സായ്പല്ലവിക്കുശേഷം ഊട്ടിയിൽ നിന്നും സിനിമയിലെത്തിയ സുന്ദരിയാണ് വാണിഭോജൻ. മിനിസ്‌ക്രീൻ നയൻതാര എന്നാണ് ഇവരെ തമിഴ് ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ദൈവമകൾ എന്ന സീരിയലിൽ സത്യാ എന്ന കഥാപാത്രത്തിലൂടെ എത്തിയ വാണി ഭോജൻ ഇന്ന് ബിഗ് സ്‌ക്രീനിലും തിരക്കുള്ള താരമാണ്. 'ഓ മൈ കടവുളേ' എന്ന സിനിമയിലൂടെ ആരാധകശ്രദ്ധ നേടിയ വാണി, വിക്രം പ്രഭുവിന്റെ ജോഡിയായി അഭിനയിച്ച 'പായും ഒളി നീ എനക്ക്' എന്ന സിനിമ അടുത്തിടെ റിലീസായിട്ടുണ്ടായിരുന്നു. ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലാ എങ്കിലും വാണി ഭോജൻ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ചെന്നൈയിൽ വെച്ച് വാണി മനസ്സുതുറന്നപ്പോൾ....
തമിഴ് നന്നായി സംസാരിക്കുന്ന നടിമാർക്ക് തമിഴിൽ വേണ്ടത്ര അവസരം കിട്ടില്ലായെന്ന് പറയാറുണ്ട്. അതായത് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ എന്നുപറയുംപോലെ ഇപ്പോഴും ആ അവസ്ഥയുള്ളതായി തോന്നുന്നുണ്ടോ?
വാണി ഭോജൻ: അങ്ങനെയൊന്നുമില്ല. അടുത്തിടെ ഞാനൊരു സിനിമയുടെ കരാർ ഒപ്പിട്ടിരുന്നു. അതിന്റെ സംവിധായകൻ പറഞ്ഞത്, 'നിങ്ങൾക്ക് നന്നായി തമിഴ് അറിയാം, ഭാഷ അറിയാത്തവരോട് ആ സമയത്ത് ഇരുന്ന് പറഞ്ഞുകൊടുക്കാനോ പഠിപ്പിക്കാനോ കഴിയില്ല. അതുകൊണ്ട് നിങ്ങൾ ചെയ്താൽ എനിക്ക് അൽപ്പം ഈസിയായിരിക്കും' എന്നാണ്. എന്നു കരുതി ലാംഗ്വേജ് അറിയാത്തവരെ ഞാൻ തെറ്റുപറയില്ല.
തമിഴ് സിനിമയിൽ അഡ്ജസ്റ്റ്‌മെന്റ് ചെയ്താലേ കൂടുതൽ അവസരങ്ങൾ കിട്ടുകയുള്ളൂ എന്ന അവസ്ഥ ഇപ്പോഴുമുണ്ടോ?
വാണി ഭോജൻ: എനിക്ക് അതിനെക്കുറിച്ച് വിവരമൊന്നുമില്ല. ധാരാളം പടങ്ങൾ ചെയ്യണം എന്ന നിർബന്ധമൊന്നും എനിക്കില്ല. നേരായ മാർഗ്ഗത്തിലൂടെ എനിക്ക് കിട്ടുന്ന നല്ല അവസരങ്ങളെ, നല്ല സിനിമകളെ ഞാൻ തെരഞ്ഞെടുത്ത് ചെയ്യുന്നു അത്രമാത്രം. എന്റെ സേഫ്റ്റ് പ്ലേസ് ഏതാണെന്ന് ചോദിച്ചാൽ, അത് ഷൂട്ടിംഗ് സെറ്റാണെന്നേ ഞാൻ പറയൂ. സത്യത്തിൽ സിനിമയിൽ ഞാൻ സുരക്ഷിതയും സന്തുഷ്ടയുമാണ്. നിങ്ങൾ പറയുന്ന കാര്യമൊക്കെ പണ്ടുകാലത്തോടെ കഴിഞ്ഞു എന്നുതോന്നുന്നു. അതിനുമപ്പുറം ചിലർ, അങ്ങനെ അവസരങ്ങൾ കരസ്ഥമാക്കുന്നുണ്ടാവാം. അതിനെക്കുറിച്ച് എനിക്ക് അറിയില്ല.
ഈ വർഷം അരഡസനിൽപ്പരം സിനിമകൾ ചെയ്യുന്നതായി കേട്ടല്ലോ...?
വാണി ഭോജൻ: മുഴുവൻ സത്യമല്ല. എല്ലാ സിനിമയും ഈ വർഷം കരാർ ചെയ്യപ്പെട്ടവയല്ല. നേരത്തെ അഭിനയിച്ച സിനിമകൾ ഒന്നൊന്നായി റിലീസിന് തയ്യാറെടുക്കുന്നുവെന്നേയുള്ളൂ. വളരെ രസകരമായ ഒരു പടത്തിനായി ഞാൻ സൈൻ ചെയ്തിട്ടുണ്ട്. മറ്റൊരു പടവും എഗ്രിമെന്റ് ചെയ്തിട്ടുണ്ട്. വെറുതെ എണ്ണം കൂട്ടി പറഞ്ഞ് കണ്ണേറ് വാങ്ങിത്തരല്ലേ...
ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ എങ്ങനെ നേരം ചെലവിടും?
വാണിഭോജൻ: ബേസിക്കലി ഞാനൊരു ലേസിയാണ്. ഉഴപ്പാണ്. അതുകൊണ്ട് ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ നേരം വൈകിയേ എഴുന്നേൽക്കുകയുള്ളൂ. പക്ഷേ ആ ശീലം മാറ്റണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ഉണർന്ന് വീട് വൃത്തിയാക്കലും പാത്രം കഴുകലുമൊക്കെയായി പകുതിനേരം പോകും. ഒരു മണിക്കൂർ യോഗ ചെയ്യും. ടി.വി കാണും.
പതിവായി പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ?
വാണി ഭോജൻ: ബീച്ചാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. എലൈറ്റ് ക്ലാസ് ബീച്ചല്ല. മീനിന്റെ മണമുള്ള സാധാരണ ബീച്ച്. അങ്ങനെയുള്ള കടൽക്കരയാണ് എനിക്ക് ഏറ്റവും ഇഷ്ടം.
ഇഷ്ടപ്പെട്ട നടന്മാർ?
വാണി ഭോജൻ: ധാരാളം പേരുണ്ട്., ധനുഷിനെ വളരെയധികം ഇഷ്ടമാണ്. എന്റെ എപ്പോഴത്തേയും All time favorite ധനുഷാണ്.
ചെറുപ്പത്തിൽ ആരെയെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ...?
വാണി ഭോജൻ: അങ്ങനെ വലിയ ക്രഷൊന്നും ആരോടും ഉണ്ടായിട്ടില്ല. നാട്ടിലെ സ്മാർട്ട് പയ്യന്മാരെ കണ്ടാൽ തോന്നുന്ന സാധാരണ ആകർഷണം മാത്രമേ ഉണ്ടായിട്ടുള്ളൂ. പക്ഷേ സ്‌ക്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ സൂര്യയോട് ഒരു ക്രഷുണ്ട്. അത് എങ്ങനെയുണ്ടായി എന്ന് എനിക്കറിയില്ല.
മറക്കാനാവാത്ത പ്രശംസ...?
വാണി ഭോജൻ: എനിക്ക് പഠിപ്പ് ശുദ്ധമായി വരില്ല. എന്നാൽ നന്നായി ഡാൻസ് ചെയ്യും. എന്റെ ഡാൻസിംഗിനെ ഒട്ടനവധി പേർ പ്രശംസിച്ചിട്ടുണ്ട്. ഞാൻ പ്രഭുദേവയ്‌ക്കൊപ്പം ഒരു ഡാൻസ് ചെയ്തു. അദ്ദേഹം എന്നോട് 'നിങ്ങൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട്. എന്തേ സിനിമയിൽ ഡാൻസ് ചെയ്യാത്തത്' എന്ന് ചോദിക്കയുണ്ടായി. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രശംസയാണ്.
ആരെങ്കിലും വാണിയെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയാൽ അതിനെ എങ്ങനെ നേരിടും...?
വാണി ഭോജൻ: ഇപ്പോഴൊന്നല്ല ചെറുപ്പം മുതലേ ഞാൻ ഈ വക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ല. ആരും മറ്റൊരാളുടെ വളർച്ച കണ്ട് സന്തോഷിക്കില്ല എന്നിരിക്കേ ആരോ മുഖം അറിയാത്ത ഒരാൾ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നമ്മളെന്തിന് വിഷമിക്കണം. ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ടുപോകുന്നു. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. നെവർമൈന്റ്.