NEWS

എക്കോ എന്ന സിനിമയിലെ പാപ്പച്ചന്‍ എന്ന കഥാപാത്രത്തെ ആരും മറക്കാന്‍ ഇടയില്ല. സഹീര്‍ മുഹമ്മദ് തന്‍റെ സിനിമാജീവിതത്തെക്കുറിച്ചും ആ യാത്രയെക്കുറിച്ചും എക്കോയിലെ പാപ്പച്ചനെക്കുറിച്ചും വാചാലനാകുന്നു...

News

വര്‍ഷങ്ങളോളം മലയാളസിനിമയില്‍ സഹസംവിധായകനായും സഹഛായാഗ്രാഹകനായും നിറഞ്ഞുനിന്ന, പല ഹിറ്റ് സിനിമകളുടെയും ഭാഗമായ സഹീര്‍ മുഹമ്മദ് ഇന്ന് അറിയപ്പെടുന്നത് നടന്‍ എന്ന ലേബലിലാണ്. എക്കോ എന്ന സിനിമയിലെ പാപ്പച്ചന്‍ എന്ന കഥാപാത്രം സിനിമ കണ്ട ആരും മറക്കാന്‍ ഇടയില്ല. സഹീര്‍ മുഹമ്മദ് തന്‍റെ സിനിമാജീവിതത്തെക്കുറിച്ചും ആ യാത്രയെക്കുറിച്ചും എക്കോയിലെ പാപ്പച്ചനെക്കുറിച്ചും വാചാലനാകുന്നു.

സിനിമാനോട്ടീസുകള്‍ കളക്ട് ചെയ്തിരുന്ന ഒരു കുട്ടിയില്‍ നിന്നും സിനിമാക്കാരന്‍ എന്ന ടാഗിലേക്കുള്ള യാത്രയില്‍ കടന്നുപോകേണ്ടി വന്ന വഴികള്‍?

പലര്‍ക്കും പലതും കളക്ട് ചെയ്യുക എന്നുപറയുന്നത് ഹോബിയാണല്ലോ. സ്റ്റാമ്പ് കളക്ഷന്‍, സിഗരറ്റിന്‍റെ പെട്ടി, തീപ്പെട്ടിക്കൂട് എന്നിങ്ങനെ. പക്ഷേ എന്‍റെ കമ്പം സിനിമ നോട്ടീസുകളായിരുന്നു. അന്ന് നാട്ടിന്‍ പുറത്ത് സി ക്ലാസ് തിയേറ്ററായിരുന്നു. അവിടെ വരുന്ന സിനിമകളുടെ നോട്ടീസുകള്‍ ഒരുപാട് കളക്ട് ചെയ്തിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കണ്ണുടക്കിയത് സംവിധാനം എന്ന ടാഗിലായിരുന്നു. അവിടെ നിന്നുമാണ് സംവിധായകനാകണം എന്നൊരു തോന്നല്‍ ആദ്യമായി വന്നുതുടങ്ങിയത്. മാത്രമല്ല, ഉപേക്ഷിച്ചിട്ട് പോയ ഫിലിമുകള്‍ വെട്ടിയൊട്ടിച്ച് സിനിമാ പ്രദര്‍ശനം പോലെ നടത്തുമായിരുന്നു. 

അതൊക്കെ കുട്ടിക്കാലത്തെ ചെറിയ  കളികളായിരുന്നു. ഇതെല്ലാം സിനിമ എന്ന ആഗ്രഹത്തിന്‍റെ പുറത്ത് നടത്തിയ കാര്യങ്ങളായിരുന്നു. അങ്ങനെ വലുതായപ്പോള്‍ ആ സിനിമാ മോഹവും വളര്‍ന്നു. സംവിധായകന്‍ ഫാസില്‍ എന്‍റെ ബന്ധുകൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷെ, അവസാനം അദ്ദേഹത്തോടൊപ്പം തന്നെ 1996 ല്‍ അനിയത്തിപ്രാവില്‍ ജോയിന്‍ ചെയ്യുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്നും എനിക്ക് അവസരം നഷ്ടമാകുന്നു. 

പക്ഷെ, മറ്റൊരു അവസരം അപ്പോള്‍തന്നെ തേടിയെത്തി. അനിയത്തിപ്രാവ് എന്ന സിനിമയിലെ ക്യാമറാമാനായ ആനന്ദക്കുട്ടനോടൊപ്പം അസിസ്റ്റന്‍റായി ജോയിന്‍ ചെയ്യാനായിരുന്നു അത്. മനസ്സില്ലാ മനസ്സോടെ അതിലേക്ക് പ്രവേശിച്ചു. അവിടെനിന്നും ഒരുപാട് സംവിധായകരുടെ കൂടെ ജോലി ചെയ്തു.

ഓരോ സംവിധായകരും അവരുടെ ആക്ടേഴ്സിനെ മോള്‍ഡ് ചെയ്യുന്നത് ഓരോ രീതിയിലാണ്. അനിയത്തിപ്രാവില്‍ എ.സിയായിട്ടാണ് തുടങ്ങുന്നത്. അവിടെ നിന്നും എക്കോയിലെ നടന്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍, അന്ന് മുതല്‍ ഇന്നുവരെയുള്ള സംവിധായകരില്‍ നിന്നുമുള്ള എക്സ്പീരിയെന്‍സ്?

ഒരുപാട് സംവിധായകരുടെ കൂടെ സംവിധാന സഹായിയായും സഹസംവിധായകനായുമെല്ലാം 30 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. റാഫി മെക്കാര്‍ട്ടിന്‍, സിബിമലയില്‍, രാജസേനന്‍, ഫാസില്‍ തുടങ്ങി നിരവധി സംവിധായകരോടൊപ്പം ജോലി ചെയ്തതും അവരുടെ സിനിമയില്‍ അഭിനയിച്ച മഹാരഥന്മാരായ നടന്മാരെ കണ്ട് ഒബ്സര്‍വ്വ് ചെയ്തതുമെല്ലാം ഇന്ന് നടന്‍ എന്ന നിലയില നില്‍ക്കുമ്പോള്‍ ഉപകരിച്ചിട്ടുണ്ട്. ക്യാമറ അസിസ്റ്റന്‍ഡ് ആയിരുന്നതുകൊണ്ടുതന്നെ ക്യാമറയെ മനസ്സിലാക്കി അഭിനയിക്കാനും പഠിച്ചു, മാത്രമല്ല, അന്നത്തെ കാലത്തെ പ്രൊഫഷണല്‍- അമേച്വര്‍ നാടകങ്ങളും ഒബ്സര്‍വേഷന്‍ സ്കില്‍സുമെല്ലാം ഇന്ന് നടനെന്ന നിലയില്‍ സഹായിക്കുന്നുണ്ടെന്ന് പറയാം.

കിഷ്കിന്ധാകാണ്ഡം കഴിഞ്ഞ് ദിന്‍ജിത്ത് ബാഹുല്‍ കോമ്പിനേഷനില്‍ രണ്ടാമത്തെ തവണയാണ് വര്‍ക്ക് ചെയ്യുന്നത്. പുതിയ തലമുറയിലെ സിനിമാക്കാരില്‍ ഇവരെ മാറ്റിനിര്‍ത്തുന്ന ഘടകം?

ദിന്‍ജിത്തിന്‍റെ രണ്ടാമത്തെയും ബാഹുല്‍രമേശിന്‍റെ നാലാമത്തെയും സിനിമയാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിനുശേഷം ബാഹുല്‍ എന്ന കേരള ക്രൈം ഫയല്‍സിലേക്ക് സജസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍, അതേ കഥാപാത്രത്തിനുവേണ്ടി കാസ്റ്റിങ് ഡയറക്ടറും എന്നെ കാസ്റ്റ് ചെയ്തിരുന്നു. എക്കോയിലേക്കും ബാഹുല്‍ തന്നെയാണ് ദിന്‍ജിത്തിനോട് എന്‍റെ പേര് സജസ്റ്റ് ചെയ്യുന്നത്.

ഇന്നത്തെ കാലത്തെ എല്ലാ സംവിധായകരും ടാലന്‍റഡാണ്. പണ്ടത്തെ രീതി എന്തെന്നാല്‍, ഡയറക്ടറും ക്യാമറാമാനും മാത്രമാണ് ഏത് ഷോട്ട് എങ്ങനെവയ്ക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ഇന്ന് അങ്ങനെയല്ല, എല്ലാവര്‍ക്കും അതിലൊരു അഭിപ്രായമുണ്ട്. അത് നല്ലൊരു മാറ്റമാണ്. പിന്നെ, ദിന്‍ജിത്തും ബാഹുലുമെല്ലാം വളരെ പ്ലാന്‍ഡ് ആയിട്ടാണ് സെറ്റിലേക്ക് വരുന്നത്. അവര്‍ക്ക് യാതൊരു കണ്‍ഫ്യൂഷന്‍സും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ എല്ലാം വെല്‍ ഓര്‍ഗനൈസ്ഡായിട്ടാണ് പോകാറുള്ളത്.

പാപ്പന്‍സാര്‍ എന്ന കഥാപാത്രമായി മാറാന്‍ സംവിധായകന്‍ തന്ന ബ്രീഫ് എങ്ങനെയായിരുന്നു?

വളരെയധികം ഭയമുള്ള, പ്രതികരിക്കാന്‍ ശേഷി ഇല്ലാത്ത, എന്നാല്‍ താഴ്ന്നുകൊടുക്കാന്‍ യാതൊരു താല്‍പ്പര്യവുമില്ലാത്ത ഒരാള്‍. അയാളൊരു പോലീസ് ഡ്രൈവറായിരുന്നു. കരിയറിലെ ഒരു പോയിന്‍റില്‍, കക്കയം ക്യാമ്പില്‍ വച്ച് നടന്ന ഒരു സംഭവം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. അത് കുര്യച്ചനുമായി ബന്ധപ്പെട്ട ഒന്നാണ്. അന്ന് കയറിക്കൂടിയ ദേഷ്യം പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. എന്നെങ്കിലുമൊരിക്കല്‍, ആരെങ്കിലും കൂട്ട് വന്നാല്‍, അതിന് പകരം ചോദിക്കണം എന്ന് അയാളുടെ മനസ്സിലുണ്ടായിരുന്നു. അതിനായി കാത്തിരിക്കുന്ന ഒരാള്‍. ഇതായിരുന്നു പാപ്പച്ചന്‍ എന്ന കഥാപാത്രത്തിന് എനിക്ക് ലഭിച്ച ബ്രീഫ്. ബാക്കിയെല്ലാം നമുക്ക് വിട്ടുതന്നിരിക്കുകയായിരുന്നു. പിന്നെ, ആ സെറ്റിങ്ങില്‍, കോസ്റ്റ്യൂമും എല്ലാം ഇട്ട് നില്‍ക്കുമ്പോള്‍ തന്നെ എല്ലാം സെറ്റാകും.

ഒരു നടന്‍ ഒരു സെറ്റിലേക്ക് എല്ലാ സജ്ജീകരണങ്ങളും ചെയ്തശേഷം വന്നാല്‍, ആ സെറ്റ് തന്നെ ആ നടനെ അഭിനയിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. ആ അനുഭവങ്ങളും, ചെയ്ത കഥാപാത്രങ്ങള്‍ക്കായി അതല്ലാതെ നടത്തിയിട്ടുള്ള ഹോം വര്‍ക്കുകളും?

ഒബ്സര്‍വേഷന്‍ അഭിനയത്തില്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓര്‍മ്മകള്‍ ഉപ്പിലിട്ടത് എന്ന പേരില്‍ ഞാന്‍ ഒരു ഷോട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഒരു ബാര്‍ബറിന്‍റെ വേഷമായിരുന്നു. അത് കൃത്യമായി ചെയ്തപ്പോള്‍ സംവിധായകന്‍ വന്ന് ചോദിച്ചു. എങ്ങനെ മാനറിസങ്ങള്‍ എല്ലാം കൃത്യമായി പിടിക്കാന്‍ പറ്റി എന്ന്. അത് പണ്ട് നമ്മള്‍ എപ്പോഴോ കണ്ട ഒരു ബാര്‍ബറിനെ കണക്ട് ചെയ്തുകൊണ്ടാണ് അഭിനയിച്ചത്. അതുപോലെതന്നെ, എക്കോയിലെ പാപ്പച്ചനിലും നമ്മള്‍ പണ്ട് കണ്ടുമറന്ന ആരെങ്കിലുമൊക്കെ സ്വാഭാവികമായി കയറിവന്നിട്ടുണ്ട്, കയറിവരും.
 


LATEST VIDEOS

Interviews