തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ വെട്രിമാരൻ സംവിധാനം ചെയ്തു നാളെ (മാർച്ച് -31) റിലീസാകാനിരിക്കുന്ന ചിത്രമാണ് 'വിടുതലൈ'. തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ നടനായ സൂരി കഥാനായകനാകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് പുറത്തുവരാനിരിക്കുന്നത്. 'വിടുതലൈ'യുടെ രണ്ടാം ഭാഗത്തിനെ തുടർന്ന് വെട്രിമാരൻ സംവിധാനം ചെയ്യാനിരിക്കുന്നത് സൂര്യ നായകനാകുന്ന 'വാടിവാസൽ' എന്ന ചിത്രമാണ്. ഈ സിനിമയെ തുടർന്ന് വെട്രിമാരൻ തമിഴ് സിനിമയിലെ മുൻനിര നായകന്മാരായ കമൽഹാസൻ അഭിനയിക്കുന്ന ഒരു ചിത്രം, വിജയ് നയകനാകുന്ന ചിത്രം തുടങ്ങിയവയാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ വാർത്തകൾ മുൻപ് നൽകിയിരുന്നു.
എന്നാൽ ഈ ചിത്രങ്ങൾ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങിയുള്ള സാഹചര്യത്തിലാണ് 'വാടിവാസൽ' ചിത്രീകരണം കഴിഞ്ഞതും വെട്രിമാരൻ വിജയ്-യുമായുള്ള ചിത്രമാണ് സംവിധാനം ചെയ്യാനിരിക്കുന്നത് എന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് വെട്രിമാരന്റെ ഒപ്പം പ്രധാന സഹസംവിധായകനായി പ്രവർത്തിക്കുന്ന തമിഴ് ആണ്. വിക്രംപ്രഭു, അഞ്ജലി നായർ, ലാൽ തുടങ്ങിയവർ അഭിനയിച്ചു പ്രേക്ഷക പ്രശംസ നേടിയ 'ടാണാകാരൻ' എന്ന ചിത്രത്തിന്റെ സംവിധായകനും കൂടിയായ തമിഴ് ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. വെട്രിമാരൻ, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങാനിരിക്കുന്ന ചിത്രത്തിന്റെ കഥ സംബന്ധമായ ചർച്ചകൾ വിജയുമായി നടന്നു എന്നും ആ കഥയിൽ അഭിനയിക്കാൻ വിജയ് 'ഒകെ' പറയുകയും ചെയ്തു എന്നുമാണ് തമിഴ് പറഞ്ഞിരിക്കുന്നത്. വിജയ്, വെട്രിമാരൻ കൂട്ടികെട്ടിലൊരുങ്ങാനിരിക്കുന്ന ഈ ചിത്രം കുറിച്ച് തമിഴ് പറഞ്ഞിരിക്കുന്ന ഈ വാർത്തകൾ കോളിവുഡിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
'പൊല്ലാത്തവൻ', 'ആടുകളം', 'വിചാരനൈ', 'വട ചെന്നൈ', 'അസുരൻ' തുടങ്ങി വെട്രിമാരൻ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വ്യത്യസ്ത കഥാപശ്ചാത്തലത്തിൽ ഒരുങ്ങി പ്രേക്ഷക പ്രശംസ നേടി സൂപ്പർഹിറ്റായ ചിത്രങ്ങളാണ്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ പ്രശസ്ത നോവലെ അടിസ്ഥാനമാക്കിയതോ ആയിരിക്കും. വിജയ്‌യിനെ നായകനാക്കി ചെയ്യുന്ന ചിത്രവും ഒരു യഥാർത്ഥ സംഭവത്തിനെ അടിസ്ഥാനമാക്കിയുള്ളതാണത്രേ!