NEWS

സംഗീതത്തിനു ഭാഷയില്ല..........-പി.സുശീല

News

 

മലയാളത്തിന്റെ ഭാവഗായിക- തെന്നിന്ത്യയിലെ ഗാനകോകില- പി.സുശീലയുമായി ഒരു നേർക്കാഴ്ച.                       സംഗീതത്തെ ജീവവായു പോലെ കാണുന്ന ആ മഹാപ്രതിഭയുമായി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി നടത്തിയ അഭിമുഖത്തിൽ നിന്നും.

 

? സംഗീത ലോകത്തേക്കുള്ള തുടക്കം

1950 ൽ 'പെറ്റ്ട്ര തായ്' എന്ന സിനിമയിൽ. അതൊരു തെലുഗു മൂവി. പി.വെട്ടിയാല നാഗേശ്വരറാവുവിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്. ആ പാട്ട് ഹിറ്റായി.                              

? സംഗീതം പഠിച്ചത്

ആന്ധ്രയിലെ പ്രശസ്ത സംഗീതജ്ഞൻ വാരം വെങ്കിടസ്വാമി നായിഡുവാണ് ആദ്യ ഗുരു. തുടർന്നു ചെന്നൈ മഹാരാജാ സംഗീത കോളേജിൽ ചേർന്നു. അവിടെനിന്നും ആന്ധ്ര യൂണിവേഴ്‌സിറ്റിയിൽ പോയി. ഫസ്റ്റ് ക്ലാസ്സിൽ ഡിപ്ലോമ കരസ്ഥമാക്കി. ആദി നാരായണ റാവു, രാജേശ്വരറാവു എന്നിവരാണ് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത്.                             

? ആ കാലഘട്ടത്തിൽ സംഗീതം തെരഞ്ഞെടുത്തപ്പോൾ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ലേ.  

ആദ്യമൊക്കെ ചെറിയ രീതിയിൽ ഇഷ്ടക്കുറവുണ്ടായിരുന്നു. പിന്നെ എന്റെ പാഷൻ അതാണെന്നു തിരിച്ചറിഞ്ഞ് ഫുൾ സപ്പോർട്ട് കിട്ടി.                                       

? മലയാളത്തിലേക്കുള്ള എൻട്രി.

 സീത എന്ന ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ 'പാട്ടു പാടി ഉറക്കാം ഞാൻ താമരപ്പൂംപൈതലേ...' എന്ന ഗാനം പാടിയാണ് മലയാള പ്രവേശം.                          

? അന്ന് ആരെങ്കിലുമായി മത്സരമുണ്ടായിരുന്നോ.        

ഇല്ല. പി.ലീലയാണ് അന്നു മലയാളത്തിൽ പ്രശസ്ത. എന്നാൽ അവരുമായി ഒരു മത്സരവുമില്ലായിരുന്നു. എസ്.ജാനകിയും വാണീജയറാമും ആരുമായും മത്സരമുണ്ടായിട്ടില്ല. ആലാപനത്തിൽ അവർ അവരുടേതായ ശൈലിയിൽ തിളങ്ങി. ഞാൻ എന്റേയും.                        

?  മലയാളത്തിലെ ഭാവഗായിക എന്ന് എന്നാണറിയപ്പെട്ടത്.

ഓരോ ഗാനവും അതിന്റെ ഭാവം ഉൾക്കൊണ്ടു പാടാനുള്ള ദൈവാനുഗ്രഹമുണ്ടായി.

 ? മലയാളത്തിൽ ഏറ്റവുമധികം ഗാനങ്ങൾ ആരുടെ സംഗീതസംവിധാനത്തിൻ കീഴിലാണു പാടിയിട്ടുള്ളത്.

ദേവരാജൻ മാഷിന്റെ.                            

? ഇടയ്ക്ക് മകൻ മരിച്ചപ്പോൾ ഇനി പാട്ടു പാടില്ല എന്നൊരു തീരുമാനമെടുത്തിരുന്നല്ലോ.                                    

ശരിയാണ്. മകനു രണ്ടു വയസ്സുള്ളപ്പോഴാണവന്റെ മരണം. അവനോടുള്ള അമിത വാത്സല്യം കൊണ്ട് ഇനി ഒന്നും വേണ്ട എന്നു തീരുമാനിച്ചു. അതൊരു വലിയ വീർപ്പുമുട്ടലായിരുന്നു,           

? പിന്നതെങ്ങിനെ തരണം ചെയ്തു.                                      

ഇനി ഞാൻ പാടില്ല എന്നറിഞ്ഞ് ദേവരാജൻ മാഷും കുഞ്ചാക്കോയും കൂടി എന്റെ വീട്ടിൽ വന്നിരുന്നു. ഞാൻ പാടിയില്ലെങ്കിൽ മാഷ് ഇനി സംഗീതം ചെയ്യില്ലെന്നും കുഞ്ചാക്കോ പടം നിർമ്മാണം നിർത്തുകയാണെന്നും പറഞ്ഞു. അവരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും പാടാനാരംഭിച്ചു.                 

? ഒടുവിൽ ദേവരാജൻ മാഷുമായി പിണങ്ങേണ്ടിയും വന്നു. അല്ലേ,                                     

ശരിയാണ്. എം.എസ്.വിശ്വനാഥൻ മാഷിന്റെ ചിത്രത്തിൽ പാടാൻ പോയത് ദേവരാജൻ മാഷിനിഷ്ടപ്പെട്ടില്ല.                            

? യേശുദാസിനോടൊപ്പം.

നൂറ്റി അമ്പതിലേറെ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.                       

? ആയിരത്തിലധികം മലയാള ഗാനങ്ങളാലപിച്ചു. രണ്ടു സംസ്ഥാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്തു തോന്നുന്നു.                         

മധുരമുള്ളതാണു മലയാളം. കരിമ്പിൻ നീരു പോലെ. എനിക്കു തുടക്കത്തിൽ മലയാളം പറയാൻ തന്നെ അറിയില്ലായിരുന്നു. പതിനഞ്ചുനാൾ റിഹേഴ്‌സൽ എടുത്ത ശേഷമാണ് ഒരു പാട്ടു പാടിയിരുന്നത്. ഇപ്പോൾ നാവു വഴങ്ങി തുടങ്ങി.                             

? ദേശീയ പുരസ്‌ക്കാരം അഞ്ചു തവണ ലഭിച്ചു.                 

അതെ. ആദ്യം ലഭിച്ച ദേശീയ പുരസ്‌ക്കാരത്തിനാണു മധുരമേറെ.                        

? അതെന്താ

1969 ലാണ് ആദ്യ ദേശീയ അവാർഡ് എന്നെ തേടിയെത്തിയത്. ഒരു വനിതയ്ക്ക്- പിന്നണി ഗായികയ്ക്ക്- ആദ്യമായാണ് ദേശീയ അംഗീകാരം ലഭിക്കുന്നത്. ആ ഭാഗ്യം എനിക്കു ലഭിച്ചു.                                   

? പത്മവിഭൂഷൺ

2008 ൽ ലഭിച്ചു. ഗിന്നസ് റിക്കോർഡും കിട്ടി.                                     

? ആറു ഭാഷകളിലായി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ് പാട്ടുകൾ പാടിയതിനു ലഭിച്ച അംഗീകാരം.

അതെ.                                    

? മലയാളത്തിൽ അവസാനമായി പാടിയ ചിത്രം.                                 

2003 ൽ അമ്മക്കിളിക്കൂട്. ''ഹൃദയഗീത മായി...' എന്ന ഗാനം.                                        

? ഇപ്പോൾ                            

പി.സുശീല ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. സംഗീതലോകത്തെ കലാകാരന്മാർക്കു വേണ്ടി. വാർദ്ധക്യമായവർക്കു പെൻഷൻ നൽകുന്നു. പിന്നെ പി. സുശീല അവാർഡ് എന്ന പേരിൽ സംഗീതരംഗത്തെ പ്രതിഭകൾക്കായി ഒരവാർഡും നൽകി വരുന്നു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ആദ്യം എസ്. ജാനകിക്കു നൽകി. പിന്നെ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്. തുടർന്ന് യേശുദാസിന്. ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു.

പി.ലീലക്കുശേഷം വന്ന് മലയാളത്തെ അടക്കിവാണ തെലുഗുകാരി. വിനയം മുഖമുദ്രയാക്കിയ സാധാരണക്കാരി. ഇവിടെ സംഗീതത്തിനു ഭാഷയില്ല. ഏതു ഭാഷയായാലും സംഗീതം അതിർവരമ്പുകൾ കടന്ന് പറന്നു കൊണ്ടേയിരിക്കുന്നു. ഒപ്പം പി. സുശീലയും.

 

 മൈക്കിൾ വർഗീസ് ചെങ്ങാടക്കരി

ഫോട്ടോ: സ്വാമി പ്രേമസരസ്വതി.

 

 

 

 


LATEST VIDEOS

Top News