തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്നലെ ചെന്നൈയിൽ നടന്നു. ഈ യോഗത്തിൽ എല്ലാ നിർമ്മാതാക്കളും പങ്കെടുത്തു. പ്രത്യേകിച്ച്, നടന്മാരായ രാധാരവി, എസ്.വി.ശേഖർ, സെന്തിൽ, ദേവയാനി എന്നിവരുൾപ്പെടെ 150-ലധികം അഗങ്ങൾ പങ്കെടുത്തു. ഈ യോഗത്തിൽ 23 പ്രമേയങ്ങൾ പാസാക്കി. ഇതിൽ പ്രധാനമായി രജനികാന്ത്, കമൽഹാസൻ, അജിത്ത്, ശിവകാർത്തികേയൻ, സൂര്യ തുടങ്ങിയ മുൻനിര നടന്മാർ വാണിജ്യാടിസ്ഥാനത്തിൽ മാത്രമേ ശമ്പളം വാങ്ങുവാൻ പാടുകയുള്ളൂ എന്നും, വെബ് സീരീസുകളിൽ അഭിനയിക്കുന്ന അഭിനേതാക്കൾക്ക് ഒരു സഹകരണവും നൽകില്ലെന്നും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.
ഈ യോഗത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ പ്രമുഖ നടന്മാർ വാണിജ്യ പങ്കാളിത്ത അടിസ്ഥാനത്തിൽ അഭിനയിക്കണമെന്നുള്ള തീരുമാനവും എടുത്തിട്ടുണ്ട്. കാരണം, അവർക്ക് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ, ഇനി സിനിമയുടെ വിജയ- പരാജയങ്ങളിലും, ലാഭ -നഷ്ടത്തിലും പങ്കാളിത്ത അടിസ്ഥാനത്തിൽ മാത്രമേ അഭിനയിക്കാവൂ എന്നുള്ളതാണ് തീരുമാനം.
ചില അഭിനേതാക്കൾ സിനിമകളിൽ അഭിനയിച്ചുകൊണ്ടു തന്നെ OTT വെബ് സീരീസുകളിലും അഭിനയിക്കുന്നതിനാൽ നിർമ്മാതാക്കൾക്ക് താരങ്ങൾ നൽകുന്ന കോൾഷീറ്റിൽ പ്രശ്നങ്ങൾ നേരിടാറുണ്ട്. അതുകൊണ്ടാണ് മേൽപ്പറഞ്ഞ നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നും ആ പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയുള്ള പ്രമേയങ്ങൾ പാസാക്കിയതിനെ തുടർന്ന് താരങ്ങളുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അത് അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം!