പാലിനും പഴത്തിനും മധുരമുണ്ട്. എന്നാല്‍, രുചിയുടെ കാര്യത്തില്‍ വിഭിന്നതയുണ്ട്. ഇതുപോലെ സാമ്യതയുള്ള രണ്ട് കഥാപാത്രങ്ങളുമായി ഒരു സിനിമ വരുന്നു. പാലും പഴവും. അതുതന്നെയാണ് സിനിമയുടെ പേരും. വി.കെ പ്രകാശാണ് ഈ സിനിമയുടെ സംവിധായകന്‍. പത്തുവയസ്സെങ്കിലും വ്യത്യാസമുള്ള ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റെയും അവരുടെ വിവാഹത്തിന്‍റെയും കഥയാണ് ഈ സിനിമ പറയുന്നത്.
'വൈരുദ്ധ്യങ്ങളുടെ സമന്വയം' എന്നുപറഞ്ഞുകേട്ടിട്ടില്ലേ. ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഒരു കഥയാണ് 'പാലും പഴവും' എന്ന ചിത്രമെന്നും 2016 കാലഘട്ടത്തില്‍ ഫെയ്സ്ബുക്കിന്‍റെ വരവോടെ ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ഒരു പെണ്‍കുട്ടിയുടെയും ചെറുപ്പക്കാരന്‍റെയും കഥയാണിതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.
അവരുടെ പിന്നീടുള്ള കണ്ടുമുട്ടലും പ്രേമവും ഒക്കെയാണ് സിനിമ. നല്ല കോമഡിയിലൂടെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. നല്ല ലൈറ്റ് ഹാന്‍ഡായിട്ട് പറഞ്ഞുപോകുന്ന കഥ.. വളരെ ഫീല്‍ഗുഡായി പറഞ്ഞുപോകുന്ന കഥയാണെന്നും വിശേഷണമുണ്ട്.
ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മീരാജാസ്മിനും അശ്വിന്‍ ജോസുമാണ്. രണ്ടുപേരുടെയും പെര്‍ഫോമന്‍സ് വളരെ ഗംഭീരമായിരുന്നു. വളരെനാള്‍ മുമ്പ് മീരയെ വച്ച് ഞാന്‍ ആര്‍ട്ടിസ്റ്റിക്കായിട്ടുള്ള ഒരു സിനിമ ചെയ്തിരുന്നു. എന്നാല്‍, മീരയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള ഒരു പ്രോപ്പര്‍ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്.
അശ്വിന്‍ ക്വീന്‍, അനുരാഗം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടനാണെങ്കിലും ഈ സിനിമ വരുന്നതോടെ അശ്വിന് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. വളരെ ഇന്‍റലിജന്‍റായിട്ടുള്ള ഒരു ആക്ടറാണ് അശ്വിനെന്ന് എനിക്ക് തോന്നി. നല്ല ഹ്യൂമര്‍ സെന്‍സും ടൈമിംഗും വളരെ പാഷനും ഒക്കെയുള്ള ഒരു നടനാണ്. നല്ല ഇന്‍ററസ്റ്റിംഗായിട്ടുള്ള ഇവരുടെ ഈ കോമ്പിനേഷന്‍ എല്ലാവര്‍ക്കും ഇഷ്ടമാകും. അത്ര മനോഹരമായിട്ടാണ് ഇവര്‍ രണ്ടുപേരും അഭിനയിച്ചിരിക്കുന്നത്. വി.കെ പ്രകാശ് അഭിപ്രായപ്പെട്ടു.
ടു ക്രിയേറ്റീവ് മൈന്‍ഡ്സിന്‍റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാലും പഴവും എന്ന ചിത്രത്തിനെക്കുറിച്ച് നിര്‍മ്മാതാവ് വിനോദ് ഉണ്ണിത്താന്‍ സംസാരിച്ചു.
'ഞാന്‍ ആദ്യം നിര്‍മ്മിച്ച സിനിമ 'ജവാനും മുല്ലപ്പൂവും' ആണ്. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി ഞാന്‍ കുറെ കഥകള്‍ കേട്ടിരുന്നു. നല്ലൊരു കഥയ്ക്കുവേണ്ടി കാത്തിരിക്കുമ്പോഴാണ് സംവിധായകന്‍ വി.കെ. പ്രകാശിനെ കണ്ടുമുട്ടുന്നതും ഇങ്ങനെയൊരു കഥ ഉണ്ടെന്നു പറഞ്ഞതും. ഈ കഥ കേട്ടപ്പോള്‍ ഇപ്പോഴത്തെ യൂത്തിനും ഫാമിലി ഓഡിയന്‍സിനും പറ്റിയ ഒരു കഥയാണിതെന്ന് എനിക്ക് തോന്നി. ത്രൂ ഔട്ട് കോമഡി എന്‍റര്‍ടെയ്ന്‍മെന്‍റ് സിനിമയായി മാറുന്ന കഥയാണെന്ന് മനസ്സിലായപ്പോള്‍ ഇത് രണ്ടാമത്തെ പ്രോജക്ടായി മാറുകയായിരുന്നു.
സുമി എന്ന പെണ്‍കുട്ടി ബാങ്ക് ഉദ്യോഗസ്ഥയാണ്. നായകന് പ്രത്യേകിച്ചൊരു ജോലിയോ പദവിയോ ഒന്നുമില്ല. മടിയനും ഉഴപ്പനുമാണ് അയാള്‍.
ഞാന്‍ കുറെക്കാലമായി ബോംബെയിലാണുള്ളത്. ബോംബെയില്‍ ചിത്രീകരിക്കുന്ന മലയാളം സിനിമകള്‍ക്കുവേണ്ടി ഞാനവിടെ ലൈന്‍ പ്രൊഡ്യൂസറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വന്ന നീരാളി, ലൂസിഫര്‍, ഡിയര്‍ ഫ്രണ്ട്, വോയിസ് ഓഫ് സത്യനാഥന്‍, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി ഞാന്‍ അവിടെ പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബോംബെയിലെ ഫിലം ഇന്‍ഡസ്ട്രി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉറ്റുനോക്കുന്നത് മലയാളം ഫിലിം ഇന്‍ഡസ്ട്രിയാണ്. വളരെ സക്സ്സസായി നിലനില്‍ക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം എന്ന അഭിപ്രായം അവര്‍ക്കുണ്ട്.
അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് പനോരമ മ്യൂസിക് മലയാളം സിനിമാരംഗത്തേയ്ക്ക് എന്‍ട്രിയാകുവാന്‍ താല്‍പ്പര്യം കാണിച്ചത്. ഞങ്ങളുടെ ഈ സിനിമയുടെ പാട്ടുകള്‍ക്ക് റൈറ്റ്സ് പനോരമ മ്യൂസിക്കാണ് വാങ്ങിയിരിക്കുന്നത്. ഗോപിസുന്ദര്‍, സച്ചിന്‍, ബാലു, ജോയല്‍ ജോണ്‍സ്, ജസ്റ്റിന്‍- ഉദയ് എന്നിവരാണ് സംഗീതം.
ഗാനരചന സുഹൈല്‍ കോയ, വിവേക് മുഴക്കുന്ന്, നിതേഷ് നടേരി, ടിറ്റൊ പി. തങ്കച്ചന്‍.
മൊത്തം ഏഴ് പാട്ടുകളുണ്ട്. ഇതില്‍ സിനിമയില്‍ അഞ്ച് പാട്ടുകളാണുള്ളതെന്നും ഒരു പിക്നിക്ക് പാട്ട് പാടിയിരിക്കുന്നത് നടന്‍ അശോകനാണെന്നും നിര്‍മ്മാതാവ് വിനോദ് ഉണ്ണിത്താന്‍ പറഞ്ഞു.
മണിയന്‍പിള്ള രാജു, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അശോകന്‍, നന്ദുപൊതുവാള്‍, ശാന്തികൃഷ്ണ, നിഷാസാരംഗ്, സന്ധ്യാരാജേന്ദ്രന്‍, രചനാനാരായണന്‍കുട്ടി, അര്‍ജുന്‍, മിഥുന്‍, സുമേഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.
നിര്‍മ്മാതാവും നടനുമായ രഞ്ജിത്ത് മണമ്പ്രക്കാട്ട് ഈ ചിത്രത്തില്‍ 45 വയസ്സുകാരനായ ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നുണ്ട്. നല്ല പക്വതയുള്ള, നന്മയുള്ള ഈ കഥാപാത്രം കോമഡിക്ക് പ്രാധാന്യമുള്ള താണെന്നും കൃഷ്ണകുമാര്‍ എന്നാണ് പേരെന്നും ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴയാത്തത് കുറെ സസ്പെന്‍സുള്ളതുകൊണ്ടാണെന്നും രഞ്ജിത്ത് പറഞ്ഞു.
അനുരാഗത്തിലൂടെ അനുരാഗകഥയില്‍
അലസനും മടിയനുമായ ഒരു കഥാപാത്രമാണ് നായകന്‍ സുനിലിന്‍റേത്. അശ്വിന്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഈ വേഷം. 'അനുരാഗം' എന്ന സിനിമ കണ്ടിട്ടാണ് നിര്‍മ്മാതാവ് വിനോദും സംവിധായകന്‍ വി.കെ.പിയും കൂടി അശ്വിനെ തെരഞ്ഞെടുത്തത്.
മടിയനായ സുനിലിന് ജീവിതത്തില്‍ എങ്ങനെയും ഒന്ന് രക്ഷപ്പെടണമെന്ന് മനസ്സില്‍ മോഹമുണ്ട്. കൂടുതല്‍ അദ്ധ്വാനിക്കാതെ എങ്ങനെ ജീവിതം സുഭിക്ഷമാക്കാം എന്നുള്ളതാണ് മടിയനായ സുനിലിന്‍റെ ചിന്ത. ഒടുവില്‍ സുനില്‍ അതിനൊരു വഴി കണ്ടുപിടിച്ചു. സെറ്റിലായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക. അതിനെയാണ് ബാങ്ക് ഉദ്യോഗസ്ഥയായ സുമിയെ സുനില്‍ വിവാഹം കഴിക്കുന്നത്. വിവാഹം നടക്കുന്നതോടെ സുനിലും സെറ്റിലാകുമല്ലോ. ഇങ്ങനെ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറായി നടന്ന സുനിലിന്‍റെയും അയാളുടെ ഭാര്യയായി തീര്‍ന്ന സുമിയുടെയും മധുരമുള്ള കഥയാണ് പാലും പഴവും. ഈ സിനിമ തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഇത്തരത്തില്‍ രസകരമായ ഒരു കഥയില്‍ നായകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ പറയുകയുണ്ടായി.
കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍, ഡി.ഒ.പി രാഹുല്‍ദീപ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, കോസ്റ്റ്യൂംസ് ആദിത്യനാണു, മേക്കപ്പ് ജിത്തു പയ്യന്നൂര്‍.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്, സ്റ്റില്‍സ് അജി മസ്ക്കറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍ നിര്‍മ്മല്‍ രാമകൃഷ്ണന്‍, പ്രോജക്ട് ഡിസൈനര്‍ ബാബു മുരുകന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ്ചന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ ബാബു മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്.
മൂന്നാര്‍, കോലഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഓഗസ്റ്റ് 23 ന് തീയേറ്ററിലെത്തും.
ജി. കൃഷ്ണന്‍
ഫോട്ടോ: അജി മസ്ക്കറ്റ്