2024 ലാണ് സെല്‍ബി സിനിമയില്‍ അഭിനയരംഗത്തേയ്ക്ക് വന്നത്. ചെറിയാന്‍ മാത്യു സംവിധാനം ചെയ്ത 'വെയിറ്റിംഗ് ലിസ്റ്റ്' എന്ന സിനിമയിലെ നായികയായിരുന്നു സെല്‍ബി. 2018 ല്‍ മോഡലിംഗ് രംഗത്തേയ്ക്ക് കാല്‍വച്ച് തുടങ്ങിയ സെല്‍ബി ഏതാനും ആഡ് ഫിലിമുകളില്‍ മോഡലായി അഭിനയിച്ചിട്ടുണ്ട്. 'ബ്ലിസ്സ്' എന്നൊരു സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമ ഇതുവരെ റിലീസായിട്ടില്ലെന്നും പണിപ്പുരയിലാണെന്നും സെല്‍ബി സ്കറിയ പറയുകയുണ്ടായി.
സിക്സ്ത് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കാലം സെല്‍ബി പാട്ടുപഠിക്കുന്നുണ്ടായിരുന്നു. ഏറ്റുമാന്നൂരിലെ ജയ്സണ്‍ ജെ. നായരുടെ ശിക്ഷണത്തിലായിരുന്നു സംഗീതപഠനം. തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ നിന്നും ബി.എ മ്യൂസിക് ഡിഗ്രി പാസ്സായിട്ടുള്ള സെല്‍ബി തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും എം.എ. മ്യൂസിക് പോസ്റ്റ് ഗ്രാജുവേഷന്‍ പാസ്സായി.
വെയിറ്റിംഗ് ലിസ്റ്റ് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു എന്നുപറഞ്ഞുവല്ലോ. ആ സിനിമയെക്കുറിച്ച്...?
ഹീറോയിന്‍ ഓറിയന്‍റഡായിട്ടുള്ള ഒരു സബ്ജക്ടായിരുന്നു അത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പായിരുന്നു പ്രമേയം. ഒരു അതിജീവനത്തിന്‍റെ കഥ. ഒരു ട്രിപ്പിള്‍ അകപ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു.
ഈ വര്‍ഷത്തെ ഓണത്തിന് എന്താണ് സെല്‍ബിക്ക് ഒരു പ്രത്യേകത പറയാനുള്ളത്?
ഓണം എന്നുമെനിക്ക് സ്പെഷ്യല്‍ തന്നെയാണ്. ഈ വര്‍ഷം ഒരുപക്ഷേ, സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരിക്കുമോ ഓണം ആഘോഷിക്കേണ്ടി വരികയെന്ന കാര്യം ഇപ്പോഴറിയില്ല. പിന്നെ, ഞാന്‍ നായികയായി അഭിനയിച്ച സിനിമ റിലീസ് ചെയ്തത് ഈ വര്‍ഷമാണല്ലോ. ആ സന്തോഷവും അതിന്‍റെ ആഘോഷവും കഴിഞ്ഞുവരുന്ന പുതിയ ഓണമാണ് ഈ വര്‍ഷത്തേത്.
ഞാന്‍ സ്ക്കൂളില്‍ മ്യൂസിക് ടീച്ചറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്ക്കൂളിലായിരുന്നതുകൊണ്ട് കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. അതൊരു പുതിയ അനുഭവം ആയിരുന്നു.
മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന ഇഷ്ടമുള്ള ഓണപ്പാട്ടുകള്‍?
ഓണപ്പാട്ടുകള്‍ പലതും മനസ്സിലുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടതും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതുമായ നാലഞ്ച് പാട്ടുകള്‍ ഞാനിപ്പോള്‍ പറയാം.
ഒന്ന്:- 'ഓണപ്പൂവേ... പൂവേ... പൂവേ...
ഓണപ്പൂവെ... പൂവേ...'
രണ്ട്: ഉത്രാടപ്പൂനിലാവെ വാ...
മൂന്ന്: ഉത്രാടപ്പൂവിളിയില്‍ കേരളം...
നാല്: 'ഓണപ്പാട്ടില്‍ താളം തുള്ളും...
അഞ്ച്: തിരുവാവണി രാവ്...
മനസ്സാകെ നിലാവ്...'
ജി. കൃഷ്ണന്‍
ഫോട്ടോ: രാജീവ് ഉത്സവ്