തമിഴ് നാട്ടിൽ ഇപ്പോൾ മുൻനിര താരങ്ങളുടെ സിനിമകളൊന്നും പുറത്തുവരുന്നില്ല. ഇതുമൂലം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ എല്ലാം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത വരൾച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മധുര, തിരുച്ചി, കോയമ്പത്തൂർ തുടങ്ങിയ വിവിധ നഗരങ്ങളിലുള്ള തിയേറ്ററുകളിൽ നൈറ്റ് ഷോകൾ റദ്ദാക്കിയിരിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില തിയേറ്ററുകളിൽ ഒരു ഷോക്ക് 5 പ്രേക്ഷകരെ പോലും കിട്ടുന്നില്ലത്രെ. അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളായ ‘ഭ്രമയുഗം' ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’ തുടങ്ങിയവക്ക് മികച്ച പ്രതികരണം ലഭിക്കുകയുമുണ്ടായി. ഇത് തിയേറ്ററുടമകൾക്ക് അൽപം ആശ്വാസമായി.
അടുത്ത വരാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പ്, ഐ.പി.എൽ. ക്രിക്കറ്റ്, സ്കൂൾ, കോളേജ് പരീക്ഷകൾ തുടങ്ങിയ കാരണം തിയേറ്ററുകളിലേക്കെത്തുന്ന ആരാധകരുടെ എണ്ണം ഇനിയും കുറയും എന്ന ഭീതിയിലാണ് തിയേറ്റർ ഉടമകൾ. തമിഴ്നാട്ടിൽ മുൻനിര താരങ്ങളുടെ സിനമകൾ പുറത്തുവരുമ്പോൾ മാത്രമാണ് തിയേറ്ററുകളിലേക്ക് ആരാധകരുടെ പ്രവാഹം ഉണ്ടായിരിക്കുകയുള്ളൂ. ഇപ്പോൾ അങ്ങിനെയുള്ള ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് തിയേറ്റർ ഉടമകൾ. രജനിയുടെ 'വേട്ടൈയ്യൻ', കമലിൻ്റെ 'ഇന്ത്യൻ-2', അജിത്തിൻ്റെ 'വിടാമുയർച്ചി', വിജയ്‌യുടെ 'GOAT', സൂര്യയുടെ 'ഗംഗുവ', വിക്രമിന്റെ 'തങ്കലാൻ' തുടങ്ങിയ സിനമകളാണ് അടുത്ത് റിലീസാകാനിരിക്കുന്ന ബ്രമ്മാണ്ട സിനിമകൾ. എന്നാൽ ഈ ചിത്രങ്ങൾ എപ്പോൾ റിലീസാകും എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്ങിനെയായാലും മെയ് മാസം 10-ന് ശേഷമേ ഈ ചിത്രങ്ങളുടെ റിലീസ് ഉണ്ടാകുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അതുവരെ മേലെ പറഞ്ഞ സ്ഥിതിയിൽ തന്നെയായിരിക്കും തിയേറ്ററുകളുടെ പ്രവർത്തനം.