ജയരാജ് സംവിധാനം ചെയ്ത കാഥികൻ, ബിനോയ് വേളൂരിന്റെ മോസ്‌ക്കോ കവല തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് വന്ന യുവനടനാണ് അനന്തു
ജയരാജ് സംവിധാനം ചെയ്ത കാഥികൻ, ബിനോയ് വേളൂരിന്റെ മോസ്‌ക്കോ കവല തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് വന്ന യുവനടനാണ് അനന്തു. ഓശാന, മധുരമനോഹര മോഹം... തുടങ്ങിയ സിനിമകളിലും അനന്തുവിന് ഓരോ വേഷങ്ങളുണ്ടായിരുന്നു.
ആൽവിൻ ആന്റണി നിർമ്മിച്ച കപ്പ്, ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയാണ് അനന്തുവിന്റെ ഏറ്റവും പുതിയ സിനിമകൾ.
അവൾ കൺകളാൽ മൂടപ്പെട്ടേന് എന്നൊരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുള്ള ഈ യുവകലാകാരനെത്തേടി പുതിയ ഒരു തമിഴ് സിനിമ കൂടി വന്നിട്ടുണ്ട്.
തന്റെ പ്രായത്തിനിണങ്ങുന്ന നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ നല്ലൊരു സ്ഥാനവും പ്രശസ്തിയും നേടണമെന്നതാണ് അനന്തുവിന്റെ ആഗ്രഹം.
ഏറ്റുമാനൂർ സ്വദേശിയായി അനന്തു നാലുവയസ്സുള്ളപ്പോൾ തന്നെ ക്യാമറയെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു നേതൃത്വം വഹിക്കുന്ന നവയുഗ് ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിൽ പണ്ട് ഈ നാല് വയസ്സുകാരൻ അംഗമായി കലാരംഗത്ത് തുടക്കമിടുമ്പോഴാണ് 'ലുട്ടാപ്പി' എന്ന നാടകത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചത്. അന്ന് ആദ്യമായി ജോഷിമാത്യു സാർ തന്റെ കഥാപാത്രത്തെ ക്യാമറയിൽ പകർത്തിയത് ഇന്നും ഓർക്കുന്നു. തുടർന്ന് എട്ട് വർഷക്കാലം നവയുഗ് ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിൽ ഉണ്ടായിരുന്നുവെന്നും അഭിനയത്തിന്റെ ബാലപാഠങ്ങൾ അവിടെ നിന്നും പഠിക്കാൻ കഴിഞ്ഞുവെന്നും അനന്തു പറയുകയുണ്ടായി.
സ്‌ക്കൂൾ തലത്തിൽ നാടകത്തിലും മോണോആക്ട്, സ്‌പോർട്‌സ് എന്നിവയിലും പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതുവരെ അഭിനയിച്ചിട്ടുള്ളതിൽ കപ്പ് എന്ന സിനിമയിലെ ഫിലിപ്പ് എന്ന കഥാപാത്രം വളരെ ഇഷ്ടമായെന്നും അനന്തു അഭിപ്രായപ്പെട്ടു.