സൽമാൻ ഖാൻ നായകനായി എത്തുന്ന സിനിമയുടെ സെറ്റിൽ സ്ത്രീകൾ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാൻ അനുവാദമില്ലെന്ന് യുവനടി പലക് തിവാരി. നല്ല പെൺകുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സൽമാൻ ഖാന്റെ നിർദേശം എന്നും പലക് പറയുന്നു. സെറ്റിൽ പെൺകുട്ടികളുടെ സുരക്ഷിതരായി ഇരിക്കണം എന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും നടി പറഞ്ഞു.
സെറ്റിലെ എല്ലാ പെൺകുട്ടികളോടെ ശരീരം മുഴുവൻ മൂടുന്ന തരത്തിൽ വസ്ത്രം ധരിച്ചുവരാൻ സൽമാൻ ഖാൻ പറഞ്ഞു. കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്നും വ്യക്തമാക്കി. സെറ്റിലേക്ക് ഞാൻ ടീഷർട്ടും ജോഗറും ധരിച്ച് വീട്ടിൽ നിന്നിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഒരിക്കൽ അമ്മ ചോദിച്ചു, നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എവിടേക്കാണ് പോകുന്നതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു സൽമാൻ സാറിന്റെ സെറ്റിലേക്കാണെന്ന്. അത് വളരെ നല്ലത് എന്നാണ് അമ്മ പറഞ്ഞത്.- പലക് തിവാരി പറഞ്ഞു.
സൽമാൻ ഖാൻ ഒരു പാരമ്പര്യവാദിയാണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷയാണ് ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും പലക് പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പക്ഷേ തന്റെ സെറ്റിലെ പെൺകുട്ടികൾ സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അപരിചിതരായ പുരുഷൻമാരെ സെറ്റിലുണ്ടാകുമ്പോൾ.- താരം കൂട്ടിച്ചേർത്തു. പലക്കിന്റെ തുറന്നു പറച്ചിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുന്നതിനെതിരെ സൽമാനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
നടി ശ്വേതാ തിവാരിയുടെ മകളാണ് പലക് തിവാരി. സൽമാൻ ഖാൻ നായകനായി എത്തുന്ന കിസി കാ ഭായ്, കിസികി ജാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് പലക്. സൽമാന്റെ അന്റിമിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പലക് വർക്ക് ചെയ്തിട്ടുണ്ട്. അതിനിടെയുണ്ടായ അനുഭവമാണ് പലക് പങ്കുവച്ചത്.