടുംബത്തില്‍ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാന്‍ എസ്.ആര്‍.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങള്‍ ഉണ്ട്. നിത്യഹരിതനായകന്‍ പ്രേംനസീര്‍, വിഖ്യാത നടന്‍ കെ.പി. ഉമ്മര്‍, ബാലന്‍ കെ. നായര്‍, കൊട്ടാരക്കര ശ്രീധരന്‍നായര്‍, സുകുമാരന്‍, എം.ജി. സോമന്‍, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്‍ എന്നിവരുടെയെല്ലാം മക്കള്‍ മലയാള സിനിമയില്‍ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
മക്കള്‍രാഷ്ട്രീയത്തെപ്പോലെതന്നെ മക്കളുടെ സിനിമാപ്രവേശത്തെയും പലരും പല കോണില്‍ നിന്നും വിമര്‍ശിച്ച് കാണാറുണ്ട്. എന്തുകൊണ്ടാകാം ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലെ കാരണം എന്നൊന്ന് പരിശോധിക്കാം. ചാന്‍സ് ചോദിച്ചും ഇരന്നും കരഞ്ഞുമൊക്കെ സിനിമയിലെത്തുന്നവര്‍ ഒരവസരം കിട്ടുന്നതോടെ പച്ചപിടിക്കുകയും പിന്നീട് താരങ്ങളായി മാറുമ്പോള്‍ തങ്ങളുടെ മക്കളെ കൊണ്ടുവന്ന് ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പുതുതലമുറയ്ക്ക് അവസരം നഷ്ടമാകുന്നു എന്നതാണ് വിമര്‍ശകരുടെ പൊതുപരിവേദനം. ഒരു രീതിയില്‍ ചിന്തിച്ചാല്‍ അതില്‍ തെല്ലൊരു കഴമ്പുണ്ട്. എന്നാല്‍ അതിനൊരു മറുവശം കൂടിയുണ്ട്.
ഒരു താരം വിചാരിച്ചാല്‍ തന്‍റെ മകനെ അല്ലെങ്കില്‍ മകളെ ഒരുപക്ഷേ സിനിമയില്‍ എത്തിക്കാന്‍ സാധിച്ചേക്കും. എന്നുകരുതി തന്‍റെ മകനെയോ മകളെയോ സൂപ്പര്‍താരമാക്കി മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. ഒരവസരം ലഭിച്ചാല്‍ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാനും സ്വന്തം കഴിവുകൊണ്ട് കയറിവരാനും സാധിച്ചാല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പ്പ് സാദ്ധ്യമാവുകയുള്ളൂ എന്നതാണ് വസ്തുത. നിത്യഹരിത നായകന്‍ പ്രേം നസീറിന്‍റെ കാര്യം തന്നെ പരിശോധിക്കാം. ആയിരത്തില്‍പ്പരം ചിത്രങ്ങളില്‍ വേഷപ്പകര്‍ച്ചകളിലൂടെ നിറഞ്ഞാടിയ പ്രേംനസീറിന്‍റെ മകന്‍ ഷാനവാസ് 80 കളില്‍ തന്നെ മലയാള സിനിമയില്‍ സജീവമായിരുന്നു. നായകനായും സഹനടനായും പ്രതിനായകനായും നിരവധി വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
എന്നാല്‍ ഒരു നടനെന്ന നിലയില്‍ എക്സല്‍ ചെയ്യാനോ അതിനൊത്ത താരപദവിയിലേക്ക് ഉയരാനോ അദ്ദേഹത്തിന് സാധിച്ചില്ല. അതിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണെങ്കിലും സര്‍ഗ്ഗശേഷിയിലെ ന്യൂനതയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. കെ.പി. ഉമ്മറിന്‍റെ മകന്‍ റഷീദ് ഉമ്മര്‍ മറ്റൊരു ഉദാഹരണം. തന്‍റെ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയെങ്കിലും റഷീദിന് തന്‍റേതായ സ്പേസ് കണ്ടെത്താന്‍ സാധിച്ചില്ല. എം.ടി. വാസുദേവന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ പോലുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിന്‍റെ ഭാഗമായിട്ടുകൂടി അദ്ദേഹത്തിന് കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ സാധിച്ചില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വിഖ്യാതനടന്‍ എം.ജി. സോമന്‍റെ മകന്‍ സജി സോമന്‍റെ കാര്യവും സമാനമാണ്.
അതേസമയം കഴിവും പാരമ്പര്യവും ഉണ്ടായിരുന്നിട്ടും രക്ഷപ്പെടാതെ പോയ അല്ലെങ്കില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ നടന്മാരും ആവോളമുണ്ട്. മലയാളം ഇന്‍ഡസ്ട്രിയില്‍ ബാലന്‍ കെ. നായരുടെ മകന്‍ മേഘനാദന്‍ ഈ ഗണത്തില്‍പ്പെടും. അപ്പനെവെല്ലുന്ന വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മേഘനാദന്‍. പക്ഷേ, എന്തുകൊണ്ടോ ഭാഗ്യദേവത അദ്ദേഹത്തെ അത്രകണ്ട് കടാക്ഷിച്ചില്ല. വൈകിയ വേളയില്‍ ചില ക്യാരക്ടര്‍ റോളുകളിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന സ്പേസ് അദ്ദേഹത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല എന്നതാണ് പൊതുവിലയിരുത്തല്‍.
കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകന്‍ സായ്കുമാര്‍ മലയാള സിനിമയിലെ അവിഭാജ്യഘടകമായി ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്ന് നിസ്തര്‍ക്കം പറയാം. കണ്ണിന്‍റെ സാദ്ധ്യത ഇത്രയധികം ഉപയോഗിക്കുന്ന മറ്റൊരു നടനും മലയാളത്തില്‍ ഇല്ല എന്നോര്‍ക്കണം. ഒരുപക്ഷേ, വ്യക്തിപരമായ നിലപാടുകളും വ്യക്തിജീവിതത്തിലെ താളപ്പിഴകളുമൊക്കെ പലര്‍ക്കും വിലങ്ങുതടി ആയിട്ടുണ്ടാകാം എന്ന കാര്യവും ഇവിടെ പരിഗണിക്കാതിരിക്കുന്നില്ല.
അതേസമയം ഇത്തരം പ്രതിസന്ധികളൊന്നും നേരിടേണ്ടിവരാതെ പ്രതിഭകൊണ്ട് മാത്രം നിലനിന്നുപോകുന്ന ഒരുപിടി മക്കള്‍ നടന്മാരും നമുക്കൊപ്പമുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് നടന്‍ സുകുമാരന്‍റെ മക്കള്‍ തന്നെയാണ്. സുകുമാരന്‍റെ മകന്‍ എന്ന ലേബലിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയുടെ ഭാഗമാകുന്നത്. ആദ്യകാലത്തെ ചില ബാലാരിഷ്ടതകളും പക്വതയുടെ പരിമിതികളും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും തന്‍റെ സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് പൃഥ്വിരാജ് ഇന്ന് സൂപ്പര്‍താര പദവിയും പിന്നിട്ട് ഒരുപാന്‍ ഇന്ത്യന്‍ താരമായി നിറഞ്ഞുനില്‍ക്കുന്നത്. സര്‍ഗ്ഗശേഷിയുടെ കാര്യത്തില്‍ പൃഥ്വിരാജിനേക്കാള്‍ ഒരുപടി മുന്നിലാണ് ജ്യേഷ്ഠന്‍ ഇന്ദ്രജിത്ത്. അദ്ദേഹവും സ്വഭാവനടനായും വില്ലനായും കോമിക് ആക്ടറുമായൊക്കെ ഇന്ന് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞാടുകയാണ്.
സംവിധായകരുടെയും എഴുത്തുകാരുടെയുമൊക്കെ മക്കളുടെ കാര്യത്തിലും ഇത്തരം വാഴ്ചയും വീഴ്ചയുമൊക്കെ കാണാന്‍ സാധിക്കും. വിഖ്യാത സംവിധായകന്‍ ഫാസിലിന്‍റെ മകന്‍ എന്ന ലേബലില്‍ വെള്ളിത്തിരയിലെത്തിയ താരമാണ് ഫഹദ് ഫാസില്‍. പിതാവിന്‍റെ തന്നെ റൊമാന്‍റിക് ചിത്രത്തിലൂടെ ചോക്ലേറ്റ് നായകനായി എത്തിയ ഫഹദ് ഒരു തികഞ്ഞ പരാജയമായി എരിഞ്ഞൊടുങ്ങിയതാണ്. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കുശേഷം ഫഹദ് ഒരൊന്നൊന്നര തിരിച്ചുവരവ് നടത്തി. അതിന് കരുത്തായി അദ്ദേഹത്തിന് മുന്നില്‍ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെ നമുക്ക് കഴിവ് എന്ന് വിശേഷിപ്പിക്കാം.
ഇവിടെ വരവറിയിക്കാനും കൂടെ നിന്ന് പിന്താങ്ങാനും ആയിരം പേരുണ്ടാകും. പക്ഷേ, നിലനിന്ന് പോകണമെങ്കില്‍ അയാളില്‍ ഒരു പ്രതിഭ ഉണ്ടായേ മതിയാകൂ. ബോണ്‍ ആക്ടറല്ലാതെ സ്വപ്രയത്നം കൊണ്ടും ഇച്ഛാശക്തികൊണ്ടും മെഗാസ്റ്റാറായി വളര്‍ന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്‍റെ മകന്‍ എന്ന നിലയില്‍ സിനിമയിലേക്ക് എത്തപ്പെട്ട ദുല്‍ഖര്‍ സല്‍മാന് തന്‍റെ പിതാവിനേക്കാള്‍ വേഗത്തില്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നു.
അതേസമയം, ബോണ്‍ ആക്ടറായ മോഹന്‍ലാലിന്‍റെ മകന്‍ എന്ന ലേബലില്‍ ആദ്യം ബാലതാരമായും പിന്നീട് നായകനടനായും എത്തിയ പ്രണവ് മോഹന്‍ലാലിനും ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനുമൊന്നും അവരുടെ പിതാക്കന്മാരുടെ ലെവലിലേക്ക് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.നാളെ ആ സാഹചര്യം മാറിക്കൂടായ്കയില്ല. ഫഹദ് ഫാസില്‍ നടത്തിയതുപോലെ ഒരു മാസ് റീ എന്‍ട്രി ആര്‍ക്കും അന്യമല്ലാത്ത സാഹചര്യത്തില്‍ നാളെ എന്ത് എന്നതാര്‍ക്കും പ്രവചിക്കാന്‍ സാധിക്കുന്ന ഒന്നല്ല.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ നെപ്പോട്ടിസം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടം സംഭവിച്ചു എന്ന് വിലയിരുത്തനാകില്ല. ഇനി ചിന്തിക്കേണ്ടത് നെപ്പോട്ടിസത്തിന്‍റെ ആഫ്റ്റര്‍ എഫക്ടായി മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നഷ്ടമായോ എന്നതാണ്. നെപ്പോട്ടിസത്തിന്‍റെ മധുരം നുണഞ്ഞവര്‍ സ്പൂണ്‍ ഫീഡിംഗിലൂടെ വളര്‍ന്നുവന്ന അതേ കാലഘട്ടത്തില്‍ തന്നെ ചാന്‍സ് ചോദിച്ചും ഓഡിഷന്‍ പരീക്ഷണങ്ങള്‍ താണ്ടിയും വെള്ളിത്തിരയില്‍ വെന്നിക്കൊടി പാറിച്ച അല്ലെങ്കില്‍ പാറിച്ചുകൊണ്ടിരിക്കുന്ന പലരുമുണ്ട്. വിനീത് ശ്രീനിവാസന് മുന്നില്‍ പൊട്ടിയ കാലിലെ പ്ലാസ്റ്ററുമായി ഓഡിഷന് ചെന്ന നിവിന്‍ പോളിയും പൊള്ളാച്ചിയിലെ മാട്ടുചന്തയിലെ സിമന്‍റ് ബെഞ്ചില്‍ കിടന്നുറങ്ങിയിട്ട് പിറ്റേന്ന് രാവിലെ ലാല്‍ജോസിന് മുന്നില്‍ ചെന്ന് ചാന്‍സ് ചോദിച്ച ജോജു ജോര്‍ജ്ജുമൊക്കെ നമുക്ക് ചുറ്റിലുമുണ്ട്. ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പൂര്‍ണ്ണമാകുന്നു.