NEWS

ഓണവെയിലിന്‍ തിളക്കം പോല്‍...

News

 

ഓണപ്പൂവേ.. പൂവേ.. പൂവേ...
ഓമല്‍പ്പൂവേ.. പൂവേ...
നീ തേടും മനോഹരതീരം...
ദൂരെ മാടി വിളിപ്പൂ....
ഇതാ.... ഇതാ.... ഇതാ....!

'ഈ ഗാനം മറക്കുമോ' എന്ന സിനിയിലേതാണ് ഈ ഗാനം. പ്രേംനസീര്‍ നായകനായി അഭിനയിച്ച സിനിമ. കുട്ടനാടന്‍ കായലിന്‍റെ ഓളങ്ങള്‍ക്ക് മീതെ ഓടിപ്പോകുന്ന ഒരു ബോട്ടിലിരുന്നു കൊണ്ട് പ്രേംനസീര്‍ പാടി അഭിനയിക്കുന്നു. ഒ.എന്‍.വി.കുറുപ്പ് എഴുതി സലില്‍ ചൗധരി ഈണമിട്ട ഈ ഗാനം യേശുദാസാണ് പാടിയത്. എന്‍. ശങ്കരന്‍നായരാണ് ഈ സിനിമയുടെ ഡയറക്ടര്‍.

ഈ ഓണക്കാലത്ത് ഇങ്ങനെയൊരു പാട്ട് ഓര്‍ത്തെടുത്തതിന് ഒരു കാരണം കൂടിയുണ്ട്. ഓണക്കാലമാകുന്നതോടെ പൂക്കളുടെ പ്രാധാന്യം എത്രയോ വലുതാണ്. അത്തം നക്ഷത്രം തുടങ്ങിയാല്‍ പിന്നെ പൂക്കളമിടാന്‍ ധാരാളം പൂക്കള്‍ വേണ്ടിവരും.

ഇവിടെയിപ്പോള്‍ സാരംഗിയും ദേവനന്ദയും അമൃതയും ഒന്നിച്ചുനില്‍ക്കുമ്പോഴും പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. തെച്ചിപ്പൂവും ജറപറപ്പൂക്കളും നീലത്താമരയും എല്ലാം അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്നു. ആ പൂക്കള്‍ക്ക് ഒരു മധുരചുംബനം നല്‍കിക്കൊണ്ട് ഒരു പൂത്തുമ്പി പറന്നുവന്ന് തേന്‍നുകരുന്നു. ഓണം വന്നാല്‍ നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് കാണാറുള്ള നിറമുള്ള കാഴ്ച. 

ഫാഷന്‍ ഡിസൈനര്‍ സ്മൃതി സൈമണ്‍ന്‍റെ മനോധര്‍മ്മത്തില്‍ വിടര്‍ന്ന പൂക്കളും പൂത്തുമ്പിയുമാണിത്.

സാരംഗിയും ദേവനന്ദയും അമൃതയും സിനിമാക്കാരാണ്. പുതിയവരും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയവരുമായ മൂന്നുപേരുടെ ഒത്തുചേരല്‍ കൂടിയാണ് ഈ സംഗമത്തിലൂടെ നടന്നിട്ടുള്ളത്.

'മാളികപ്പുറം' എന്ന സിനിമയാണ് ദേവനന്ദയെ കീര്‍ത്തിയിലേക്ക് നയിച്ചതെങ്കില്‍ അമൃത പ്രശസ്തി നേടിയത് 'തുടരും' എന്ന സിനിമയിലൂടെയാണ്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച് ശ്രദ്ധ നേടിയിരിക്കുന്നു. ഈയടുത്ത് റിലീസായ 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന സിനിമയിലെ നായികയാണ് സാരംഗി.

ഇങ്ങനെ മൂന്നുപേരും സമീപകാലത്ത് പ്രശസ്തി നേടിയവര്‍. പരസ്പരം നേരില്‍ കാണുന്നതാകട്ടെ, ഇന്ന് മാത്രം. ഒരു അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു ഇവരുടേതെന്ന് പറയാം. ഓണപ്പൂക്കളുടേയും ഓണത്തുമ്പിയുടേയും ഇടയില്‍ ഇവര്‍ ചേര്‍ന്നുനിന്നപ്പോള്‍ മുന്‍കാലത്തെന്നോ തുടങ്ങിവച്ച ഒരടുപ്പം പോലെ, സൗഹൃദബന്ധം പോലെ ലയിച്ചുനിന്നുകൊണ്ട് ചിരിയും പൊട്ടിച്ചിരികളുമായി തിരുവോണത്തിന്‍റെ സുന്ദരമായ നിമിഷങ്ങളും നല്ല മുഹൂര്‍ത്തങ്ങളും പകര്‍ന്നുനല്‍കുന്നുണ്ടായിരുന്നു. ആ അനര്‍ഘനിമിഷങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാത്ത വിധത്തില്‍ വിശാന്തിന്‍റെ സ്റ്റില്‍ ക്യാമറ അതെല്ലാം ഒപ്പിയെടുക്കുന്നുമുണ്ടായിരുന്നു. ഓണവെയിലിന്‍റെ തിളക്കം പോലെ..., 

പൊന്‍വെയില്‍ രീതിയില്‍ സ്റ്റുഡിയോ ലൈറ്റുകളും പ്രകാശിക്കുന്നുണ്ടായിരുന്നു.
തിരുവോണനാളില്‍ എല്ലാത്തിലും പ്രധാനമാണല്ലോ ഓണസദ്യ. തൂശനിലയില്‍ എല്ലാ വിഭവങ്ങളും ചേര്‍ത്ത് പഴവും പപ്പടവും പായസവും ഒക്കെയായി ഓണസദ്യ കഴിക്കുന്നതിന്‍റെ സംതൃപ്തി അതൊന്ന് വേറെ തന്നെ. ഈ ഫോട്ടോഷൂട്ടിന് തൂശനിലകൊണ്ട് പശ്ചാത്തലമൊരുക്കിയത് കണ്ടപ്പോള്‍ ഓണസദ്യയുടെ രുചിയിലേക്ക് മനസ്സൊന്ന് ഓടിപ്പോകാതിരുന്നില്ല. ആ പുതുമ വേറിട്ടുനില്‍ക്കുന്നതായി തോന്നി.

ഓണസദ്യയുടെ തൂശനിലയും ഓണപ്പുടവയും ഓണപ്പൂക്കളും ഓണത്തുമ്പിയും എല്ലാംകൂടി ഒരേ വേദിയില്‍ സംഗമിച്ചതിന്‍റെ വിശേഷതയാണ് മറ്റൊരു കാര്യം.

ഒരിടവേളയില്‍ അമൃതയോട് ഓണഅനുഭവങ്ങളും 'തുടരും' സിനിമയുടെ അനുഭവങ്ങളും ചോദിച്ചപ്പോള്‍ അമൃത മനസ്സ് തുറന്നു.

'സത്യം പറഞ്ഞാല്‍ വലിയ ആഘോഷമൊന്നും ഓണത്തിനുണ്ടാകാറില്ല. ചെറുതാണെങ്കിലും ഞങ്ങള്‍ നാലുപേരും സന്തോഷമായി ഓണം ആഘോഷിക്കുന്നതാണ് പതിവ്. പൂക്കളം ഉണ്ടാക്കും, ഓണസദ്യ ഒരുക്കും. ഞാനും അനുജനും കൂടി പൂക്കളത്തിന്‍റെ ഡിസൈനുണ്ടാക്കല്‍ ഒരു വലിയ ജോലിയായി എറ്റെടുക്കും. അതിന്‍റെ പേരില്‍ ചെറിയ അടിപിടിയുണ്ടാകും. ഒടുവില്‍ അത് എത്തിച്ചേരുന്നത് പപ്പയുടെ കൈയില്‍ തന്നെയായിരിക്കും. പപ്പ വന്ന് നല്ലൊരു ഡിസൈന്‍ ചെയ്തുതരും. അവസാനം ഞങ്ങളും ഒന്ന് ഹെല്‍പ്പ് ചെയ്തുകൊടുക്കും. പൂര്‍ണ്ണമായി കഴിയുമ്പോള്‍ ഫോട്ടോയെടുക്കും. അതുപിന്നെ എഫ്.ബിയിലോ ഇന്‍സ്റ്റയിലോ ഒക്കെ ഒന്ന് പോസ്റ്റ് ചെയ്യും. അതാണ് ഓണത്തിന്‍റെ ഒരു സന്തോഷം.'

ഞങ്ങളിപ്പോള്‍ ചോറ്റാനിക്കരയടുത്താണ് താമസിക്കുന്നതെങ്കിലും അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാട് കോഴിക്കോട് കൊയിലാണ്ടിയിലാണ്. ഞാന്‍ കൊച്ചിയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നതുകൊണ്ട് സാധാരണ പോലെയുള്ള അവധി ദിവസങ്ങള്‍ കിട്ടാറില്ല. എങ്കിലും ഓണത്തിന് അഡ്ജസ്റ്റ് ചെയ്ത് നാട്ടിലൊന്ന് പോകും. അവിടെ തറവാട്ടില്‍ കസിന്‍സെല്ലാമുണ്ട്. പറമ്പില്‍ പോയി കളിക്കും. എപ്പോഴും ചിരിയും തമാശയും ഒക്കെയായി എല്ലാവരുമിരിക്കും.

ഓണക്കോടി ആരാണ് വാങ്ങിത്തരുന്നത്? പപ്പയാണോ മമ്മിയാണോ?

രണ്ടുപേരും വാങ്ങിത്തരും. അടുത്തിരുന്ന് അമൃതയുടെ അച്ഛന്‍ പ്രവീണ്‍ അതുകേട്ടപ്പോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'പണ്ടൊക്കെയായിരുന്നു ഓണത്തിനും വിഷുവിനും ഒക്കെ കോടി വാങ്ങുന്നത്. ഇപ്പോള്‍ എന്നും  എന്നുപറഞ്ഞതുപോലെ ഓരോ വിശേഷങ്ങള്‍ക്കും കല്യാണത്തിനും എല്ലാം കോടി വാങ്ങും. അതെല്ലാം ഓണക്കോടി തന്നെയാണ്.

ഓണസദ്യക്ക് അമ്മയെ സഹായിക്കുമോ?

പാചകത്തില്‍ സഹായമൊന്നുമില്ല. പച്ചക്കറികളൊക്കെ കുറച്ച് അരിഞ്ഞുകൊടുത്തു സഹായിക്കും. പിന്നെ, പപ്പടം കാച്ചലുണ്ടാകും. എനിക്ക് കൂട്ടുകറി വലിയ ഇഷ്ടമാണ്. പിന്നെ അടപ്പായസം. കൂട്ടുകറി കഴിഞ്ഞാല്‍ സാമ്പര്‍ ഇഷ്ടമാണ്.

തുടരും സിനിമയില്‍ ആദ്യം അഭിനയിച്ചു. ആദ്യസിനിമ വന്‍ വിജയവുമായി. അമൃത എന്തുപറയുന്നു?

അങ്ങനെയൊരു വിജയചിത്രത്തിന്‍റെ പാര്‍ട്ടാകാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

ലാല്‍ അങ്കിളിനൊപ്പം ഒരച്ഛനെപ്പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്. സ്നേഹം കൊണ്ടും സംസാരം കൊണ്ടും കെയറിംഗ് കൊണ്ടും ഒക്കെ. ഭയങ്കര ഫണ്ണിയായിരുന്നു. ലാല്‍ അങ്കിള്‍ ലൊക്കേഷനില്‍ വരുന്നതുതന്നെ എന്തെങ്കിലും തമാശകള്‍ പറഞ്ഞുകൊണ്ടായിരിക്കും. 'എന്താണ് മോനെ...' എന്നൊക്കെ ചോദിച്ചുകൊണ്ടായിരിക്കും വരവ്.

ശോഭനാമാമിനും എന്നോട് വലിയ സ്നേഹമായിരുന്നു. നല്ലൊരു ഡാന്‍സറും ആക്ട്രസും ആണല്ലോ ശോഭനാമാം. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു എന്നതിലല്ല, മകളായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നതിലാണ് എനിക്ക് സന്തോഷം തരുന്നത്.

ശോഭനാമാം നല്ലൊരു നര്‍ത്തകിയായതുകൊണ്ടുതന്നെ ഞാനും ഡാന്‍സ് പഠിക്കുന്നുണ്ടെന്ന് പറയുകയും എന്‍റെ ഡാന്‍സിന്‍റെ രംഗങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ഡാന്‍സ് തുടരണമെന്നെല്ലാം പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാന്‍ ഭരതനാട്യവും കുച്ചിപ്പുഡിയും മോഹിനിയാട്ടവും പഠിക്കുന്നുണ്ട്. പിന്നെ, പാട്ടും പഠിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ രണ്ടും ഫോളോ ചെയ്തുപോകണം എന്നെല്ലാം പറഞ്ഞിരുന്നു.

ഡയറക്ടര്‍ തരുണ്‍ സാര്‍ എപ്പോഴും ഓരോ സീനും വിശദമായി പറഞ്ഞുതരികയും എനിക്ക് എന്‍റെ രീതിയില്‍ ചെയ്യാനുള്ള സ്പേസ് എപ്പോഴും തരികയും ചെയ്യുമായിരുന്നു. സാര്‍ അത് ക്രിയേറ്റ് ചെയ്തുകാണിക്കും. ഓരോ സീനിലും സാര്‍ പറയും, നീ ഇപ്പോള്‍ ഇതുപോലെയൊരു സിറ്റ്വേഷനില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക.. അതുപോലെ ചെയ്യാന്‍ പറയും. എന്‍റെ ടീച്ചേഴ്സും പ്രിന്‍സിപ്പലും ഒക്കെ നല്ല സപ്പോര്‍ട്ടുമാണ്.

അമൃത സിനിമയില്‍ തുടരും അല്ലേ?

തുടരണമെന്നുതന്നെയാണ് ആഗ്രഹം. പിന്നെ, ഈ വര്‍ഷം ഞാന്‍ ടെന്‍തിലാണ് പഠിക്കുന്നത്. അതുകൊണ്ട് ക്ലാസ് നഷ്ടപ്പെടുത്തുന്നതും അറ്റന്‍ഡന്‍സും ഒക്കെ ഒരു പ്രശ്നം തന്നെയാണ്. സി.ബി.എസ്.ഇ സ്ക്കൂളല്ലെ.

ഈ വര്‍ഷത്തെ ഓണം എങ്ങനെ ? നാട്ടില്‍ പോകുമോ? അതോ, ചോറ്റാനിക്കരയിലെ വീട്ടിലായിരിക്കുമോ?

ഓണാവധിക്ക് എന്തായാലും നാട്ടില്‍ പോകും. അച്ഛന്‍റെ മാമന്‍ മരിച്ചിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞതേയുള്ളൂ. അതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമുണ്ടാകില്ല.
- അമൃത പറഞ്ഞു.

സാരംഗിയും ഓണ അനുഭവങ്ങള്‍ വിവരിച്ചു.

ഞാനിപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. അച്ഛന്‍റെ വീട് നെയ്യാറ്റിന്‍കരയിലും അമ്മയുടെ വീട് മുട്ടടയിലുമാണ്. ഉത്രാടം നാള്‍ അമ്മയുടെ വീട്ടിലും തിരുവോണത്തിന് അച്ഛന്‍റെ വീട്ടിലുമാണ് ഓണം ആഘോഷിക്കുന്നത്. അന്ന് കസിന്‍സെല്ലാവരും ഒത്തുകൂടും. എല്ലാവരും ചേര്‍ന്ന് പൂക്കളമിടും. പിന്നെ ഓണസദ്യയ്ക്കാണ് പ്രാധാന്യം. അതിനിടയില്‍ എല്ലാവരും കഴിഞ്ഞകാലങ്ങളിലേയ്ക്ക് ഒന്ന് തിരിച്ചുപോയി പണ്ടത്തെ വിശേഷങ്ങളൊക്കെ പറഞ്ഞ് ചിരിയും തമാശയും പങ്കുവയ്ക്കും. മാഞ്ഞുപോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നത് അപ്പോഴാണ്. അപ്പൂപ്പനും അമ്മൂമ്മയും കൂടി പലതും ഇങ്ങനെ ഓര്‍ത്തുപറയുമ്പോള്‍ ഓണക്കളിയുടെയും ക്രിക്കറ്റ് കളിയുടെയുമൊക്കെ പഴയകാല അനുഭവങ്ങള്‍ തിരിച്ചുവരും.

അമ്മയും അമ്മൂമ്മയും കൂടിയാണ് ഓണസദ്യയുടെ ചിട്ടവട്ടങ്ങള്‍. എന്‍റെ വക സഹായമോ പാചകമോ ഒന്നുമില്ല. ഓണസദ്യയില്‍ ഇഷ്ടവിഭവം പാല്‍പ്പായസവും അരിപ്പായസവുമാണ്.

ഓണക്കോടിയുടെ കാര്യം പറഞ്ഞാല്‍ ചെറുപ്പകാലത്തായിരുന്നു അതെല്ലാം കൃത്യമായി കിട്ടിക്കൊണ്ടിരുന്നത്. മുതിര്‍ന്നപ്പോള്‍ ആ പഴയ ശീലങ്ങളൊക്കെ മാറിപ്പോയി. ഇപ്പോള്‍ ഞാനാണ് അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ ഓണക്കോടി വാങ്ങിക്കൊടുക്കുന്നത്.

എങ്ങനെയാണ് സാരംഗി സിനിമയിലേക്ക് വന്നത്?

ഞാന്‍ ഡാന്‍സറാണ്. ഡാന്‍സിന്‍റെ വീഡിയോയുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ പതിവായി പോസ്റ്റ് ചെയ്യുമായിരുന്നു. എന്‍റെ ഒരു വീഡിയോ കണ്ടിട്ട് ഒരു ക്യാരക്ടര്‍ റോളിന് ആപ്ടായി തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് എന്നെ ബന്ധപ്പെട്ടിരുന്നു. ഡയറക്ടര്‍ എന്നെ ഓഡിഷന് വിളിക്കുകയും ഞാന്‍ ഓഡിഷനില്‍ പങ്കെടുക്കുകയും ചെയ്തു. 

തിരികെയെത്തി ഒരു മാസം  കഴിഞ്ഞപ്പോള്‍ വിളി വന്നു. യുണൈറ്റഡ് കിംഗ്ഡം ഓഫ് 
കേരളയില്‍ ക്യാരക്ടര്‍ റോളിലേയ്ക്കല്ല, ഹീറോയിനുവേണ്ടിത്തന്നെ എന്നെ സെലക്ട് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ചു. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അങ്ങനെ എനിക്ക് നല്ലൊരു ലോഞ്ച് കിട്ടി- സാരംഗി പറഞ്ഞു.

അച്ഛന്‍ പണ്ട് കെ.ജി. ജോര്‍ജ് സാറിന്‍റെ 'ഈ കണ്ണി കൂടി' എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ആളാണ്. ശ്യാം മോഹന്‍ എന്നാണ് പേര്. അച്ഛന്‍ ഐ.എസ്.ആര്‍.ഓയിലെ സയന്‍റിസ്റ്റായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. അന്നുപക്ഷേ, ഓഫീസില്‍ നിന്നും ലീവ് കിട്ടാതെ വന്നതിനാല്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. ചേട്ടന്‍ സംഗീത് ചേട്ടനും സിനിമ ഡയറക്ഷനിലും സ്ക്രിപ്റ്റ് വര്‍ക്കിലുമൊക്കെ താല്‍പ്പര്യവുമായി നില്‍ക്കുകയാണ്. അടുത്തുതന്നെ രംഗത്തേയ്ക്ക് വരുന്നുണ്ട്.  അമ്മ സീമ ശ്യാം, കോളേജ് പ്രൊഫസറായിരുന്നു.- സാരംഗിയുടെ വാക്കുകള്‍.

'പൂക്കളമിടുന്ന പതിവുണ്ട്. ഓണസദ്യയുണ്ടാകും. എന്‍റെ അമ്മയുടെ വീട് തിരുവനന്തപുരമാണ്. ഓണത്തിന് അവിടുന്ന് വല്യച്ഛനും വല്യമ്മയുമൊക്കെ ആലുവായില്‍ ഞങ്ങളുടെ വീട്ടിലേക്ക് വരും. എല്ലാവരും ചേര്‍ന്ന് സന്തോഷകരമായി ഓണസദ്യ കഴിക്കുന്നതും ഒക്കെയാണ് ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്ന കാര്യം.' ദേവനന്ദ തുടര്‍ന്നു.

ഈ വര്‍ഷം പിന്നെ ഓണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 'മാളികപ്പുറം' ടീമിന്‍റെ പുതിയ സിനിമയില്‍ 'സുമതി വളവ്' കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് റിലീസായി. അതും വിജയം നേടിയതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ടീമായി പല തീയേറ്ററുകളിലും പോകുകയും പ്രേക്ഷകരെ നേരില്‍ കാണുകയും ഒക്കെ ചെയ്തിരുന്നു. സുമതി വളവില്‍ അല്ലി എന്നൊരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ ചേട്ടന്‍റെ സഹോദരിയുടെ മകളായിട്ടാണ് അഭിനയിച്ചത്.

ദേവനന്ദയുടെ പുതിയ സിനിമാപ്രോജക്ടുകളെക്കുറിച്ച്?

തമിഴില്‍ തമന്ന ആന്‍റിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അത് തമിഴ്നാട്ടില്‍ നല്ല വിജയമായി മാറിയിരുന്നു. ഇപ്പോള്‍ പുതിയ പല പ്രോജക്ടുകളുടെയും ഡിസ്ക്കഷന്‍സ് നടക്കുന്നുണ്ട്.

സ്ക്കൂള്‍ പഠനത്തെക്കുറിച്ച്?

കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്ക്കൂളിലാണ് ഞാന്‍ പഠിക്കുന്നത്. സെവന്‍ത് സ്റ്റാന്‍ഡാര്‍ഡിലെ ടീച്ചേഴ്സ് എല്ലാവരും തന്നെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ നല്ല സപ്പോര്‍ട്ടുതരുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ട് തുടര്‍ച്ചയായി എല്ലാ ദിവസവും ക്ലാസില്‍ കയറാന്‍ കഴിയുന്നില്ല. എങ്കിലും എനിക്ക് പറ്റുന്ന ദിവസങ്ങളിലെല്ലാം ഞാന്‍ പോകാറുണ്ട്. എന്‍റെ ഫ്രണ്ട്സെല്ലാം എനിക്ക് നോട്ട്സെല്ലാം അയച്ചുതരും. എക്സാം എല്ലാം കൃത്യമായി എഴുതാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം.

ഈ വര്‍ഷം അത് സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ്. എന്നാല്‍, കര്‍ക്കിടക മാസത്തിലുമുണ്ട് ഒരോണം. കര്‍ക്കിടകത്തിലെ തിരുവോണ നാളാണത്. അതിന് പിള്ളേരോണം എന്നാണ് പറയാറുള്ളത്. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി അതും ഒരാഘോഷമായി വീട്ടുകാര്‍ കൊണ്ടാടുമായിരുന്നു. എന്നാല്‍, ചില ദേശങ്ങളില്‍, നമ്മള്‍ മലയാളികള്‍ക്കിടയില്‍ തന്നെ പിള്ളേരോണം എന്ന ആഘോഷം മറന്നുപോയിരിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 9-ാം തീയതിയായിരുന്നു കുട്ടികളുടെ ഓണം കടന്നുപോയത്. അഭിമുഖം അവസാനിപ്പിക്കുമ്പോള്‍ ദേവനന്ദ പറഞ്ഞു.

അമൃതചേച്ചി അഭിനയിച്ച 'തുടരും' എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടായി. സാരംഗി ചേച്ചി അഭിനയിച്ച 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന സിനിമയും കണ്ടു. ആ സിനിമകളില്‍ അഭിനയിച്ച രണ്ട് ചേച്ചിമാരുടെയും കൂടെയും ഈ വര്‍ഷം 'മഹിളാരത്ന'ത്തിലൂടെയും ഓണം ആഘോഷിക്കാന്‍ എനിക്ക് കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്.

COSTUME & STYLIST: SMRUTHY SIMON
PHOTOGRAPHY & EDITING: VISANTH P VENU
ACTRESS: DEVANANDHA, AMRUTHA VARSHINI, SARANGI SHYAM
MAKE-UP: KALAS MAKEOVER, ATHIRA
DESINERS: AYANA SINGH, UNNIMAYA C J. ANAMIKA K G
BTS : EDWIN
CREW : SAJEEV JANARDHANAN
STUDIO : EVER GLOW STUDIO KARUKUTTY


 


LATEST VIDEOS

Interviews