മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ടുതന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചിരിക്കുകയാണ് നോബിൾ ജേക്കബ്ബ്. ഒരു പ്രൊഡക്ഷൻ മാനേജർ ആയിട്ടായിരുന്നു നോബിളിന്റെ തുടക്കം. പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായുള്ള കയറ്റമായിരുന്നു ഈ യുവാവിന്റേത്. അത് എത്തിനിൽക്കുന്നതാകട്ടെ ഒരു നടനെന്ന നിലയിലും.
ഇന്ന് സിനിമാ മേഖലയിൽ തന്റേതായൊരിടമുണ്ട് നോബിൾ ജേക്കബ്ബിന്. പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ കൺട്രോളർ, ഡിസ്ട്രിബ്യൂട്ടർ, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം നോബിൾ തന്റേതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. 2004 ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിക്കൊണ്ടായിരുന്നു നോബിളിന്റെ സിനിമാലോകത്തേയ്ക്കുള്ള കടന്നുവരവ്.
തുടർന്ന് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളർ എന്ന രീതിയിൽ ചെയ്ത ആദ്യത്തെ സിനിമയാണ് ട്രാഫിക്. പിന്നീട് പുലിമുരുകൻ എന്ന പാൻ ഇന്ത്യൻ ചിത്രം, രാമലീല, ബ്രദേഴ്‌സ് ഡേ, ബിഗ് ബ്രദർ, മൈലാഞ്ചി മൊഞ്ചുള്ള വീട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങൾ നോബിളിന്റെ വിജയയാത്രയിലെ നാഴികക്കല്ലുകളായി മാറി. ആന്റോ ജോസഫ്, സെവൻ ആർട്ട് മോഹൻ എന്നിവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള പാടവവും ഈ യാത്രയിലെ മുതൽക്കൂട്ടായി നോബിളിന്റെ കൈകളിലുണ്ട്.
ഇതിനിടയിൽ സ്വന്തമായി ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനി ആരംഭിച്ചു. അതിൽ ആദ്യമായി ഡിസ്ട്രിബ്യൂട്ടറായി പ്രവർത്തിച്ച സിനിമയാണ് 21 ഗ്രാംസ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും നോബിൾ തന്നെയായിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌ക്കർ ഒരു റാസ്‌ക്കൽ എന്ന ചിത്രത്തിൽ തമിഴിലും തന്റെ കൈരേഖകൾ പതിപ്പിച്ചു.
21 ഗ്രാംസ്, 10-ാം വളവ്, കുറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാരിവില്ലിൻ ഗോപുരങ്ങൾ, ബാന്ദ്ര എന്നിവയാണ് നോബിളിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. കൂടാതെ നോബിളിന്റെ പാർട്ട്ണർഷിപ്പിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനമാണ് ഐ.എം.ടി.വി, പ്രീതി തോമസ് ആണ് ഭാര്യ. എൻവിസ് ജേക്കബ്ബ്, എഡ്രിയൻ ജേക്കബ്ബ് എന്നിവരാണ് മക്കൾ.
പി. ശിവപ്രസാദ്