പഴയകാല സിനിമാപ്പാട്ടുകള്‍ ഇന്നും പത്തരമാറ്റു പോലെ തിളങ്ങിനില്‍ക്കുന്നു. പുതിയ സിനിമാപ്പാട്ടുകളാകട്ടെ, നിലനില്‍ക്കുന്നില്ല. കാലഘട്ടത്തിന്‍റെ മാറ്റം കൊണ്ട് സംഭവിച്ചതാണത്. പണ്ടത്തെപ്പോലെയുള്ള നല്ല പാട്ടുകള്‍ ഇന്ന് ചെയ്യണമെങ്കില്‍ അതൊരു വലിയ കടമ്പതന്നെയാണ്.
പഴയകാലത്തെ സിനിമാപ്പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആള്‍ക്കാര്‍ക്ക് താല്‍പ്പര്യമാണ്. ഇന്ന്, യൂ ട്യൂബില്‍ നിന്നായാലും അല്ലെങ്കിലും പുതിയ പാട്ട് കേട്ടുതുടങ്ങുമ്പോള്‍ തന്നെ വിരസതയാണ് തോന്നുന്നതെങ്കില്‍ കൈവിരല്‍ ഒന്നമര്‍ത്തിയാല്‍ മതി. പാട്ടും പോകും... വിരസതയും പോകും.
സംഗീതശാഖയുടെ കാര്യത്തില്‍ കാലം വരുത്തിയ മാറ്റങ്ങളാണിതൊക്കെയെന്ന് പ്രശസ്ത സംഗീതസംവിധായകന്‍ സ്റ്റില്‍ജു അര്‍ജ്ജുന്‍ പറയുകയുണ്ടായി.
തൊടുപുഴയിലെ വിസ്മയ് ഫിലിംസിറ്റി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന 'എപ്പോഴും' എന്ന സിനിമയുടെ ഒരു ഗാനത്തിന്‍റെ റെക്കോര്‍ഡിംഗ് നടക്കുന്ന വേളയിലാണ് സ്റ്റില്‍ജുവുമായി സംസാരിക്കാനിടയായത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ ഒരു ഗാനം പുതിയ ഗായകരായ ശിവാനി ജിജിത് നായരും ശ്രീജാ തുളസീധരനും പാടുന്നുണ്ടായിരുന്നു.

മലയാളത്തില്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും കുറെ സിനിമകള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള സ്റ്റില്‍ജുവിന്‍റെ ഏറ്റവും പുതിയ സിനിമയാണ് എപ്പോഴും. വാമനപുരി, നിയോഗം, ഹോളി ഫാദര്‍, ദയാഭാരതി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള സ്റ്റില്‍ജു ജനിച്ചതും വളര്‍ന്നതും തൊടുപുഴയിലാണ്. അതുകൊണ്ടുതന്നെ ഇടുക്കി ജില്ലയുടെ പ്രഥമ മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് താനെന്ന് അവകാശപ്പെട്ടു.
മദ്രാസ് മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ സ്റ്റില്‍ജു പത്തുവയസ്സുള്ളപ്പോള്‍ ഗുരു ചെമ്പൈയുടെ ശിഷ്യനായ വെണ്‍മണി ശിവറാമിന്‍റെ കീഴില്‍ സംഗീതപഠനം ആരംഭിച്ചിരുന്നു. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കൈതപ്രം വിശ്വനാഥന്‍ എന്നിവരോടൊപ്പം സംഗീതത്തില്‍ ഉപരിപഠനം നടത്തിയിരുന്നു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ദേവഗീതങ്ങള്‍' എന്നൊരു സംഗീത ആല്‍ബത്തിനുവേണ്ടി ഈണം നല്‍കിക്കൊണ്ട് തുടക്കമിട്ട സ്റ്റില്‍ജു പിന്നീട് നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.