NEWS

മലയാള സിനിമയില്‍ സംവിധാനരംഗത്ത് തിളങ്ങി -നിഥിന്‍ രണ്‍ജിപണിക്കര്‍

News

കുഞ്ഞുന്നാളുതൊട്ട് അച്ഛന്‍ വഴി, സിനിമയോട് ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അച്ഛന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ സംവിധായകന്‍ ആകണം എന്ന മോഹം ചെറുപ്പം തൊട്ടേ രക്തത്തിലുണ്ടായിരുന്നു. സിനിമയുടെ തുടക്കം അച്ഛന്  ദക്ഷിണ വെച്ചുകൊണ്ടായിരുന്നു. ഭരത്ചന്ദ്രന്‍ ഐ.പി.എസ്, രൗദ്രം എന്നീ സിനിമകളില്‍ അച്ഛന്‍റെ സംവിധാനസഹായികളില്‍ ഒരാളായി ഞാനും കൂടി. അച്ഛനിലെ സംവിധാനമികവും, നേതൃത്വവും ഞാന്‍ ഒരു പാഠപുസ്തകം എന്നോണം കണ്ടുപഠിച്ചിട്ടുണ്ട്. ലേലം, പത്രം എന്നിവയാണ് അദ്ദേഹത്തിന്‍റെ സിനിമകളില്‍ എന്‍റെ പ്രിയപ്പെട്ടവ.

സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തിരികെ ത്തന്നെ ഒരു ഉപദേശം 'സ്വന്തമായി എഴുതാന്‍ പറ്റുമെങ്കില്‍ മാത്രമേ സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങാവൂ..' എന്നതായിരുന്നു. ഷാജികൈലാസ് സിനിമകളിലും പിന്നീട് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ആത്മവിശ്വാസം വന്നു. അങ്ങനെയാണ് ആദ്യസിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തുപണികള്‍ തുടങ്ങിയത്. 

നിര്‍ഭാഗ്യവശാല്‍, മനസ്സില്‍ ആഗ്രഹിച്ച ആദ്യസിനിമ, പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. പക്ഷേ, പിന്‍വാങ്ങാന്‍ മനസ്സ് സമ്മതിച്ചില്ല. രണ്ടാമത് ഒരു സ്ക്രിപ്റ്റിന് വേണ്ടിയുള്ള എഴുത്തുതുടങ്ങി. അതാണ് 'കസബ.' ആദ്യസിനിമ, ഒന്ന് തുടങ്ങി വയ്ക്കാന്‍ തന്നെ എനിക്ക് മൂന്നുവര്‍ഷം വേണ്ടി വന്നു. സിനിമയില്‍ കഴിവ് തെളിയിച്ച ഒരച്ഛന്‍റെ മകന്‍ ആയിട്ടുപോലും ഞാന്‍ ഏതൊരു പുതുമുഖ സംവിധായകനെയും പോലെ നന്നായി കഷ്ടപ്പെടേണ്ടി വന്നു.

'രണ്‍ജി പണിക്കരുടെ മകന്‍' എന്ന വിശേഷണം കൊണ്ട് ഒരു ആര്‍ട്ടിസ്റ്റിനോട് കഥ പറയാനുള്ള അവസരം, അല്ലെങ്കില്‍ അവരെ സന്ദര്‍ശിക്കാന്‍ ഒരു ദിവസം ലഭിക്കും എന്നതിലുപരി, മറ്റൊന്നും എന്നെ സഹായിച്ചിട്ടില്ല. ഏതൊരു വ്യക്തിയുടെയും ലേബലോ, സ്വാധീനമോ സിനിമയുടെ ഗേറ്റ് അറ്റംവരെ മാത്രമാണ് സഹായകം ആവുക. അതിനപ്പുറം സിനിമ സംഭവിക്കുന്നത്, പക്ഷാഭേദങ്ങളില്ലാതെ ഒരു സംവിധായകന്‍റെ കഴിവിന്‍റെയും പ്രയത്നത്തിന്‍റെയും, സമയത്തിന്‍റെയും ഫലം ആണ്. 


LATEST VIDEOS

Interviews