സംവിധാനരംഗത്ത് നാഷണല്‍ അവാര്‍ഡ് നേടിയ
തരുണ്‍ മൂര്‍ത്തി തന്‍റെ സിനിമായാത്രകളെക്കുറിച്ച് മനസ്സ് തുറക്കുന്നു...
ചെറുപ്പം തൊട്ട് നാടകങ്ങളോട് വലിയ കമ്പം ആയിരുന്നു. നാടകങ്ങള്‍ പലതും ചെയ്തിട്ടുണ്ട്. പിന്നീട് കഥകളി പഠിച്ചു. കലോത്സവങ്ങളിലും മറ്റും സ്ഥിരസാന്നിദ്ധ്യമായിരുന്നതുകൊണ്ടുതന്നെ, കല ഉള്ളിലേക്ക് കയറ്റിയത് കലോത്സവവേദികളാണ്. കല കൊണ്ട് ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍, അക്കാലത്ത് അത് എങ്ങനെ പ്രാവര്‍ത്തികമാകും എന്ന് ധാരണ ഇല്ലാതിരുന്നതുകൊണ്ടും സമൂഹത്തിന്‍റെ ഒഴുക്ക് സ്ഥിരജോലി എന്ന മട്ടില്‍ ആയതുകൊണ്ടും ബി.ടെക് എടുത്തുപഠിച്ചു. പിന്നീട് എപ്പോഴോ ഉള്ളിലെ സിനിമാസാന്നിധ്യം തിരിച്ചറിഞ്ഞു. അപ്പോഴും, സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒട്ടനവധി ഒഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.
പല സംവിധായകര്‍ക്കും വേണ്ടി എഴുത്തുകാരന്‍ ആകാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് അലച്ചിലുകള്‍ക്കുശേഷമാണ് 2019 ല്‍ സംവിധായകന്‍ ആകണം എന്ന് നിശ്ചയിക്കുന്നത്. അന്ന് ആദ്യം എഴുതിയ കഥ ഓപ്പറേഷന്‍ ജാവയുടേത് തന്നെയാണ്. എഴുത്തുകഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ ഓപ്പറേഷന്‍ ജാവ സിനിമയായി. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത എന്‍റെ ആദ്യ സിനിമ ഒരു വര്‍ഷത്തില്‍ ഓണ്‍ ആയി എന്നത് അത്ഭുതം ആയിട്ട് പലരും കരുതുമെങ്കിലും, എന്നെ സംബന്ധിച്ച് അത് എന്‍റെ ഹാര്‍ഡ് വര്‍ക്കിനു പരി, ഞാന്‍ ചെയ്ത സ്മാര്‍ട്ട് വര്‍ക്കിന്‍റെ പ്രതിഫലം ആണ്.
ബി.ടെക് കഴിഞ്ഞ്, സ്ഥിരവരുമാനം തേടി ഞാന്‍ ഒരു കോളേജില്‍ കമ്പ്യൂട്ടര്‍ അധ്യാപകന്‍ ആയി കുറച്ചുകാലം ജോലി ചെയ്തിരുന്നു. തിരഞ്ഞുനോക്കുമ്പോള്‍, ആ യാത്രയും എന്നെ സിനിമയില്‍ സഹായിച്ചിട്ടുണ്ട്. അധ്യാപകന്‍ ആണെന്ന് പറഞ്ഞുപരിചയപ്പെടുത്തുന്നത് കൊണ്ടാവണം എല്ലായിടത്തും എനിക്ക് ഇരിക്കാന്‍ ഒരു കസേര ലഭിച്ചിരുന്നു. ആ കസേരകളും ലേബലും ഞാന്‍ നന്നായി വിനിയോഗിച്ചു.
അധ്യാപകജോലിയില്‍നിന്ന് സിനിമയിലേക്ക് ഇറങ്ങി തിരിക്കും മുന്‍പ് ഞാന്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് എലെഫന്‍റ് ടെയില്‍സ് എന്നൊരു പരസ്യക്കമ്പനി തുടങ്ങിയിരുന്നു. ഞാന്‍ തന്നെ ക്ലൈന്‍റ്സിനെ വിളിക്കും. അവസരം ചോദിക്കും, പരസ്യം ചിത്രീകരിക്കും അങ്ങനെ തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാം ചെയ്തിരുന്നത് ഞാനാണ്. അന്ന് 100 കാള്‍ വിളിച്ചാല്‍ ആണ് ഒരു മീറ്റിംഗ് റെഡി ആകുന്നത്. അതുകൊണ്ടുതന്നെ ഓരോ മീറ്റിംഗിന് പോകുമ്പോഴും ഒരുപാട് പ്രസന്‍റേഷനുകളും മറ്റുമായി മുഴുവന്‍ തയ്യാറെടുപ്പുകളോടെ ആണ് ഞാന്‍ പോയിക്കൊണ്ടിരുന്നത്.
വലിയ കമ്പനികളുടെ മാര്‍ക്കറ്റിംഗിലുള്ളവരെ, ഒരു ചിന്ത പറഞ്ഞ് കണ്‍വിന്‍സ് ചെയ്യുന്നത് അല്‍പ്പം പ്രയാസം ഉള്ള പണി തന്നെയായിരുന്നു. പക്ഷേ അത്തരം കാര്യങ്ങള്‍ ശീലമായതോടെ അന്നത്തെ ആ കഷ്ടപ്പാടുകള്‍ എന്നെ സിനിമയിലും നല്ലൊരു കഥ പറച്ചിലുകാരന്‍ ആക്കി. ചെറുതില്‍ നിന്ന് തുടങ്ങിയ എന്‍റെ പരസ്യക്കമ്പനി പിന്നീട് വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ചെയ്തു. പരസ്യചിത്രീകരണത്തില്‍ നിന്നാണ് എന്നിലെ സംവിധായകന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. സിനിമയ്ക്ക് അപ്പുറം ആളുകളോട് ഇടപഴകാന്‍ ഞാന്‍ പഠിച്ചു. സിനിമ ചെയ്യാനുള്ള ധൈര്യം ഞാന്‍ സിനിമ ചെയ്യുന്നതിന് മുന്‍പേ ആര്‍ജ്ജിച്ചു എന്ന് വേണം പറയാന്‍.
ആദ്യസിനിമ ആയ ഓപ്പറേഷന്‍ ജാവയ്ക്ക് ഞാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരുപാട് ഡ്രാഫ്റ്റുകള്‍ തിരുത്തി എഴുതി. എന്നെ സംബന്ധിച്ച് ഞാന്‍ ഏറെ ആസ്വദിച്ചുചെയ്യുന്ന സമയം ആണത്. സ്ക്രിപ്റ്റ് ഏറ്റവും മികച്ചതാക്കാന്‍ ഞാന്‍ എത്ര സമയവും എടുക്കാന്‍ തയ്യാറാണ്. ജാവയുടെ സ്ക്രിപ്റ്റിലേക്ക് വലിയ താരങ്ങള്‍ വേണമെന്നെനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ തോറ്റുപോയ ഒരുപറ്റം ആളുകളുടെ കഥ ആയിരുന്നു അത്. താരമൂല്യം ഉള്ള പലരും ചെയ്യാന്‍ തയ്യാറാകുമോ എന്നുപോലും ഞാന്‍ ചിന്തിച്ചില്ല.
ബാലുവിനെയും ലുക്മാനെയും കണ്ട് കഥ പറഞ്ഞതോടെ മറ്റൊരു ഓപ്പറേഷനെക്കുറിച്ച് ആലോചിച്ചില്ല. സിനിമയെക്കുറിച്ച് ഒരുപാട് ആകുലതകള്‍ പലരും പ്രകടിപ്പിച്ചിരുന്നു. അന്ന് അതില്‍ അഭിനയിച്ച ആരും മാര്‍ക്കറ്റ് വാല്യൂ ഉള്ളവര്‍ ആയിരുന്നില്ലല്ലോ. അതിലുപരി, കോവിഡിന്‍റെ സമയത്താണ് ജാവ ഇറങ്ങുന്നത്. പക്ഷേ, പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു ജാവയ്ക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത. അന്ന് എനിക്കുണ്ടായ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. എന്‍റെ വിശ്വാസവും ധൈര്യവും എന്‍റെ കഥയില്‍ ആയിരുന്നു. പാട്ടും ടീസറും പോസ്റ്ററുകളിലും എല്ലാം ഞാന്‍ ഒരു പുതുമ ലഭിക്കാന്‍ വാശിപിടിച്ചിരുന്നു. ഓപ്പറേഷന്‍ ജാവ ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാനായി എന്നതാണ് മറ്റൊരു വിജയം.