തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി. അതുപോലെ തമിഴിൽ 'ചിത്താ' എന്ന ചിത്രം മുഖേനയാണ് നിമിഷ സജയൻ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് ശേഷം കാർത്തിക് സുബുരാജ് സംവിധാനം ചെയ്ത 'ജിഗർത്തണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ രണ്ടു രണ്ടു തമിഴ് സിനിമകളും വിജയിക്കുകയും ചെയ്തു. ഈ ചിത്രങ്ങളെ തുടർന്ന് താരത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന തമിഴ് ചിത്രം അരുൺവിജയ് നായകനാകുന്ന 'മിഷൻ' ആണ്. എ.എൽ. വിജയ് സംവിധാനം ചെയ്തു വരുന്ന ഈ ചിത്രം അടുത്തുതന്നെ റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് നിമിഷ സജയന് മറ്റൊരു തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. ‘എന്ന വിലൈ’ എന്നാണ് ചിത്രത്തിന്റെ പേര്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന വിലൈ. ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണത്രെ 'എന്ന വിലൈ'. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്നു. വൈ.ജി. മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ടി, ജെ.എസ്.കവി, മോഹൻ റാം, നിഴൽകൾ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളിയായ ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ്സാണ്. എഡിറ്റിങ്ങ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗും ആണ്.പ്രശസ്തരായ മലയാളി സാങ്കേതിക പ്രവർത്തകർ കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.