പവർ പാണ്ടി', 'രായൻ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ധനുഷ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന സിനിമകൾ 'നിലവുക്ക് എൻ മേൽ എന്നടി കോപം', 'ഇഡലി കട' എന്നിവയാണ്. ഇതിൽ 'നിലവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രം അടുത്ത് തന്നെ റിലീസാകും എന്നാണ് റിപ്പോർട്ട്. 'ഇഡലി കട'യുടെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതും ധനുഷ് തന്നെയാണ്. എന്നാൽ നായികയായി അഭിനയിക്കുന്നത് ആരാണ് എന്നുള്ള വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ആ വിവരം പുറത്തുവന്നിരിക്കുകയാണ്. 'തിരുച്ചിട്രമ്പലം' എന്ന ചിത്രത്തിൽ ധനുഷിനൊപ്പം നായികയായി അഭിനയിച്ച്, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയ നിത്യ മേനോൻ തന്നെയാണ് ഈ ചിത്രത്തിലും നായികയാകുന്നത്. ഇത് സംബന്ധമായുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നലെയാണ് പുറത്തുവന്നത്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അരുൺ വിജയ്‍യും ഒരു പ്രധാന കഥപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം രാജ്കിരൺ, സത്യരാജ്, ശാലിനി പാണ്ഡെ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ്നാട്ടിലെ തേനിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന് ജി.വി.പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്. ധനുഷ് സംവിധാനം ചെയ്തു ഈയിടെ റിലീസായി വമ്പൻ വിജയമായ 'രായൻ' എന്ന ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്തു വരുന്ന ഈ ചിത്രം കോളിവുഡിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്!