NEWS

ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല- പക്ഷേ 'തല' പോലെ വരുമാ...

News

 

പുടിച്ചത് സെയ്യറുത് എന്നേക്കുമേ മാസ് എന്ന വരിയുടെ അര്‍ത്ഥമെന്താണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം അജിത്കുമാര്‍. സൂഫി കവിയായ റൂമി എഴുതിയതുപോലെ 'നിങ്ങള്‍ തേടുന്നതെന്താണോ, അത് നിങ്ങളെയും തേടുന്നുവെന്ന വരികള്‍ പോലെയാണ് എ.കെയുടെ ജീവിതം. അങ്ങനെയാണ് തമിഴ് മക്കള്‍ അജിത്തിനെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത്. ആ സ്നേഹവാഴ്ത്ത് കേട്ടുകേട്ട് ഒടുവില്‍ അജിത്ത് ഒരു പ്രസ്താവനയിറക്കി. എന്‍റെ പേര് അജിത്കുമാര്‍ എന്നാണ്. ഒന്നുകില്‍ അങ്ങനെ വിളിക്കൂ അല്ലെങ്കില്‍ എ.കെ. എന്ന് വിളിക്കൂ. പക്ഷേ പഠിച്ചതല്ലേ മക്കള്‍ പാടൂ. തോല്‍വിയേയും വിജയത്തേയും കുറിച്ചോര്‍ത്ത് ആധി പിടിക്കാത്ത എ.കെയെ നോക്കി വീണ്ടും ഒരു സമൂഹം പാടി 'കടവുളെ അജിത്തേ' എന്ന്. അതും അരുതെന്ന് ആവര്‍ത്തിച്ച അജിത്തിനെ നോക്കി ഫാന്‍സ് പുതിയൊരു പേര് വിളിച്ചു.
'ഓറ എ.കെ'

മെക്കാനിക്കില്‍ നിന്ന് അഭിനയലോകത്തേയ്ക്ക്. അവിടെ നിന്ന് വീണ്ടും പിടിച്ചെഴുന്നേറ്റു വീണ്ടും മുന്നോട്ട്. ഇപ്പോഴിതാ 53-ാം വയസ്സില്‍ രാജ്യത്തിനുതന്നെ അഭിമാനമായി തന്‍റെ എക്കാലത്തേയും സ്വപ്നപദ്ധതിയായ കാര്‍ റേസിംഗ് ടീമുമായി തലയുയര്‍ത്തി നില്‍ക്കുന്നു.

ദുബായ് 24 എച്ച് കാറോട്ട മത്സരത്തിലാണ് നടന്‍ അജിത്ത് കുമാറിന്‍റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വാര്‍ത്ത താരത്തിന്‍റെ ആരാധകര്‍ മാത്രമല്ല സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തുകഴിഞ്ഞു. ദുബായ് ഓട്ടോഡ്രോമില്‍ നടന്ന കാര്‍ റേസിംഗ് കാണാനെത്തിയതും നിരവധിപ്പേരാണ്. 2024 സെപ്തംബറിലാണ് താരം 'അജിത്കുമാര്‍ റേസിംഗ്' എന്ന റേസിംഗ് ടീം സ്ഥാപിച്ചത്. ടീമില്‍ അജിത്തിന് കൂട്ടായി മാത്യു ഡെട്രി, ഫാബിയാന്‍ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരുമുണ്ടായിരുന്നു.

വച്ചുനീട്ടുന്ന സ്നേഹത്തെയാകെ ചേര്‍ത്തുപിടിച്ചാണ് ഈ മനുഷ്യന്‍ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പായുന്നത്. മള്‍ട്ടി ടാസ്ക്കിംഗ് ഇഷ്ടമല്ലാത്ത, പോകുന്നവഴിയില്‍ ആരവവുമായി കൂടെ കൂടുന്നവരോട് ചിരിച്ചുകൊണ്ട് സമയം പാഴാക്കാതെ ഇഷ്ടപ്പെട്ടത് ചെയ്ത് മുന്നേറുകയെന്ന് ആവര്‍ത്തിക്കുന്ന എ.കെ. ഒരാവേശമാണ്. പരാജയപ്പെടാനുള്ള സാധ്യതകള്‍ ഇതൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരെ നോക്കി ചിരിച്ചുകൊണ്ടാണ് തന്‍റെ 53-ാം വയസ്സിലും ആ മനുഷ്യന്‍ പറഞ്ഞത് 'എന്നം പോള്‍ വാഴ്കൈ' എന്നാണ്.  പ്രായം കുറെയായി, ഇതൊക്കെ എനിക്ക് പറ്റുമോ എന്ന് ചിന്തിക്കുന്ന മനുഷ്യര്‍പോലും എ.കെ. വിജയത്തിന്‍റെ ചിരി പങ്കിട്ടെടുത്തിരിക്കുന്നു.

സ്വന്തമായി ഫാന്‍സ് അസോസിയേഷനുകളില്ല, സോഷ്യല്‍മീഡിയയില്‍ സജീവമേയല്ല. അവാര്‍ഡ് ഫംഗ്ഷനുകളിലോ, സിനിമയുടെ പ്രമോഷന്‍ പരിപാടിക്കോ, എത്തുന്ന ശീലവുമില്ല. പക്ഷേ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിലും തല എന്ന പേരിനപ്പുറം വേദിയെ ഇളക്കിമറിക്കുന്ന സാധ്യതകള്‍ വളരെ കുറവാണെന്ന് അറിഞ്ഞിട്ടും എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. അജിത്ത് പണ്ടെപ്പോഴോ പറഞ്ഞതുപോലെ പോയ ജന്മത്തില്‍ ചെയ്ത പുണ്യമാണ് ഈ സ്നേഹം. അണ്‍കണ്ടീഷണല്‍ ലൗ. അതാണ് താരത്തോട് ആരാധകര്‍ക്കുള്ളത്. തിരിച്ചും അതങ്ങനെതന്നെ. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍റെ ആരാധകരെ നോക്കൂവെന്ന് എ.കെ. ധൈര്യത്തോടെ പറയുന്നതും അതുകൊണ്ടാണ്.

അജിത്ത് നേടിയെടുത്ത വിജയത്തിന് പിന്നില്‍ എത്രയോ തവണ വീണുപോയതിന്‍റെ നീറ്റലുകളും വിട്ടുകൊടുക്കാന്‍ മടിയുള്ള മനുഷ്യന്‍റെ വാശിയുടെ തലോടലുമുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സ്വഭാവമാണ് എ.കെയുടേത്. 2010 ല്‍ കരുണാനിധി വേദിയിലിരിക്കെ, രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ അഭിനേതാക്കളെ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞത് അദ്ദേഹത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എങ്കിലും അജിത്തിനെ നെഞ്ചോട് ചേര്‍ക്കുന്ന ഓരോരുത്തര്‍ക്കും പറയാനുള്ളത്.... പ്രിയപ്പെട്ട എ.കെ. വീ ലൗ യു അണ്‍കണ്ടീഷണലി എന്നാണ്. അതിന്‍റെ കാരണം തേടിയിറങ്ങിയാല്‍ വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള അജിത്തിന്‍റെ ജീവിതകഥകള്‍ കൂടുതല്‍ അറിയേണ്ടി വരും.

ഓരോ സിനിമയുടെയും ഷൂട്ടിംഗ് തീര്‍ത്ത് ട്രിപ്പ് പ്ലാന്‍ ചെയ്യുന്ന താരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് അജിത്തിന്‍റെ രീതികള്‍. ഏത് സാഹസിക ഷോട്ടിനും ഡബിള്‍ ഓക്കെ പറയുന്ന, ഫൈറ്റ്, റെയ്സിംഗ് സീനുകളില്‍ സ്വന്തം ജീവന്‍ വരെ പണയം വച്ച് അഭിനയിക്കുന്ന നടനാണ് എ.കെ. സാഹസങ്ങള്‍ക്കൊടുവില്‍ ഉണ്ടാകുന്ന മുറിപ്പാടുകളുമായി മിക്ക വെക്കേഷനും ഏതെങ്കിലും ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ വിശ്രമത്തിലായിരിക്കും. 'തന്‍നമ്പിക്കൈ'(ആത്മവിശ്വാസം) എന്ന വാക്കിന് ഉദാഹരണമായി തമിഴ് മക്കള്‍ വിരല്‍ ചൂണ്ടുന്നവരുടെ ലിസ്റ്റില്‍ അജിത്ത് ഇടം നേടിയതും അങ്ങനെയാണ്.

ഗോഡ്ഫാദറില്ലാതെ തമിഴ് സിനിമയിലേക്ക് നടന്നുകയറിയ താരമാണ് അജിത്. അഭിമുഖങ്ങളില്ല, തുടര്‍ച്ചയായി സിനിമകളില്ല, വന്‍ പ്രതിഫലം വാങ്ങാറില്ല, സിക്സ് പാക്കില്ല എന്തിനേറെ പറയുന്നു പ്രമോഷന്‍ പരിപാടികളില്‍ പോലും തല കാണിക്കാറില്ല. പക്ഷേ തലപോലെ വരുമോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച്, അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ പോലും ആ പേര് ആഘോഷമാക്കുന്ന അനവധിപ്പേര്‍ക്ക് അജിത് ഒരു വികാരമാണ്.

ആത്മവിശ്വാസമാണ് അജിത്തിന്‍റെ മുതല്‍ക്കൂട്ട്. അടുത്ത സുഹൃത്തുക്കള്‍ക്കിടയിലെ അജിത്തിന്‍റെ വിളിപ്പേര് തന്നെ അതിന് തെളിവാണ്. 'ഫീനിക്സ്.' ഇനിയില്ലെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെ ഒരു ചിരിയോടെ ഉയര്‍ത്തെഴുന്നേറ്റ് വരുന്ന മനുഷ്യന്‍. അജിത്തിന്‍റെ സിനിമാജീവീതത്തിലെ ഏറ്റവും വലിയ ഫ്ളോപ്പുകളില്‍ ഒന്നായി ഇന്നും പലരും വിശേഷിപ്പിക്കുന്ന 'ജന'ബോക്സ് ഓഫീസില്‍ പൊട്ടിപൊളിഞ്ഞതോടെ സിനിമാലോകം അജിത്തിന്‍റെ പേരുവെട്ടിയ കാലം ഉണ്ടായിരുന്നു. പക്ഷേ 'അട്ടഹാസം' എന്ന ചിത്രത്തിലൂടെ ആ പേര് വീണ്ടും എഴുതിച്ചേര്‍ത്തു. എ.കെ. അട്ടഹാസത്തില്‍ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

പൊതുവേ അന്തര്‍മുഖനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന ആളുമായി അജിത് മാറിയിട്ട് പല വര്‍ഷങ്ങളായിരിക്കുന്നു. മങ്കാത്തയുടെ റിലീസിന് മുന്നോടിയായി 2011 ല്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് തെന്നിന്ത്യയെ ഞെട്ടിച്ചതിന് പിന്നാലെ അജിത് അപ്രത്യക്ഷനായി തുടങ്ങി. സ്വന്തം ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാറില്ല. എങ്കിലും നേരിട്ട് കണ്ടവര്‍ക്കും അജിത്തിനെ പരിചയമുള്ളവര്‍ക്കും പറയാനുള്ളത് ഒറ്റക്കാര്യമാണ് 'കടവുള്‍ സാര്‍ അവര്‍.'

മുന്നിലേക്ക് വരുന്ന അതിഥിയെ എഴുന്നേറ്റ് നിന്ന് വരവേറ്റാണ് അജിത്തിന് ശീലം. അതിന് വലിപ്പച്ചെറുപ്പമോ, പ്രായഭേദമോയില്ല. ഭക്ഷണത്തിന് മുന്നിലാണെങ്കിലും വേദിയില്‍ ആയാലും അതങ്ങനെതന്നെ. തലയ്ക്ക് തലയുടെ വലിപ്പം അറിയില്ല എന്നുപറയുംപോലെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. ഒരിക്കല്‍ സംവിധായകന്‍ രാജമൗലിയുടെ കുടുംബത്തെ പരിചയപ്പെടുമ്പോള്‍ ഹായ്, ഐ ആം അജിത്തെന്ന് സ്വയം പരിചയപ്പെടുത്തിയ അദ്ദേഹത്തിന്‍റെ സംഭവം അതിലൊന്ന് മാത്രം. അത്രമാത്രം മണ്ണില്‍ ചവിട്ടി നിന്നേ മനുഷ്യരോട് എ.കെ സംസാരിച്ചിട്ടുള്ളൂ.

1971 മേയ് ഒന്നിന് ഹൈദരാബാദിലാണ് ജനനം. 1986 ല്‍ പഠനം അവസാനിച്ചു. വെറും 15-ാം വയസ്സില്‍ പഠിത്തം നിര്‍ത്തുമ്പോള്‍ കൈമുതലായുള്ളത് ആത്മവിശ്വാസവും തന്‍റെ സ്വപ്നങ്ങളും മാത്രമായിരുന്നു. ഷോളാവരത്ത് റേസ് കാണാന്‍ അച്ഛന്‍ കൊണ്ടുപോയിരുന്ന കാലം തൊട്ടുള്ള ആവേശമാണ് എ.കെ.യെ ബൈക്ക്, കാര്‍ റേസിംഗിലെത്തിച്ചത്. 18 വയസ്സ് പൂര്‍ത്തിയായി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയതോ എ.കെ മത്സരയോട്ടങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചു. വൈകാതെ സിനിമയിലും ബൈക്ക് റേസില്‍ നിന്നു കാര്‍ റേസിലേക്ക് ചുവടുമാറി. 2003 ഫോര്‍മുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യന്‍ഷിപ്പിലും 2010 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പിലും എ.കെ. പങ്കെടുത്തു. പരിശീലനങ്ങള്‍ക്കിടെ പരുക്കേറ്റ് പത്തിലേറെ തവണ ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ഇതിനിടയില്‍ ഒന്നരവര്‍ഷത്തോളം കിടപ്പിലായി.

പക്ഷേ അതിലൊന്നും അജിത്ത് വീണുപോയില്ല. രാജ്യാന്തര ഫോര്‍മുല 3 റേസില്‍ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡുമായി അദ്ദേഹം വീഴ്ചകളെ നോക്കി പൊട്ടിച്ചിരിച്ചു. ഇതിനിടയില്‍ പൈലറ്റ് ലൈസന്‍സും സ്വന്തമാക്കി. പാചകം, ഫോട്ടോഗ്രാഫി, യാത്രകള്‍ അങ്ങനെ തന്‍റെ ഇഷ്ടങ്ങളെ എല്ലാം ചേര്‍ത്തുപിടിക്കാന്‍ സിനിമകളുടെ എണ്ണം പോലും കുറച്ച താരമാണ് അജിത്ത്.

സ്കൂള്‍ പഠനം നിര്‍ത്തി ഈറോഡില്‍ പാര്‍ട്ട് ടൈം ഓട്ടോമൊബൈല്‍ മെക്കാനിക്കും ഫുള്‍ടൈം വസ്ത്ര എക്സ്പോര്‍ട്ടറുമായി ജോലി ചെയ്യുന്ന സമയത്താണ് മോഡലിംഗില്‍ ഒരു കൈനോക്കുന്നത്. ആ വഴി ഒടുവില്‍ അജിത്തിനെ ചെന്നൈയിലെ സിനിമാലോകത്ത് കൊണ്ടെത്തിച്ചു. 1992 ല്‍ പുറത്തുവന്ന 'പ്രേമപുസ്തകം' എന്ന തെലുങ്ക് സിനിമയാണ് ആദ്യത്തെ ചിത്രം. അടുത്തത് തമിഴ്ചിത്രമായ 'അമരാവതി'യായിരുന്നു. ഇതില്‍ അജിത്തിന് പ്രതിഫലമായി ലഭിച്ചത് 390 രൂപയാണ്. പിന്നീട് പവിത്ര എന്ന തമിഴ്ചിത്രവും കഴിഞ്ഞ് 1995 ല്‍ പുറത്തുവന്ന ആശൈ ആണ് അജിത്തിന് പിടിവള്ളിയായത്. 210 ദിവസമാണ് ചെന്നൈയില്‍ ഈ ചിത്രം ഓടിയത്. പിന്നാലെ വന്ന വാന്‍മതി, കല്ലൂരിവാസല്‍, കാതല്‍കോട്ടൈ എന്നീ ചിത്രങ്ങള്‍ അജിത്തിനെ മുന്‍നിരയില്‍ എത്തിച്ചു. ഉല്ലാസം എന്ന ചിത്രത്തിന് 50 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതോടെ മുന്‍നിരനായകന്മാരുടെ ലിസ്റ്റില്‍ ഇടം നേടി. അവിടെ നിന്ന് ആഞ്ജനേയ എന്ന ചിത്രത്തിലേക്കെത്തിയപ്പോള്‍ 3.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. 

കാതല്‍കോട്ടൈ, അവര്‍ വരുവാളാ, കാതല്‍മന്നന്‍, വാലി, ദീന, വരലാറ്, ബില്ല തുടങ്ങിയ വന്‍ ഹിറ്റുകളിലൂടെ തമിഴിന്‍റെ തലയെടുപ്പുള്ള താരപദവിയിലേക്ക്. അമര്‍ക്കളത്തിലെ ജോഡിയായ ശാലിനിയെ ജീവിതത്തിലെ നായികയായി കൂടെക്കൂട്ടി.

പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയവന്‍, വെറുമൊരു മെക്കാനിക്ക്, ഭാഗ്യമില്ലാത്ത നടന്‍ തുടങ്ങി പുച്ഛിക്കാനുള്ള കാരണങ്ങള്‍ക്ക് അദ്ദേഹം മറുപടി കൊടുത്തത് തന്‍റെ വിജയങ്ങളിലൂടെയാണ്. വെറുമൊരു മെക്കാനിക്കില്‍ നിന്ന് റേസിംഗ് ചാമ്പ്യനിലേക്കുള്ള യാത്രയിലൂടെ, പരാജയത്തിന്‍റെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും വിജയത്തിന്‍റെ കൊടുമുടിയേറിയപ്പോഴും അജിത്തിന് പിന്നില്‍ ഒരുപോലെ നിരന്നുനില്‍ക്കുന്ന ആരാധകരുണ്ട്. അവര്‍ക്ക് എ.കെ. നല്‍കുന്നതോ മനസ്സ് നിറഞ്ഞ സ്നേഹവും എങ്ങനെ ജീവിക്കണമെന്ന പാഠവും. വീഴ്ചയുടെ പടുകുഴിയില്‍ കൈനീട്ടിയവര്‍ക്ക് അഭിമാനിക്കാന്‍ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്‍റെ യാത്ര തുടരുന്നു.

 


LATEST VIDEOS

Latest