NEWS

1000 കോടിയിലധികം നഷ്ടം - തമിഴ് സിനിമ 2024 ഒരു അവലോകനം...

News

തമിഴിലെ പല മുൻനിര താരങ്ങളുടെയും സിനിമകൾ റിലീസായ വർഷമാണ് 2024. അതിനാൽ വർഷാരംഭത്തിൽ വമ്പൻ കളക്ഷൻ നേടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സിനിമാ നിർമ്മാതാക്കളും, വിതരണക്കാരും, തിയേറ്റർ ഉടമകളും, നിരൂപകരും, ആരാധകരുമെല്ലാം! എന്നാൽ ആ പ്രതീക്ഷകളെ തകർക്കും വിധമായിരുന്നു 2024-ലെ ചിത്രങ്ങളുടെ കളക്ഷൻ. ചുരുക്കം ചില സിനിമകൾ മാത്രമാണ്  ലാഭം നേടിയത്. ഏകദേശം 230 ചിത്രങ്ങളാണ് 2024-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അവയിൽ മികച്ച കളക്ഷൻ നേടിയ, ആവറേജ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കുകൾ എടുക്കുകയാണെങ്കിൽ അത് 20-നുള്ളിൽ മാത്രമേ വരികയുള്ളൂ! ആ സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.... 
 

2024-ൽ തമിഴിൽ അധിക ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം വിജയ്‌യുടെ 'GOAT' ആണ്. ഏകദേശം 350 കോടി  രൂപയാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ്. ഈ ചിത്രം 450 കോടി രൂപയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. വളരെയധികം പ്രതീക്ഷകളോടെ ബിഗ് ബജറ്റിൽ ഒരുങ്ങി വലിയ നഷ്‌ടമുണ്ടാക്കിയ ചിത്രങ്ങളാണ് രജനികാന്ത് നായകനായ 'ലാൽ സലാം', കമൽഹാസൻ നായകനായ 'ഇന്ത്യൻ-2', വിക്രം നായകനായ 'തങ്കലാൻ', രജനികാന്തിന്റെ 'വേട്ടൈയ്യൻ', സൂര്യയുടെ 'ഗംഗുവ' തുടങ്ങിയവ. ഈ ചിത്രങ്ങളുടെ മൊത്തം നിർമ്മാണ ചെലവ് 1400 കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ചിത്രങ്ങളുടെ മൊത്ത കളക്ഷൻ 500 കോടിക്കുള്ളിൽ മാത്രമാണ് എന്നാണ് കണക്കുകൾ പറയുന്നത്.   

  ഏകദേശം 150 കോടി ബഡ്ജറ്റിൽ നിർമ്മിച്ച, ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സിനിമ 350 കോടിയിലധികം കളക്ഷൻ നേടി ലാഭകരമായ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചു.  ഈ വർഷത്തിൽ റിലീസായി ഏറ്റവും കൂടുതൽ കളക്ഷനും, ലാഭവും നേടിയ ഒരേയൊരു സിനിമ 'അമരൻ' ആണെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം വിജയ് സേതുപതി നായകനായി എത്തിയ 'മഹാരാജ'യാണ്. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങി 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് 'മഹാരാജ'. ഇതുപോലെ ചെറിയ ബജറ്റിൽ ഒരുങ്ങി മിനിമം വിജയം നേടിയ ചിത്രങ്ങളാണ് 'അരൺമനൈ-4', 'ഗരുഡൻ', 'ഡിമാൻഡി കോളനി-2', 'വാഴൈ', 'ലബ്ബർ പന്ത്', ബ്ലാക്ക്" എന്നിവ.

 മുകളിൽ പറഞ്ഞ സിനിമകൾ കൂടാതെ മിനിമം ബഡ്ജറ്റിലും, മീഡിയം ബഡ്ജറ്റിലും നിർമ്മിച്ച 200-ഓളം സിനിമകളെ കണക്കിലെടുക്കുകയാണെങ്കിൽ ഇവയുടെ നിർമ്മാണ ചെലവ് ഏകദേശം 1200 കോടിയോളം വരുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രങ്ങൾ നേടിയ മൊത്ത കളക്ഷൻ 200 കോടികൾക്കുള്ളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നതാണ് തിയേറ്റർ ഉടമകളും, വിതരണക്കാരും പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ ഈ സിനിമകൾ ഉണ്ടാക്കിയ നഷ്ട്ടം 1000 കോടിയിലധികം വരും.        

 ഇങ്ങിനെയുള്ള നഷ്ട്ടങ്ങൾ തുടരുകയാണെങ്കിൽ സിനിമ വ്യവസായം  തന്നെ നശിക്കും എന്നാണ് കോളിവുഡിലെ ചില വിതരണക്കാർ പറയുന്നത്. ഇതുമാതിരിയുള്ള നഷ്ട്ടങ്ങൾ ഉണ്ടാകാതിരിക്കാൻ  ഗുണം നിലവാരമുള്ള ചിത്രങ്ങൾ ഒരുക്കുകയും. താരങ്ങളുടെയും, സാങ്കേതിക പ്രവർത്തകരുടെയും   ശമ്പളം കുറക്കുകയും ചെയ്യണം എന്നതാണ് നിർമ്മാതാക്കളുടെ ആവശ്യം. 1000 കോടിയിലധികം നഷ്ടം എന്നത് സാധാരണ വിഷയമല്ല. ഈ നഷ്ടം നികത്താനും, തമിഴ് സിനിമയെ രക്ഷിക്കാനും സിനിമയിലുള്ള എല്ലാവരും ഒന്ന്  ചേർന്ന് പ്രവർത്തിക്കേണ്ട കാലമാണ് വന്നു ചേർന്നിരിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.


LATEST VIDEOS

Top News