വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തുവന്ന 'ലിയോ' വമ്പൻ കളക്ഷൻ നേടി വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയ് തന്റെ അടുത്ത ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയുമാണ്. താൽക്കാലികമായി 'വിജയ്-68' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭു ആണെന്നും, ചത്രത്തിന് സംഗീതം നൽകുന്നത് യുവൻ ശങ്കർ രാജയാണെന്നുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. അതുപോലെ ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം വില്ലനായി അഭിനയിക്കുന്നത് 'മൈക്ക്' മോഹൻ ആണെന്നും ഇവരോടൊപ്പം ജയറാം, സ്‌നേഹ, മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് എന്നുള്ള വിവരവും നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ ജയറാമിനെ കൂടാതെ മറ്റൊരു മലയാളി താരമായ അജ്മലും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ 'വിജയ്-68'ന്റെ സെറ്റിൽ അജ്മൽ വിജയ്ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും പുറത്തുവന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വരുന്നുണ്ട്.
അജ്മൽ ഇതിന് മുൻപ് 'അഞ്ജാതേ', 'കോ', നെറ്റിക്കൻ', 'ഇരവുക്കു ആയിരം കൺകൾ' തുടങ്ങി ഒരുപാട് തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മലയാളം, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിജയ്‌യുടെ കൂടെ അജ്മൽ അഭിനയിക്കുന്നത് ഇത് ആദ്യമായാണ്