'പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് കമൽഹാസൻ നായകനാകുന്ന 'തഗ് ലൈഫ്'. നായകൻ എന്ന ചിത്രത്തിന് ശേഷം ഏകദേശം 35 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. തൃഷയാണ് ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ ദുൽഖർ സൽമാനും, 'ജയം' രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്ന് പിന്മാറുകയും ഇപ്പോൾ ആ കഥാപാത്രത്തിൽ അഭിനയിക്കാൻ സിമ്പു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അതുപോലെ ഈ ചിത്രത്തിൽ നിന്ന് കാൾ ഷീറ്റ് പ്രശ്‍നം കാരണമായി 'ജയം' രവിയും പിന്മാറിയതായി മറ്റൊരു വിവരം പുറത്ത് വന്നിരുന്നു. മണിരത്‌നത്തിൻ്റെ സംവിധാനത്തിൽ അഭിനയിച്ച് ഏറെ പ്രശസ്തരായവരാണ് ഇരുവരും. ഇപ്പോഴിതാ 'ജയം' രവിയുടെ വേഷം അവതരിപ്പിക്കുന്നത് നിവിൻ പോളിയാണെന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത 'ചെക്ക ചിവന്ത വാനം' എന്ന സിനിമയിൽ സിമ്പു ഇതിനോടകം അഭിനയിച്ചിട്ടുള്ളതിനാലും ഇപ്പോൾ കമൽഹാസൻ നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നതിനാലും സിമ്പു 'തഗ് ലൈഫി'ന് അനുയോജ്യമായി കാൾഷീറ്റ് നൽകിയിരിക്കുകയാണത്രെ! എന്നാൽ നിവിൻ പോളി ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം സംബന്ധമായി ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.