തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടന പുതിയ സിനിമകൾ OTT-യിലേക്ക് വിൽക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിനെ തുടർന്ന്, OTT കമ്പനികളും സിനിമകളുടെ അവകാശങ്ങൾ, അതിലും പ്രത്യേകിച്ച് തമിഴ് സിനിമകൾ വാങ്ങുന്ന കാര്യത്തിൽ പല പുതിയ തീരുമാനങ്ങൾ എടുത്തിട്ടുള്ളതായ വിവരങ്ങളാണ് ഇപ്പോൾ കോളിവുഡിൽ സംസാരവിഷയമായിരിക്കുന്നത്. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾ ഇതുവരെ നല്ല വിലയ്ക്ക് പുതിയ തമിഴ് സിനിമകൾ വാങ്ങിയിരുന്നു. ഇങ്ങിനെ വാങ്ങുന്ന സിനിമകൾ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്യുകയും, ഇന്ത്യയിലെ എല്ലാ സിനിമാ ആരാധകർക്കും ഈ സിനിമകൾ കാണാൻ കഴിയുന്ന തരത്തിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ആ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് സാമ്പത്തികമായി വലിയ ഒരു ആശ്വാസവുമായിരുന്നു. എന്നാൽ അങ്ങിനെ വാങ്ങിയ ചിത്രങ്ങളിൽ പലതും വലിയ തരത്തിൽ പരാജയപെട്ടതിനാൽ അത് മൂലം OTT കമ്പനികൾക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇനി തിയേറ്ററുകളിൽ റിലീസായി വിജയിക്കുന്ന ചിത്രങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന തീരുമാനം OTT പ്ലാറ്റ്ഫോമുകൾ എടുത്തിട്ടുണ്ടത്രെ! ഒരു പുതിയ സിനിമയുടെ അവകാശത്തിനായി തിയേറ്റർ റിലീസിന് മുമ്പ് കരാരിൽ ഒപ്പിടുകയാണെങ്കിലും, ആ ചിത്രം തിയേറ്ററുകളിൽ റിലീസായത്തിന് ശേഷം നേരിടുന്ന വിജയ, പരാജയങ്ങളെ അനുസരിച്ചു മാത്രമേ വില നൽകുവാൻ സാധിക്കുകയുള്ളൂ എന്നുള്ള തീരുമാനവും എടുത്തിട്ടുണ്ടത്രെ. അതിനാൽ ഇനി OTT പ്ലാറ്റ്ഫോമുകളെ വിശ്വസിച്ച് പുതിയ ചിത്രങ്ങൾ തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തമിഴ് സിനിമാ ർമ്മാതാക്കൾ! OTT കമ്പനികൾ എടുത്തിട്ടുള്ള ഈ തീരുമാനങ്ങൾ തമിഴ് സിനിമയെ വലിയ തരത്തിൽ ബാധിക്കും എന്നുള്ളത് നിശ്ചയമാണ്.