കഴിഞ്ഞ വർഷം അതായത് 2022 ൽ ഓഗസ്റ്റ് 11-ാം തീയതിയായിരുന്നു '... ന്നാ ഞാൻ കേസ് കൊട്' എന്ന സിനിമ റിലീസായത്. ആ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ പി.പി കുഞ്ഞികൃഷ്ണൻ അന്ന് ഏവരാലും പ്രശംസിക്കപ്പെട്ടിരുന്നു. തനതായ ശൈലിയിലൂടെ അഭിനയരംഗത്തുവന്ന കുഞ്ഞികൃഷ്ണന് സന്തോഷം പകർന്ന നിമിഷങ്ങളായി ഓരോ ദിനവും കടന്നുവരുന്നതിനിടയിലാണ് തിരുവോണം വന്നത്.
പഞ്ചായത്ത് മെമ്പർ കൂടിയായ കുഞ്ഞികൃഷ്ണൻ മാഷിന് ആ വർഷത്തെ തിരുവോണം തിളക്കമുള്ളതായി മാറിയത് ഒരു സിനിമയുടെ വരവാണ്. വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെ സന്തോഷത്തിന് വക നൽകിയ ഓണക്കാലം.. അന്ന് എവിടെയും മാഷ് അതിഥിയായി എത്തിക്കൊണ്ടിരുന്നത് പഞ്ചായത്ത് മെമ്പറുടെ പ്രാധാന്യത്തിൽ മാത്രമായിരുന്നില്ല. ഒരു സിനിമാനടന്റെ പരിവേഷത്തോടുകൂടിയായിരുന്നു.
ഇന്ന്, ഒരു വർഷം കൂടി പിന്നിടുമ്പോൾ ഇരട്ടിമധുരമാണ് മാഷിന് അനുഭവിക്കാൻ കഴിയുന്നത്.
ഇക്കഴിഞ്ഞ ജൂലൈ അവസാനവാരത്തിൽ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഏറ്റവും നല്ല സ്വഭാവനടനായി തെരഞ്ഞെടുക്കപ്പെട്ടത് കുഞ്ഞികൃഷ്ണൻ മാഷായിരുന്നു. സർക്കാരിന്റെ ഒരു പുരസ്‌ക്കാരം ലഭിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചുപറഞ്ഞാലും അതൊരു വലിയ ആനന്ദം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ഓണത്തിന് ഇരട്ടിമധുരം എന്ന് സമർത്ഥിച്ചു പറഞ്ഞത്.
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് മാഷിന്റെ വീട്. തടിയൻ കോവിൽ എന്നാണ് ആ നാടിന്റെ പേര്. പടന്ന ഗ്രാമത്തിൽ.
വടക്കൻ ജില്ലയിലെ ഓണാഘോഷങ്ങൾ തെക്കൻ ജില്ലക്കാർക്ക് അത്രകണ്ട് സുപരിചിതമല്ലെന്നതുകൊണ്ടുതന്നെ അവിടുത്തെ ഓണാഘോഷങ്ങളും ഓണ ഒരുക്കങ്ങളും ഒക്കെ സാധാരണ നടക്കുന്നത് എങ്ങനെയാണെന്ന് ചോദിക്കുകയുണ്ടായി.
അദ്ദേഹം പറഞ്ഞു.
'അവിടെ കൈരളി ഗ്രന്ഥാലയവും മനീഷ തീയറ്റേഴ്‌സും ഒത്തുചേർന്ന് സംയുക്തമായി ഓണം ആഘോഷിക്കുന്ന പതിവാണുള്ളത്. ഓണനാളിൽ അവിടെ രാവിലെ മുതൽ രാത്രി വരെ പരിപാടികളുണ്ടായിരിക്കും. എല്ലാ വീടുകളിലും പൂക്കളമിടുന്നതിൽ മത്സരമുണ്ട്. മികച്ച പൂക്കളത്തിന് ക്യാഷ് അവാർഡുകൾ നൽകും. പിന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും.
നേഴ്‌സറിപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൽ, ലളിതഗാനം, ക്വിസ് മത്സരം, ഇതെല്ലാം നടക്കും. ഉച്ചയോടെ ഇതെല്ലാം അവസാനിച്ചുകഴിഞ്ഞാൽ ഉച്ചയൂണിന് സമയമായി. എല്ലാവരും ഒത്തുചേർന്ന് ഓണസദ്യ കഴിക്കും. ഓണസദ്യ കഴിഞ്ഞ് ഒരു വിശ്രമം. പിന്നെ മൂന്ന് മണിക്കുശേഷം കായികമത്സരങ്ങൾ തുടങ്ങും. ഓട്ടമത്സരം, വെള്ളച്ചാട്ടം, ചാക്ക്‌റൈസ്, ഓണത്തല്ല്, കമ്പുവലി, വടംവലി, കസേരകളി, ചട്ടിറൈസ്, ബലൂൺ ഫൈറ്റിംഗ് തുടങ്ങിയ നടക്കും.
ഇതിൽ ചട്ടിറൈസ് എന്താണ്?
ഞങ്ങളുടെ നാട്ടിൽ ചട്ടിറൈസ് എന്നുപറയുന്നത് കലം തല്ലിപ്പൊട്ടിക്കൽ തന്നെയാണ്. ഉറിയടി എന്നാകും തിരുവിതംകൂർ സൈഡിൽ പറയുക. സന്ധ്യയോടെ ഈ മത്സരങ്ങളെല്ലാം തീരും. അതിനുശേഷം പ്രച്ഛന്നവേഷം, മോണോ ആക്ട്, നാടൻപാട്ട്, സംഗീതം, ഡാൻസ് തുടങ്ങിയ പരിപാടികൾ നടക്കും.
ഞങ്ങളുടെ നാട്ടുകാരാണ് എന്നോട് ഈ സന്തോഷ വർത്തമാനം ആദ്യം പറയുന്നത്. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. മാഷിന് ഒരു അവാർഡുണ്ടെന്ന്.
വീട്ടുകാർ എന്തുപറയുന്നു?
എല്ലാവരും സന്തോഷം. ഭാര്യ ടീച്ചറാണ്, സരസ്വതി. മൂത്തമോൻ സാരംഗ് ഷിപ്പിൽ വർക്ക് ചെയ്യുന്നു. രണ്ടാമത്തെ മോൻ ആസാദ് എഞ്ചിനീയറിംഗ് ലാസ്റ്റ് ഇയറിൽ പഠിക്കുന്നു. ഈ ഓണത്തിന് മൂത്തമോന് അവധി കിട്ടില്ല. ഞങ്ങൾ മൂന്നുപേരും പിന്നെ ഏട്ടനും കുടുംബവും അനിയത്തിയും ഒക്കെയായിട്ടായിരിക്കും ഈ വർഷത്തെ ഓണം. പിന്നെല്ലാറ്റിലും ഉപരിയായി എന്റെ നാട്ടുകാർക്കൊപ്പവും ഓണത്തിന്റെ സന്തോഷം പങ്കിടും. അതെല്ലാം സിനിമയിൽ വരും മുമ്പെയുള്ള പതിവാണ്. കാരണം, ഞാൻ നാട്ടിലെ പഞ്ചായത്ത് മെമ്പർ കൂടിയാണല്ലോ. അവരുമൊത്തുമായുള്ള എന്റെ ഓണാഘോഷങ്ങൾക്കും ഇത്തവണ പ്രസക്തി ഏറെയാണ്.
ജി. കൃഷ്ണൻ