വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ലിയോ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കാഷ്‌മീരിൽ തകൃതിയായി നടന്നു വരികയാണ്. ഇതിനായി ഒരു പ്രത്യേക വിമാനത്തിലാണ് 'ലിയോ' ടീം കാഷ്മീരിലേക്ക് യാത്രയായത്. ഇത് സംബന്ധമായ വീഡിയോ മാധ്യമങ്ങളിൽ പുറത്തുവന്നു വൈറലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെക്കുറിച്ച് ഒരു അഭ്യൂഹം വലിയ വാര്‍ത്തയായിരിക്കുന്നത്. അതായത് ചിത്രത്തിലെ നായികയായ തൃഷയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നതാണ് ആ വാർത്ത. ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുകയാണ് ഈ വാർത്ത. കാഷ്‌മീരിൽ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കവേ, തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്നുള്ള ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത പരന്നത്.
എന്നാൽ ഇപ്പോൾ അതിന്റെ വിശദീകരണവുമായി തൃഷയുടെ അമ്മ ഉമാ കൃഷ്‌ണൻ തന്നെ രംഗത്ത് വന്നു കിംവദന്തികൾ തള്ളിക്കളയുകയും, തൃഷ ഇപ്പോഴും കാഷ്‌മീരിൽ 'ലിയോ'യുടെ ചിത്രീകരണത്തിൽ പങ്കെടുത്തു വരികയാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 'ലിയോ'യിൽ തൃഷ തന്നെയാണ് കഥാനായകിയായി അഭിനയിക്കുന്നത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്.
കാഷ്‌മീരിൽ ഇപ്പോൾ സഹിക്കാൻ പറ്റാത്ത തരത്തിൽ ഭയങ്കര തണുപ്പാണത്രെ! അതിനാൽ തൃഷയ്ക്ക് അസുഖം ബാധിച്ചെന്നും, അതുകൊണ്ടാണ് തൃഷയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത് എന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
2008-ൽ പുറത്തുവന്ന 'കുരുവി' എന്ന ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തൃഷ വിജയ്ക്കൊപ്പം വീണ്ടും അഭിനയിക്കുന്നത്.