NEWS

ഓള്‍ഡ് ഈസ് ഗോള്‍ഡ് എം. രാധാകൃഷ്ണന്‍

News

 

പ്രതിഭാധനനായ പാട്ടുകാരന്‍ എം. രാധാകൃഷ്ണനെ കൂടുതലാളുകള്‍ക്ക് തിരിച്ചറിയണമെങ്കില്‍, പേരിന് മുന്‍പില്‍ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'എന്നുകൂടി ചേര്‍ക്കേണ്ടതുണ്ട്. മണ്‍മറഞ്ഞുപോയ മലയാളികളുടെ പ്രിയങ്കരനായ സംഗീതജ്ഞന്‍ കെ.പി. ഉദയഭാനു രൂപം കൊടുത്ത ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനകൂട്ടായ്മയിലെ ലീഡ് സിംഗറായ എം. രാധാകൃഷ്ണന്‍ പാട്ടുവഴിയില്‍ അരനൂറ്റാണ്ടിന്‍റെ നിറവിലെത്തിയിരിക്കുന്നു.

കഴിഞ്ഞവര്‍ഷം റിലീസായ ഇന്ദ്രന്‍സ് നായകചിത്രം ജമാലിന്‍റെ പുഞ്ചിരിയില്‍ 'നൂറഴകേ ലാവൊളിയേ... റസ്സൂര്‍ പാടും കനവില്‍ നീയല്ലോ...' എന്ന താരാട്ടുപാട്ട് പുതിയ തലമുറക്കാര്‍ക്കിടയില്‍ രാധാകൃഷ്ണനെ കൂടുതല്‍ പോപ്പുലറാക്കി. അനന്തഭദ്രത്തില്‍ എം.ജി. രാധാകൃഷ്ണന്‍റെ ഈണത്തില്‍ പാടിയ 'വസന്തമുണ്ടോ ചുണ്ടില്‍ സുഗന്ധമുണ്ടോ....' എന്ന ഗാനത്തിനുശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് ജമാലിന്‍റെ പുഞ്ചിരിയില്‍ രാധാകൃഷ്ണന്‍ പാടിയത്.

കുട്ടിക്കാലത്ത് പൂജാമുറിയില്‍ അമ്മ പാടിയിരുന്ന കണി കാണും നേരം...., അഞ്ജനാ ശ്രീധരാ... തുടങ്ങിയ ഈശ്വരഭക്തി ഗാനങ്ങള്‍ കേട്ടാണ് പാടാനുള്ള വാസന രാധാകൃഷ്ണനില്‍ ഉടലെടുക്കുന്നത്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ലളിതഗാനത്തിന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാധാകൃഷ്ണനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാധാകൃഷ്ണന്‍റെ സഹോദരിയുമായിരുന്നു ഫസ്റ്റ്.

തിരുവനന്തപുരം സെന്‍റ് മേരീസ് സ്ക്കൂളാണ് രാധാകൃഷ്ണനിലെ പാട്ടുകാരനെ പരുവപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. സഭാകമ്പക്കാരനും നാണക്കാരനുമായ രാധാകൃഷ്ണന്‍ ക്ലാസ്സിലിരുന്ന് ഇടയ്ക്കിടെ പാട്ടുകള്‍ മൂളുന്നത് ശ്രദ്ധിച്ചിരുന്ന സുഹൃത്ത് മുകുന്ദനാണ് രാധാകൃഷ്ണനിലെ പാട്ടുകാരനെ ടീച്ചറിന്‍റെ മുന്നിലവതരിപ്പിക്കുന്നത്. അതുകേട്ട പാതി ടീച്ചര്‍ പാടാനാവശ്യപ്പെടുന്നു. 'പൂജാപുഷ്പമേ... പൂഴിയില്‍ വീണ പൂജാപുഷ്പമേ....'  പാട്ടുകഴിഞ്ഞതും ക്ലാസ്മുറി മുഴുവനും നിറഞ്ഞ കയ്യടിയായിരുന്നു.

കാര്‍ഗില്‍ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് നടന്ന പ്രോഗ്രാമില്‍, ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീമിനൊപ്പം ദാസേട്ടനും പാടാനുണ്ടായിരുന്നു. ദാസേട്ടന്‍ പാടിയ 'പകല്‍കിനാവിന്‍ സുന്ദരമാകും...' എന്ന ഗാനം രാധാകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ പാടിയത് അക്കാലത്ത് നിരന്തരം റിപ്പീറ്റ് ടെലികാസ്റ്റ് ചാനലില്‍ നടക്കുമായിരുന്നു. അത് കാണാനിടയായ ദാസേട്ടന്‍ രാധാകൃഷ്ണനെ കാണുമ്പോഴെല്ലാം പകല്‍ക്കിനാവ് എന്ന് വിളിക്കുമായിരുന്നു.

പഴയ മലയാള സിനിമാഗാനങ്ങളില്‍ ഒട്ടുമിക്കതും രാധാകൃഷ്ണന് ഹൃദിസ്ഥമാണ്. ഓള്‍ഡ് ഇസ് ഗോള്‍ഡുമായി അനവധി വേദികളില്‍ പാടിയതിന്‍റെ ഫലമാണെന്നാണ് രാധാകൃഷ്ണന്‍റെ വാദം. ഒരിക്കല്‍ ഒരു യാത്രയില്‍ നെടുമുടി വേണു രാധാകൃഷ്ണനോട് ബെറ്റ് വയ്ക്കുകയുണ്ടായി. പഴയ മലയാളചലച്ചിത്ര ഗാനങ്ങളെല്ലാം അറിയാമെന്ന രാധാകൃഷ്ണന്‍റെ ഖ്യാതി തകര്‍ക്കുകയായിരുന്നു നെടുമുടി വേണുവിന്‍റെ ലക്ഷ്യം. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ കോമഡി ജോണറില്‍ പാടിയ പാട്ടേതെന്നായിരുന്നു ചോദ്യം. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷം 'നഗരാദി എണ്ണയുണ്ട്... സഹചരാദി കുഴമ്പുണ്ട്... പടവലാദി ലേഹ്യമുണ്ട്.... വേണ്ടി വന്നാല്‍ അലവലാതി നെയ്യുമുണ്ടിതില്‍....' എന്ന് പാടിയ രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച് നെടുമുടിക്ക് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.

വൈദ്യുതി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന ജയാ രാധാകൃഷ്ണനാണ് ഭാര്യ. ട്വിന്‍സായ ലക്ഷ്മിയും പാര്‍വ്വതിയും മക്കളും. അവരെ കല്യാണം കഴിച്ചിരിക്കുന്നതും ട്വിന്‍ബ്രദേഴ്സാണ്. അവരെല്ലാം കാനഡയില്‍ സെറ്റില്‍ഡാണ്. പാട്ടിന്‍റെ വഴിയില്‍ അന്‍പതാണ്ട് പിന്നിടുമ്പോള്‍ പാട്ടുകാരനെന്ന നിലയില്‍ വ്യക്തമായ ഐഡന്‍റിറ്റി ഉണ്ടാക്കിക്കൊടുത്ത കെ.പി. ഉദയഭാനുവിനോടാണ് രാധാകൃഷ്ണന്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. ഏത് വേദിയില്‍ പാടാന്‍ കേറിയാലും ഉദയഭാനുവിനെ മനസ്സിലോര്‍ക്കുകയും മനസ്സാല്‍ വണങ്ങുകയും ചെയ്തിട്ടാണ് പാടാന്‍ തുടങ്ങുക...

പാട്ടിന്‍റെ വഴിയില്‍ കൂടുതല്‍ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണന്‍ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

 


LATEST VIDEOS

Interviews