വയലാര്‍ രാമവര്‍മ്മയെക്കുറിച്ച് ഇനി എന്താണ് കൂടുതല്‍ എഴുതേണ്ടതെന്നറിയില്ല. അത്രമാത്രം അപദാനങ്ങള്‍ ഏറ്റുവാങ്ങിയ ചലച്ചിത്ര ഗാനരചയിതാവും കവിയും ആണ് അദ്ദേഹം. ഇന്ത്യയില്‍തന്നെ അത്തരമൊരു വ്യക്തിത്വം വേറെ ഉണ്ടാകില്ല.
കാന്തികത്വമുള്ള ബഹുവര്‍ണ്ണ പദങ്ങള്‍ കൊണ്ട് വിശ്വദര്‍ശനചക്രവാളത്തില്‍ മാരിവില്‍ വസന്തം സൃഷ്ടിച്ച ഗാനരചയിതാവാണ് വയലാര്‍. അദ്ദേഹത്തിന്‍റെ അന്‍പതാം ചരമവാര്‍ഷികം ഇക്കൊല്ലം ഒക്ടോബര്‍ 27 ന് കേരളം സമുചിതമായി ആഘോഷിക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിനും വയലാര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. അതിന് പ്രത്യക്ഷ തെളിവാണ് 1957 ല്‍ കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം പാളയം രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാന്‍ വേണ്ടി വയലാര്‍ രചിച്ച 'ബലികുടീരങ്ങളെ, സ്മരണകളിരമ്പും രണസ്മാരകങ്ങളെ' എന്ന ഗാനം.

ഇന്നും പല കമ്മ്യൂണിസ്റ്റ് വേദികളിലും ഒരു നവ ഊര്‍ജ്ജം പകരാന്‍ ആ ഗാനം ഉപയോഗിക്കുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സിന്‍റെ പ്രത്യേകമായൊരു താല്‍പ്പര്യവും ഈ ഗാനരചനയ്ക്ക് ഉള്‍പ്രേരകമായുണ്ടായിരുന്നു. പിന്നീട് 'ബലികൂടിരങ്ങളെ'ഗാനം കെ.പി.എ.സി അവരുടെ നാടകത്തിന്‍റെ ഭാഗമാക്കിയപ്പോള്‍ അത് പ്രേക്ഷകന്‍റെ, ഗാനാസ്വാദകന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ വേരോട്ടം സൃഷ്ടിക്കുന്നതായി ത്തീര്‍ന്നു. കെ.പി.എ.സിയുടെ പല നാടക ഗാനങ്ങളും രചിച്ചിരുന്നത് വയലാറും ഒ.എന്‍.വിയും ആയിരുന്നു. അതിനൊക്കെ സംഗീതം നല്‍കിയത് ജി. ദേവരാജനും.
മലയാളചലച്ചിത്രഗാനാസ്വാദനരംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിക്കാന്‍ വയലാര്‍- ദേവരാജസംഗമത്തിന് കഴിഞ്ഞു. ഏകദേശം അറുന്നൂറിലധികം ഗാനങ്ങളാണ് അവ്വിധത്തില്‍ അവര്‍ ചിരസ്മരണീയ അക്ഷരശില്‍പ്പഗോപുരങ്ങളാക്കിത്തീര്‍ത്തത്. അവയൊക്കെ മനസ്സിന് കാലം നല്‍കുന്ന വിപരീത സംഘര്‍ഷങ്ങളെ ലഘൂകരിക്കുകയും, അതേസമയം അതിജീവനത്തിലൂടെ നിലനില്‍ക്കുകയും ചെയ്യുന്നു. ഈ ചലച്ചിത്രഗാനങ്ങള്‍ പിറവി കൊള്ളുന്ന കാലത്ത് ഭൂമിയെ സ്വപ്നം പോലും കാണാത്ത ഇന്നത്തെ കുട്ടികള്‍ പല വേദികളിലും പാടി അംഗീകാരം നേടുന്നുണ്ടെങ്കില്‍ അതിലൊരു പങ്ക് വയലാറിനും ദേവരാജനും അവകാശപ്പെട്ടതാണ്. അവര്‍ ചമയിച്ചൊരുക്കിയ ഗാനസാമ്രാജ്യത്തിലെ ഏതാനും ഗാനങ്ങളിലൂടെ മനസ്സുകൊണ്ട് നമുക്ക് സഞ്ചരിക്കാം.
പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, സംഗമം ത്രിവേണീ സംഗമം, ചക്രവര്‍ത്തിനീ, സ്വര്‍ഗ്ഗപുത്രീ നവരാത്രീ, ആയിരം പാദസരങ്ങള്‍ കിലുങ്ങി, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും, ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു, പൂന്തേനരുവീ പൊന്‍മുടിപ്പുഴയുടെ അനുജത്തി, പൂവുകള്‍ക്ക് പുണ്യകാലം, യാമിനീ യാമിനീ, ഏഴുസുന്ദരരാത്രികള്‍ തുടങ്ങി എത്രയെത്ര വയലാര്‍- ദേവരാജന്‍ ടീമിന്‍റെ ഗാനങ്ങളാണ് ഓര്‍മ്മകളുടെ ചെറുതിരകളായി വന്നെത്തി നമ്മുടെ കാലും മനസ്സും നനച്ചുമടങ്ങുന്നതും വീണ്ടും വിരുന്നെത്തുന്നതും.

ദേവരാജന്‍ മാഷിനൊപ്പം മാത്രമല്ല വയലാര്‍ ഗാനവസന്തം സൃഷ്ടിച്ചിട്ടുള്ളത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍ തുടങ്ങിയവരും വയലാര്‍ ഗാനങ്ങളെ നിത്യസുന്ദരങ്ങളാക്കിയിട്ടുണ്ട്. അതില്‍ സൂര്യകാന്തി സൂര്യകാന്തി, അഞ്ജനകണ്ണെഴുതി(ബാബുരാജ്) ഞാന്‍ ഞാനെന്ന ഭാവങ്ങളെ, ചിത്രശിലാപാളികള്‍ കൊണ്ടൊരു(വി. ദക്ഷിണാമൂര്‍ത്തി), ദ്വാരകേ ദ്വാരകേ ദ്വാപരയുഗത്തിലെ, തളിര്‍വലയോ, താമരവലയോ(എം.കെ. അര്‍ജ്ജുനന്‍) തുടങ്ങിയ ഗാനങ്ങള്‍ അതില്‍ ചില ഉദാഹരണങ്ങളാണ്.
ഇതുവരെ പരാമര്‍ശശിച്ചത് ഒരു ഗാനസാഗരത്തിന്‍റെ അധിപനായ വയലാറിനെക്കുറിച്ചാണ്. ഇനി വയലാര്‍ എന്ന വ്യക്തിയെക്കുറിച്ചും അതിലുപരി അച്ഛനെക്കുറിച്ചും മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വാക്കുകളിലൂടെ പരിചയപ്പെടാം. വയലാര്‍ മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞു 1978 ല്‍ പ്രസിദ്ധീകരിച്ച അഭിമുഖം പുനഃപ്രസിദ്ധീകരിച്ചത് 2011 ഏപ്രില്‍ 3 ലക്കം നാനയിലാണ്. ശരത്ചന്ദ്രവര്‍മ്മയുടെ വാക്കുകളിലേയ്ക്ക്...
എന്‍റെ വീട് കഴിഞ്ഞ മൂന്നുവര്‍ഷമായി ദീര്‍ഘനിദ്രയിലാണ്. പൊട്ടിച്ചിരിയില്ല, ശബ്ദമില്ല, ബഹളമില്ല. സര്‍വ്വത്ര നിശബ്ദത മാത്രം. കാലത്തിന്‍റെ കരുത്തേറിയ കരങ്ങള്‍ക്ക് അല്‍പ്പംപോലും മായിച്ചുകളയാന്‍ കഴിഞ്ഞിട്ടില്ലാത്ത ദുഃഖത്തിന്‍റെയും നഷ്ടബോധത്തിന്‍റെയും സൃഷ്ടിയാണ് എന്‍റെ വീടിന്‍റെ വേദനാകരമായ നിദ്ര. അച്ഛനുള്ള കാലത്തും എന്‍റെ വീടിന്‍റെ സ്ഥിതി അധികദിവസങ്ങളിലും ഇതുതന്നെയായിരുന്നു. പക്ഷേ ആ ദിവസങ്ങളിലെ വീടിന്‍റെ ഉറക്കത്തിന് ഇപ്പോഴത്തേതുപോലുള്ള ദുഃഖത്തിന്‍റെ പശ്ചാത്തലമില്ലായിരുന്നു.
മാസത്തില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് അന്ന് അച്ഛന്‍ വീട്ടിലുണ്ടായിരിക്കുക. മറ്റു ദിവസങ്ങളിലൊക്കെ മദ്രാസിലോ മറ്റെവിടെയെങ്കിലുമോ ആയിരിക്കും. എവിടെ ആയിരുന്നാലും ഫോണ്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. അച്ഛന്‍ വരുന്ന ദിവസം നേരത്തേ അറിയിക്കും. തീവണ്ടിയിലോ, വിമാനത്തിലോ, എറണാകുളത്തായിരിക്കും വരിക. ഞങ്ങള്‍ കാറുമായിപ്പോയി കൂട്ടിക്കൊണ്ടുവരും. അച്ഛന്‍ വീട്ടില്‍ വന്നാല്‍ പിന്നെ സുഹൃത്തുക്കളുടെ പ്രവാഹമാണ്. കവികള്‍, സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങി സ്നേഹിതന്മാരുടെ ഒരു വലിയ സംഘം തന്നെ എപ്പോഴും വീട്ടിലുണ്ടായിരിക്കും. പാട്ടുകള്‍, സാഹിത്യചര്‍ച്ചകള്‍, വാദപ്രതിവാദങ്ങള്‍ എന്നുവേണ്ട ശബ്ദമുഖരിതവും സജീവവും ആയിരിക്കും രാഘവപ്പറമ്പിന്‍റെ അന്തരീക്ഷം. അത് വെളുപ്പിന് മൂന്നും നാലും മണിവരെ നീളും.

പക്ഷേ 1975 ഒക്ടോബറിലുണ്ടായത് വീട്ടില്‍ നിന്നുള്ള അച്ഛന്‍റെ അവസാനത്തെ യാത്രയായിരുന്നു. അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. ഇനി വരികയുമില്ല. എന്‍റെ വീട് ശാശ്വതനിദ്രയില്‍ നിന്നുണരുകയുമില്ല.
മക്കളായ ഞങ്ങളുടെ വിദ്യാഭ്യാസത്തിലും ഭാവിയിലും അച്ഛന് അത്യധികം ഉത്കണ്ഠയുണ്ടായിരുന്നു. ഞാന്‍ പ്രൈമറി സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഏത് സിനിമ വന്നാലും വീട്ടിലുള്ള എല്ലാവരെയും ആലപ്പുഴയില്‍ കൊണ്ടുപോയി അച്ഛന്‍ സിനിമ കാണിക്കും. വീട്ടിലെല്ലാവര്‍ക്കും അന്ന് സിനിമ ഭ്രാന്തായിരുന്നു. പക്ഷേ എനിക്കുമാത്രം അതിലൊരു താല്‍പ്പര്യമില്ലായിരുന്നു. അന്ന് ഞാന്‍ കാറിലിരുന്ന് ഉറങ്ങുന്നതല്ലാതെ തീയേറ്ററില്‍ കയറുകയില്ല. അതിന് അച്ഛനെന്നെ ശകാരിക്കാറുണ്ടായിരുന്നു. പിന്നെ സിനിമയിലും സംഗീതത്തിലും താല്‍പ്പര്യം വന്നപ്പോള്‍ നിരുത്സാഹപ്പെടുത്താനായിരുന്നു പിന്നീടുള്ള അച്ഛന്‍റെ ശ്രമം. വിദ്യാഭ്യാസമാണ് പ്രധാനമെന്നും സിനിമയിലും സംഗീതത്തിലുമെല്ലാം ഭ്രമമുണ്ടായാല്‍ പഠിത്തത്തിലെ ശ്രദ്ധ കുറയുമെന്നായിരുന്നു അച്ഛന്‍റെ ഉപദേശം. ഞാന്‍ പഠിച്ച് ഒരു നല്ല ഡോക്ടറാകണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷേ പ്രീഡിഗ്രി പാസ്സായപ്പോള്‍ എനിക്ക് മെഡിസിന് ചേരാന്‍ കഴിഞ്ഞില്ല. കാരണം 82 ശതമാനം മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ ബി.എസ്.സിക്കുചേര്‍ന്നു. ഇത് രണ്ടാം വര്‍ഷമാണ്. ഉയര്‍ന്ന മാര്‍ക്കോടെ അടുത്ത വര്‍ഷം ഡിഗ്രി പാസ്സാകാനും അങ്ങനെ മെഡിക്കല്‍ കോളേജില്‍ ചേരാനുമുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.

1978 ലാണ് വിദ്യാര്‍ത്ഥിയായ ശരത്ചന്ദ്രവര്‍മ്മയുടെ ഈ ഇന്‍റര്‍വ്യൂ നാന പ്രസിദ്ധീകരിക്കുന്നത്. അവിടെ നിന്നുള്ള കാലഭ്രമണത്തിനിടയില്‍ അദ്ദേഹം അച്ഛന്‍റെ ആഗ്രഹം പോലെ ഒരു ഡോക്ടറായി അടയാളപ്പെടുത്തപ്പെട്ടില്ല. പകരം അച്ഛനെപ്പോലെ അത്ര തിരക്കില്ലാത്ത ഒരു ഗാനരചയിതാവായിട്ടാണ് അറിയപ്പെട്ടത്. ഒരുപക്ഷേ അതിനുകാരണം നല്ല ഗാനങ്ങള്‍ ആവശ്യമില്ലാത്ത ഒരു തലമുറ പുതിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാകാം. എങ്കിലും മലയാളികളായ ഗാനാസ്വാദകരുടെ നെഞ്ചില്‍ ഇന്നും ഒരു തണുപ്പും ആശ്വാസവുമാകുന്നത് അദ്ദേഹത്തിന്‍റെ പിതാവ് വയലാര്‍ രാമവര്‍മ്മയുടെ അമൃതബിന്ദുക്കളായ ഗാനങ്ങള്‍ തന്നെയാണ്. അതാണ് സകല ഉത്കണ്ഠകളും രോഗങ്ങളും അകറ്റുന്ന ഇന്നത്തെ മൃതസഞ്ജീവനി.