കലാകാരന്മാരെ എപ്പോഴും ഓര്‍ത്തിരിക്കും എന്നതിന് ഉദാഹരണമാണ് അച്ഛന്‍ മരിച്ചിട്ട് ഇത്ര വര്‍ഷത്തിനുശേഷവും പ്രേക്ഷകരില്‍ നിന്നും മക്കളായ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം. എങ്ങനെയാണ് അതിനെ കാണുന്നത്?
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ആണ് ആ സ്നേഹം വരുന്നത്. ഞാന്‍ ഏത് ലൊക്കേഷനില്‍ പോയാലും എല്ലാവര്‍ക്കും അച്ഛനെപ്പറ്റി എന്തെങ്കിലും ഒക്കെ പറയാനുണ്ടാകും. അച്ഛനുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓര്‍മ്മകള്‍ അവരെന്നോട് പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷമാണ്. അച്ഛന്‍ സ്ക്രീനില്‍ വില്ലന്‍ ആയിരുന്നെങ്കിലും റിയല്‍ ലൈഫില്‍ വളരെ നല്ല മനുഷ്യനായിരുന്നു എന്നതിന് ഉദാഹരണമാണ് അതെല്ലാം. സിനിമാമേഖലയില്‍ അല്ലാതെ അതിന് പുറത്തുള്ളവരും എന്നോട് അച്ഛനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. രതീഷിന്‍റെ മകനാണ് എന്നതില്‍ എനിക്കും ഒരുപാട് സ്നേഹം ലഭിക്കാറുണ്ട്.
അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം എങ്ങനെയായിരുന്നു ചെറിയ കുട്ടിയായ പത്മരാജ് ഉള്‍ക്കൊണ്ടത്?
ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. എന്നാലും അച്ഛന്‍ ഇല്ല എന്നുള്ള ഒരു വേദന അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. അമ്മ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നെ അച്ഛന്‍റെ സുഹൃത്തുക്കളും ഞങ്ങളുടെ കൂടെയുണ്ടായി. സുരേഷ്ഗോപി അങ്കിളും, മമ്മുക്കയും ഒക്കേ വേദനയില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതൊക്കെ അച്ഛന്‍റെ അനുഗ്രഹം തന്നെയായിരുന്നു.
രതീഷ് സാര്‍ അധികം ഐ.വി. ശശി സിനിമകളിലാണ് അഭിനയിച്ചിരുന്നത്. അച്ഛന്‍ തന്‍റെ സിനിമാ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാറുണ്ടായിരുന്നോ?
ഇല്ല. അന്ന് ഞങ്ങള്‍ വളരെ ചെറിയ കുട്ടികളായിരുന്നു. അതൊന്നും മനസ്സിലാക്കാന്‍ ഉള്ള പക്വത ഞങ്ങള്‍ക്കില്ലായിരുന്നു. അച്ഛന്‍ മലയാള സിനിമയിലെ ഒരു തിരക്കുള്ള നടനായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നത് തന്നെ കുറെ വൈകിയായിരുന്നു. അച്ഛന്‍ വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഹോളിഡേ ആണ്. അതില്‍ കവിഞ്ഞ് ഞങ്ങള്‍ക്ക് അച്ഛന്‍റെ പ്രൊഫഷനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. അച്ഛന്‍റെ സിനിമ കണ്ടിട്ടാണ് എനിക്ക് സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹം തോന്നിയത്. അതും വില്ലന്‍ ആവാന്‍.
മോഹന്‍തോമസ് എന്ന കഥാപാത്രം ആണ് അച്ഛന്‍ ചെയ്ത വേഷത്തില്‍ മലയാളികള്‍ ഏറ്റവും സംസാരിക്കുന്നത്. ഒരു മകനെന്ന നിലയില്‍ താങ്കള്‍ക്ക് അച്ഛന്‍ അഭിനയിച്ച ഏത് കഥാപാത്രമാണ് കൂടുതലിഷ്ടം?
അച്ഛന്‍ അഭിനയിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ടം കമ്മിഷണര്‍ സിനിമയിലെ വേഷമാണ്. പിന്നെ രാജാവിന്‍റെ മകന്‍, വഴിയോരക്കാഴ്ചകള്‍ എന്നീ മൂന്ന് സിനിമകള്‍ ഒരു നടന്‍ എന്ന നിലയില്‍ അച്ഛന്‍റെ മികച്ച പ്രകടനങ്ങളാണ് എന്ന് ഞാന്‍ പറയും.
അമ്മയുടെ മരണവും പെട്ടെന്നായിരുന്നു. നിങ്ങള്‍ നാല് സഹോദരങ്ങള്‍ ആണ്. അമ്മയുടെ വിയോഗത്തില്‍ സഹോദരങ്ങള്‍ക്ക് ഒരു പിതാവായും കൂടെ നില്‍ക്കേണ്ടി വന്നിരുന്നോ?
വളരെ അപ്രതീക്ഷിതമായിരുന്നു അമ്മയുടെ മരണം. ആ നഷ്ടത്തില്‍ എന്‍റെ ഏറ്റവും വലിയ സ്ട്രെന്‍ഗ്ത് എന്‍റെ സഹോദരങ്ങളായിരുന്നു. ഞങ്ങള്‍ നാലുപേരും ഒരുമിച്ച് നിന്നായിരുന്നു അതിനെ നേരിട്ടത്.