NEWS

നിർമ്മാല്യം ഓർമ്മപ്പെടുത്തുന്നത്

News

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രവും അവിടുത്തെ പ്രധാന ചുമതലക്കാരനായ വെളിച്ചപ്പാടിന്റെ പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥയാണ് നിർമ്മാല്യം.

സാഹിത്യം സിനിമയുമായി കൈകോർത്തുനടന്ന അറുപത്-എഴുപത് കാലഘട്ടം മലയാളത്തിന് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു. അയഥാർത്ഥ്യങ്ങൾക്കപ്പുറം ജീവിതത്തോട് ചേർന്നുനിൽക്കുന്ന സാഹിത്യദൃശ്യാവിഷ്‌ക്കാരങ്ങൾ മലയാളിയുടെ ആത്മസംഘർഷങ്ങളുടെ നേർരേഖ കൂടിയായിരുന്നു. അവിടെ കഥയെന്നോ, നോവലെന്നോ, നാടകമെന്നോ യാതൊരു രചനാഭേദവുമില്ല. എല്ലാം ഏകമാനമായ അല്ലെങ്കിൽ ബഹുമാന ജീവിതത്തെ വ്യത്യസ്ത അനുപാതത്തിലൂടെ അനുവാചക മനസ്സിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു. സാഹിത്യമെന്നപോലെ സിനിമയെന്ന കലാരൂപവും സാക്ഷാത്ക്കരിക്കുന്നത് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ തന്നെയാണ്. സാഹിത്യത്തിൽ നിന്ന് വേറിട്ട് സിനിമയ്ക്ക് ഏതൊരു കലാരൂപവും പോലെ പ്രത്യേകവും സ്വതന്ത്രവുമായ ഒരു ജീവിതനിർവ്വചനാശൈലിയുണ്ട്. അങ്ങനെ സാഹിത്യകാരനെ ചലചിത്രകാരനും ചലച്ചിത്രകാരനെ സാഹിത്യകാരനും പരസ്പരം മത്സരിക്കാത്തവിധം ആധിപത്യം ചെലുത്താതെ രണ്ടു വ്യക്തിത്വത്തെയും തുല്യ അകലത്തിൽ നിർത്തി സ്വതന്ത്രമായി എം.ടി. വാസുദേവൻ നായർ സൃഷ്ടിച്ച സിനിമയാണ് നിർമ്മാല്യം. അദ്ദേഹത്തിന്റെ പ്രശസ്തമായ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന കഥയെ നിർമ്മാല്യം എന്ന ദൃശ്യജീവിത നിർവ്വചനത്തിലേയ്ക്ക് പാകപ്പെടുത്തിയെടുത്തപ്പോൾ അത് പല പ്രത്യേകതകളും ഒത്തുചേർന്ന ചിത്രമായിമാറി. സാഹിത്യകാരനും തിരക്കഥാകാരനുമായ എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമെന്നതിലുപരി അതിതീവ്രാനുഭവ സംഘർഷങ്ങളിൽ നിന്ന് സ്ഫുടം ചെയ്‌തെടുത്ത ചിന്തയ്ക്കതീതമായ സാമൂഹിക രോഷത്തിന്റെ പ്രതിനിധിയായി, വെളിച്ചപ്പാടായി പി.ജെ. ആന്റണി പകർന്നാട്ടം നടത്തി ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ സിനിമ കൂടിയായിരുന്നു നിർമ്മാല്യം. കൂടാതെ 1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരവും നിർമ്മാല്യം നേടിയെടുത്തു. സുകുമാരന്റെയും സുമിത്രയുടെയും ആദ്യചിത്രവും രവിമേനോന്റെ രണ്ടാമത്തെ(അദ്ദേഹം ആദ്യം അഭിനയിച്ചത് ഹിന്ദി ചിത്രത്തിലായിരുന്നു) ചിത്രവുമായിരുന്നു അത്. നിർമ്മാല്യം റിലീസ് ചെയ്തിട്ട് ഈ വർഷം അമ്പതാണ് തികയുന്നു.

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രവും അവിടുത്തെ പ്രധാന ചുമതലക്കാരനായ വെളിച്ചപ്പാടിന്റെ പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥയാണ് നിർമ്മാല്യം. ഭാര്യ നാരായണി, മകൻ അപ്പു, മകൾ അമ്മിണി എന്നിവരടങ്ങുന്നതാണ് കുടുംബം. അപ്പു നല്ല വിദ്യാഭ്യാസം നേടിയിട്ടും യാതൊരു ജോലിയും ലഭ്യമായില്ല. ക്ഷേത്രകാര്യങ്ങളിൽ ഒരു താൽപ്പര്യവുമില്ലാത്ത അയാൾ ഒരിക്കൽ നിവൃത്തികേടുകൊണ്ട് പള്ളിവാൾ മോഷ്ടിക്കുകയും വീട്ടിൽ നിന്ന് പുറത്താകുകയും ചെയ്യുന്നു. അമ്മിണി ക്ഷേത്രത്തിൽ പുതുതായെത്തിയ പൂജാരിയുമായി അടുപ്പത്തിലാവുകയും അവളെ തന്ത്രപൂർവ്വം വിധേയമാക്കിയശഷം അയാൾ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്യുന്നു. ഇതിനകം നാട്ടിൽ വസൂരിരോഗം പരക്കുകയും അത് ദേശദേവതയുടെ കോപമാണെന്നറിഞ്ഞ് ജനങ്ങൾ വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രപുനരുദ്ധാരണ ശ്രമങ്ങൾ നടത്തുന്നു. അതിന് ആവശ്യമായ പണത്തിനുവേണ്ടി ദേശം മുഴുവൻ അലഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ വെളിച്ചപ്പാട് കാണുന്നത് തന്റെ കിടപ്പറയിൽ നിന്ന് പണം പലിശയ്ക്ക് കൊടുത്തയാൾ ഇറങ്ങിപ്പോകുന്നതാണ്. ഭാര്യ സ്വന്തം ശരീരം അയാൾക്ക് വിറ്റു എന്ന് മനസ്സിലാക്കിയ വെളിച്ചപ്പാട് തന്റെ വാളെടുത്ത് ക്ഷേത്രത്തിലെത്തുകയും ദേവിവിഗ്രഹത്തിനരികിൽ ഉറഞ്ഞുതുള്ളി ആത്മരോഷത്തോടെ നെറ്റിയിൽ പലതവണ ആഞ്ഞുവെട്ടുകയും ഒഴുകിയിറങ്ങിയ രക്തം വിഗ്രഹത്തിലേയ്ക്ക് തുപ്പി പ്രതിഷേധിക്കുകയും തുടർന്ന് മരിക്കുന്നതുമാണ് നിർമ്മാല്യത്തിന്റെ കഥ.

ജനാധിപത്യമൂല്യങ്ങൾ നഷ്ടപ്പെടാത്ത, മതം രാഷ്ട്രീയത്തെ ദംശിക്കാത്ത ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കലയെ വിശുദ്ധമായി സംരക്ഷിച്ചിരുന്ന സുവർണ്ണകാലത്ത് നിർമ്മാല്യം സംവിധാനം ചെയ്യാൻ എം.ടിക്ക് കഴിഞ്ഞതാണ് മലയാള സിനിമയുടെ മഹാഭാഗ്യം. ഇന്ന് നിർമ്മാല്യം പോലൊരു സിനിമ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. നിർമ്മാല്യത്തിന് അമ്പത് വയസ്സ് ആകുമ്പോൾ നമ്മൾ രോമാഞ്ചത്തോടെ ഓർക്കേണ്ടത് ആ ചിത്രം മലയാളത്തിന് നൽകിയ അഭിമാനവും അതോടൊപ്പം ഇങ്ങനൊരു വിഷയം യാതൊരു തടസ്സവും കൂടാതെ ദൃശ്യവൽക്കരിക്കാൻ കാലം അനുവദിച്ചുനൽകിയ സർവ്വാദരണീയമായ അനുമതിയെയുമാണ്. കാലം പുരോഗമിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സാംസ്‌ക്കാരികമായി കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെടുന്നത് ആരുമറിയുന്നില്ല.


Feactures