NEWS

തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് കലാകാരന്മാര്‍ മാത്രം...

News

തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയാണ് F.E.F.S.I (Film Employees Federation of South India). തമിഴിൽ ഒരുപാട് ചിത്രങ്ങൾ ഒരുങ്ങി പുറത്തുവരുന്നുണ്ടെങ്കിലും  ചിത്രങ്ങളുടെ നിർമ്മാണ ചെലവ്, മിക്ക ചിത്രങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന വൻ നഷ്ടം, താരങ്ങളുടെ  ശമ്പളം ഉയർന്നുകൊണ്ടേ പോകുന്നത്, അന്യ സംസ്ഥാന സിനിമാ സാങ്കേതിക പ്രവർത്തകരെ തമിഴ് സിനിമകളിൽ പ്രവർത്തിക്കാൻ കരാർ ചെയ്യപെടുന്നതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് F.E.F.S.I സംഘടന ഈയിടെ ചെന്നൈയിൽ ചർച്ചകൾ നടത്തുകയുണ്ടായി.

അതിൽ എടുത്ത തീരുമാനങ്ങളിൽ പ്രധാനമായത് ത്മിഴ് സിനിമയില്‍ ഇനി തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്നതാണ്. അതുപോലെ തമിഴ് സിനിമകളുടെ ചിത്രീകരണം ഇനി  തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നുള്ള നിബന്ധനയും മുൻവച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്ന പക്ഷം  അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സംഘടനാ നേതൃത്വം അറിയിച്ചിരിക്കുന്നത്. 

വളരെയധികം ആവശ്യം ഉള്ള ചിത്രങ്ങൾക്ക് മാത്രമേ തമിഴ്നാടിന് പുറത്ത് ചിത്രീകരണം നടത്തുവാൻ അനുവാദം നൽകുകയുള്ളൂ എന്നുള്ള തീരുമാനവും എടുത്തിട്ടുള്ള സംഘടന, ഷൂട്ടിംഗ് പ്ലാൻ ചെയ്ത  ദിവസങ്ങളിൽ അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾ രേഖകൾ മൂലം സമർപ്പിക്കണം എന്നും, സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ആ ഉത്തരവാദിത്തം സംവിധായകൻ തന്നെ ഏറ്റെടുക്കണം എന്നുള്ള വ്യവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപോലെ നിറയെ പുതിയ പുതിയ  നിർദ്ദേശങ്ങൾ മുൻവച്ചിരിക്കുന്ന F.E.F.S.I സംഘടനയുടെ തീരുമാനങ്ങൾക്കു കോളിവുഡിൽ വളരെയധികം  എതിർപ്പും ഉണ്ടായി ഇപ്പോൾ അതു സംബന്ധമായുള്ള ചർച്ചകൾ നടന്നു വരികയാണ്.  

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും, പുറം രാജ്യങ്ങളിൽ നിന്നും ഉള്ള  സാങ്കേതിക പ്രവർത്തകരും,   അഭിനേതാക്കളും സഹകരിക്കാറുണ്ട്. 'ബാഹുബലി'എന്ന ചിത്രത്തിന് ശേഷം ഒരുപാട് പാന്‍ ഇന്ത്യന്‍ സിനിമകളാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രങ്ങളിലെല്ലാം ഇതര  സംസ്ഥാനങ്ങളിലെ സിനിമാ കലാകാരന്മാരും, സാങ്കേതിക പ്രവർത്തകരും പ്രവർത്തിച്ചു വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ പറ്റാത്തതാണ്. അങ്ങിനെയിരിക്കുമ്പോൾ F.E.F.S.I സംഘടനയുടെ പുതിയ നിബന്ധനകൾ എങ്ങിനെയാണ് പാലിക്കുക എന്നുള്ള ചോദ്യങ്ങളും കോളിവുഡിൽ ഉയർന്നു വിവാദ വിഷയമായിട്ടുണ്ട്.


LATEST VIDEOS

Top News