രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച തമിഴ് സിനിമയാണ് 'വാടിവാസൽ'. സൂര്യ നായകനാകുന്ന ഈ ചിത്രം വെട്രിമാരൻ സംവിധാനം ചെയ്യുന്നതായും, തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ 'കലൈപുലി' എസ്.ധാണു നിർമ്മിക്കുകയും ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്ന ഈ ചിത്രത്തിന് വേണ്ടി സൂര്യ കാളയെ അടക്കുന്ന ജല്ലിക്കെട്ട് കലയിൽ പരിശീലനം നേടുകയും ചെയ്തിരുന്നു. അതുപോലെ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടും നടത്തിയിരുന്നു. തമിഴ്നാട്ടിലെ പ്രശസ്ത എഴുത്തുകാരനായ ചെല്ലപ്പ എഴുതിയ 'വാടിവാസൽ' എന്ന നോവലിനെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുങ്ങാനിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം വെട്രിമാരൻ ഈ ചിത്രത്തിന്റെ ജോലികൾ നിർത്തിവെച്ച് 'വിടുതലൈ' എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ചെയ്തത്. 'വിടുതലൈ' ഒന്നാം ഭാഗം പുറത്തുവന്നു വമ്പൻ വിജയമായതിനെ തുടർന്ന്, അതിന്റെ രണ്ടാം ഭാഗവും ഒരുങ്ങി അത് ഈ മാസം 20-ന് റിലീസാകാനിരിക്കുകയാണ്. ഇതിനെ തുർന്ന് വെട്രിമാരൻ ഇപ്പോൾ 'വാടിവാസൽ' ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. അതനുസരിച്ച് വരാനിരിക്കുന്ന പൊങ്കൽ വിശേഷത്തിനോടനുബന്ധിച്ച്, അതായത് മാട്ടുപ്പൊങ്കൽ ദിനത്തിൽ ചിത്രം കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് നൽകാനിരിക്കുകയാണെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. മാർച്ച് മാസം ചിത്രീകരണം തുടങ്ങാനാണത്രെ വെട്രിമാരൻ തീരുമാനിച്ചിരിക്കുന്നത്. വെട്രിമാരൻ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വലിയ ഒരു ബഡ്ജറ്റിൽ ഒരുങ്ങുന്ന വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇത് എന്നും, സൂര്യയുടെ സിനിമാ കേരിയറിലും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നുണ്ട്. ചിത്രത്തിൽ അഭിനയിക്കാനുള്ള മറ്റുള്ള താരങ്ങളെ, സാങ്കേതിക പ്രവർത്തകരെ തിരഞ്ഞെടുക്കുന്ന ജോലികലും തുടങ്ങി എന്നും റിപ്പോട്ടുണ്ട്. സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന ഇനിയും ഔദ്യോഗികമായി പേരിടാത്ത ചിത്രമാണ്. ഈ ചിത്രത്തിന് ശേഷം ഇപ്പോൾ ആർ.ജെ.ബാലാജി സംവിധാനം ചെയ്തുവരുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് സൂര്യയുടെ 45-മത്തെ ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങൾക്ക് ശേഷം 'വാടിവാസൽ' പുറത്തുവരും എന്നാണു പറയപ്പെടുന്നത്.