ചിലര്‍ക്ക് തുല്യം ചിലര്‍ മാത്രം. അവര്‍ക്ക് പകരക്കാരുണ്ടാവില്ല. മലയാള സിനിമാലോകത്ത് അത്തരത്തില്‍ പകരക്കാരില്ലാത്ത പല കലാകാരന്മാരേയും നമുക്ക് കാണാന്‍ സാധിക്കും. 2024 വിടവാങ്ങിയപ്പോള്‍ അതിനോടൊപ്പം ഓര്‍മ്മയായത് ഒരുപിടി മഹാരഥന്മാരുടെ കാലഘട്ടം കൂടിയാണ്. എന്നാല്‍ അവരില്‍ പലരും ഇനിയും നമുക്കിടയില്‍ ജീവിക്കും. അത് അവര്‍ അഭ്രപാളികളില്‍ തീര്‍ത്തുവെച്ച വേഷപ്പകര്‍ച്ചകളിലൂടെയോ കടലാസില്‍ പകര്‍ത്തിവെച്ച തീക്ഷ്ണമായ വരികളിലൂടെയോ ഒക്കെയാണ്. എന്നാല്‍ നമ്മോടൊപ്പം ഉണ്ടായിട്ടും നമുക്കൊപ്പമല്ലാതെ ജീവിക്കുന്ന ഒരു കലാകാരന്‍ ഉണ്ട്. അതെ, പറഞ്ഞുവരുന്നത് മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ എന്ന അമ്പിളിച്ചേട്ടനെക്കുറിച്ച് തന്നെയാണ്.
1500 ഓളം മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ച ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്നും നമ്മോടൊപ്പം ജീവിച്ചിരിപ്പുണ്ട്. പക്ഷേ അദ്ദേഹം വെള്ളിത്തിരയില്‍ നിന്നും വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടിരിക്കുന്നു. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം 2012 മാര്‍ച്ച് 10 ഒരു ദുര്‍ദിനമായിരുന്നു. അന്നാണ് വിധിയുടെ വിളയാട്ടം ഒരു കാറപകടമായി ജഗതി ശ്രീകുമാര്‍ എന്ന അതുല്യകലാകാരനെ തേടിയെത്തിയത്. തുടര്‍ന്ന് ഏറെ നാള്‍ ആശുപത്രിയിലും ശേഷം വീല്‍ചെയറിലുമായി അദ്ദേഹത്തിന്‍റെ ജീവിതം ബാക്കിയായി. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം തിരിച്ചുവരും എന്നതാണ് ഓരോ മലയാളിയുടേയും പ്രതീക്ഷ. അതിപ്പോഴും അനസ്യൂതം തുടരുന്നുണ്ടെങ്കിലും ജഗതി ഇല്ലാത്ത പന്ത്രണ്ട് കൊല്ലം മലയാളസിനിമയ്ക്കുണ്ടായ നഷ്ടം വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കുന്ന ഒന്നല്ല.
ഇക്കാലയളവില്‍ അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കില്‍ ജീവസ്സുറ്റ എത്രയോ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കുമായിരുന്നു. പിന്നിട്ട നാളുകളില്‍ പല പ്രതിഭാധനന്മാരും മലയാളസിനിമാലോകത്തേയ്ക്ക് കടന്നുവന്നിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ജഗതിക്ക് പകരക്കാരനാകാന്‍ സാധിച്ചില്ല. ഹാസ്യസാമ്രാട്ട് എന്നാണ് ജഗതിയെ വിശേഷിപ്പിക്കുന്നതെങ്കിലും ഹാസ്യത്തിന്‍റെ തട്ടകത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കലാകാരന്‍ ആയിരുന്നില്ല അദ്ദേഹം. നായകനായും പ്രതിനായകനായും സ്വഭാവനടനായുമൊക്ക പ്രേക്ഷകരെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന്‍റെ അഭിനയസപര്യ കേവലം വാക്കുകളില്‍ ഒതുക്കാവുന്ന ഒന്നല്ല.
വ്യക്തിപരമായ ദൗര്‍ബല്യങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്നതിന് ഒരു മടിയും ജഗതി ശ്രീകുമാറിനുണ്ടായിരുന്നില്ല. ആര്‍ക്ക് എന്ത് മുഷിവ് തോന്നിയാലും തന്‍റെ നിലപാടുകള്‍ ജഗതി വളച്ചുകെട്ടാതെ കൃത്യമായി പറയുമായിരുന്നു. ഒരുപക്ഷേ, ഇതര നടന്മാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാകും. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരക ജഗതിയോട് ഇങ്ങനെ ചോദിച്ചു- താങ്കള്‍ക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതാണോ മോഹന്‍ലാലിന്‍റെ കൂടെ അഭിനയിക്കുന്നതാണോ ഏറ്റവും കംഫര്‍ട്ടബിള്‍? മറുപടി പറയാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു. ജഗതിയുടെ മറുപടി ഇങ്ങനെ- ഞാന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകുന്നത് ലാലിനോടൊപ്പം അഭിനയിക്കുമ്പോഴാണ്.
നമ്മള്‍ ഒന്ന് ഡെലിവര്‍ ചെയ്യുമ്പോള്‍ അത് അതേ ക്വാണ്ടിറ്റിയില്‍ തിരിച്ചുലഭിച്ചാല്‍ മാത്രമേ നമുക്ക് എക്സല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലാലിന്‍റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആ ഒരു കെമിസ്ട്രി എനിക്ക് നന്നായി വര്‍ക്ക് ചെയ്യും. ലാല്‍ ഒരു ബോണ്‍ ആക്ടര്‍ ആയതുകൊണ്ടാണ് അയാള്‍ക്കങ്ങനെ അഭിനയിക്കാന്‍ സാധിക്കുന്നത്.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്പയര്‍ ചെയ്യാന്‍ പല സീനിയര്‍ താരങ്ങള്‍ പോലും മടിക്കുമ്പോഴാണ് ജഗതി കാര്യങ്ങള്‍ പച്ചയ്ക്ക് വെട്ടിത്തുറന്ന് പറഞ്ഞത്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സീനിയര്‍ ജൂനിയര്‍ വ്യത്യാസങ്ങളൊന്നുമില്ല. അഭിനയത്തെ കലയായും ആ കലയോടുള്ള തന്‍റെ സമീപനം പ്രൊഫഷണലായും കൊണ്ടുനടക്കാന്‍ ജഗതിക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണല്ലോ യുവതാരം ആസിഫ് അലി ഉള്‍പ്പെടെയുള്ളവരുടെ അഭിനയത്തിലെ പാളിച്ചകളെക്കുറിച്ച് അദ്ദേഹം പച്ചയ്ക്ക് വെട്ടിത്തുറന്ന് പറഞ്ഞത്.
ജീവിതത്തെ ഫിലോസഫിക്കല്‍ ആയി സമീപിക്കുന്ന വ്യക്തി കൂടിയായിരുന്നു ജഗതി. അടുത്തിടെ നടന്‍ പ്രേംകുമാര്‍ അതുമായി ബന്ധപ്പെട്ട ഒരുദാഹണം പറഞ്ഞത് ഓര്‍ക്കുന്നു. പ്രേംകുമാറിന്‍റെ വാക്കുകള്‍ ഇതായിരുന്നു. ജഗതി ശ്രീകുമാറിനായി പ്രൊഡ്യൂസര്‍മാര്‍ പിടിവലി കൂടിയിരുന്ന കാലം. ഒരു സെറ്റില്‍ മൂന്നോ നാലോ പ്രൊഡ്യൂസര്‍മാര്‍ ഒരേസമയം കയറിവന്നു. എല്ലാവര്‍ക്കും ജഗതിയെ തങ്ങളുടെ സെറ്റിലെത്തിക്കണം. സംവിധായകന്‍ വേണുനാഗവള്ളി ജഗതിയെ വിട്ടുനല്‍കാന്‍ ഒരുക്കമല്ല. ഒടുവില്‍ തര്‍ക്കം കയ്യാങ്കളിയുടെ വക്കോളമെത്തി. അവസാനം വന്ന പ്രൊഡ്യൂസര്‍മാരെല്ലാം വെറും കയ്യോടെ മടങ്ങി. ജഗതി ഷൂട്ടിന്‍റെ തിരക്കുകളിലേക്കും.
പിറ്റേന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് വ്യായാമം ചെയ്യുന്ന അമ്പിളിച്ചേട്ടനോട് ഞാന്‍ ചോദിച്ചു- ചേട്ടാ ഇന്നലത്തെ കോലാഹലങ്ങളൊക്കെ കണ്ടിട്ടും ചേട്ടന് എങ്ങനെ ഇത്ര കൂളായിട്ട് ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നു? അതിന് അദ്ദേഹം തന്ന മറുപടി ഇതായിരുന്നു- അനിയാ.. ഓരോരുത്തരും അനുഭവിക്കേണ്ട ടെന്‍ഷനും പ്രയാസങ്ങളുമൊക്കെ ഓരോരുത്തരുടെ തലയില്‍ എഴുതിവെച്ചിട്ടുണ്ട്. അതവര്‍ അനുഭവിച്ചേ മതിയാകൂ. ആ ടെന്‍ഷന്‍ നമ്മള്‍ അങ്ങോട്ട് ചെന്ന് ഏറ്റുവാങ്ങി നമ്മള്‍ കൂടി ടെന്‍ഷന്‍ ആകേണ്ടതില്ല. നമ്മുടെ പണി നമ്മള്‍ ചെയ്യുക. അത്രമാത്രം.
ഒരു പ്രൊഡ്യൂസറുടെ കയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പോക്കറ്റിലിട്ടിട്ടല്ല അദ്ദേഹം
ഷൂട്ടിന് പോകുന്നത്. ഇന്ന ഇന്ന ദിവസം തിരക്കാണ്. അതുകഴിഞ്ഞ് സാധിക്കുമെങ്കില്‍ ഇന്നദിവസം നിങ്ങളുടെ പടത്തില്‍ ജോയിന്‍ ചെയ്യാം എന്ന് മാത്രമേ ജഗതി പറയാറുള്ളൂ. ഒരുപക്ഷേ ജഗതി മാത്രമേ അങ്ങനെ പറയൂ, എന്നുവേണമെങ്കിലും പറയാം. ഷൂട്ട് കഴിഞ്ഞ് മാത്രമേ പ്രതിഫലം വാങ്ങുകയുള്ളൂ. അതുകൊണ്ടുതന്നെ ജഗതിക്ക് ആരോടും വാക്കുമാറ്റി പറയേണ്ടിവരില്ല. തികച്ചും പ്രൊഫഷണലായ അപ്രോച്ച് ആണത്. അതേസമയം, ജഗതിയെ കിട്ടിയേ തീരൂ എന്ന് വാശിയുള്ളവര്‍ കടിപിടികൂടുകയും ചെയ്യും. അതായിരുന്നു ജഗതി ശ്രീകുമാര്‍.
ഒരു മനുഷ്യജീവി എന്ന നിലയില്‍ തന്‍റെ ദൗര്‍ബല്യങ്ങള്‍ ഒളിച്ചുവയ്ക്കാനോ മാന്യതയുടെ മൂടുപടം അണിയാനോ ജഗതി ഒരിക്കലും ശ്രമിച്ചിരുന്നില്ല. അതേസമയം, മാനവികത എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണെന്ന് അദ്ദേഹം ഇതര താരങ്ങള്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കടകളുടേയും മറ്റും ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ എത്തുന്നവരോട് ജഗതി പറയുന്നത് ഇത്രമാത്രം- ഇന്നദിവസം ഞാന്‍ ഫ്രീയാണ്. അന്ന് നിങ്ങള്‍ ഓ.കെ ആണെങ്കില്‍ ശ്രീചിത്ര പുവര്‍ഹോമില്‍(തിരുവനന്തപുരം) പതിനായിരം രൂപ അടച്ചിട്ട് രസീത് കൊണ്ടുകാണിക്കൂ.
പിന്നെ ഉദ്ഘാടനദിവസം എന്നെ പിക് ചെയ്യാന്‍ ഒരു വാഹനവും വേണം. ഇന്ന്, ഉദ്ഘാടനഡേറ്റ് നല്‍കാന്‍ തല്‍പരകക്ഷികളെ മാസങ്ങളോളം നടത്തിക്കുകയും മിനിട്ടിന് ലക്ഷങ്ങളും കോടികളും ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് ഇത് ചിന്തിക്കാന്‍ പോലും സാധിക്കുന്ന ഒന്നല്ല. അതാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് പകരക്കാരില്ല. ഒരു തരത്തിലും. ആ ജഗതി ശ്രീകുമാറിന്‍റെ മടങ്ങിവരവിനായി ഇനിയും കാത്തിരിക്കാം.