NEWS

2023 ല്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ തേരോട്ടം

News

2023 പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥാപാത്രങ്ങളില്‍ സൃഷ്ടിച്ചെടുക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ആയിരുന്നു 2023- ല്‍ പുറത്തിറങ്ങിയത്. വാര്‍ത്താപ്രാധാന്യമേറിയതും സിനിമകളില്‍ നിറഞ്ഞുനിന്നതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ കഥാപാത്രങ്ങള്‍ 2023-ല്‍ ജനിക്കുകയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

നയന്‍താര

ബിസിനസ്സിലെ ഏറ്റവും ശക്തയായ നടി എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് 2023 ല്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇന്ത്യയിലെ തന്നെ ശക്തരായ മൂന്ന് സ്ത്രീ സംരംഭകരുടെ പേരിനൊപ്പമാണ് നയന്‍താരയുടെ പേരുകൂടി പ്രമുഖര്‍ എഴുതിച്ചേര്‍ത്തത്. അഭിനയത്തില്‍ മാത്രമല്ല ബിസിനസ് രംഗത്തും താന്‍ തിളങ്ങാന്‍ ഒരുങ്ങുകയാണെന്ന് നയന്‍സ് പ്രഖ്യാപിച്ച വര്‍ഷമായിരുന്നു 2023.

നയന്‍ സ്കിന്‍ എന്ന പേരില്‍ സ്വന്തം ബ്യൂട്ടി ബ്രാന്‍ഡും താരം ആരംഭിച്ചത് ഈ വര്‍ഷമാണ്. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സന്തോഷങ്ങള്‍ക്കൊപ്പമായിരുന്നു അഭിനയജീവിതത്തിലും 100 മേനിയുടെ തിളക്കം നേടിയെടുത്തത്. 2003 ല്‍ കരിയര്‍ ആരംഭിച്ച നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം 2023 ല്‍ ആയിരുന്നു. ആദ്യബോളിവുഡ് ചിത്രത്തില്‍ തന്നെ ഷാരൂഖ് ഖാന്‍റെ നായികയായി. ചിത്രത്തില്‍ നര്‍മ്മദ റായ് എന്ന കഥാപാത്രത്തെയായിരുന്നു നയന്‍താര അഭിനയിച്ചത്. കൂടാതെ ഇരൈവന്‍ അന്നപൂര്‍ണ്ണി എന്ന ചിത്രവും 2023 ല്‍ നയന്‍താരയുടേതായി പുറത്തിറങ്ങിയ തമിഴ്ചിത്രമായിരുന്നു.

ദീപിക പദുകോണ്‍

പത്താന്‍, ജവാന്‍ എന്നീ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ദീപികയ്ക്ക് 2023 വിജയകരമായ വര്‍ഷമായിരുന്നു. രണ്ട് ചിത്രങ്ങളും 1000 ലധികം കോടി ബിസിനസ്സ് ആണ് നേടിയെടുത്തത്. പത്മാവത്, ബാജിറങ്കി മസ്താനി, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറ്റവും അധികം പണമുണ്ടാക്കുന്ന ബോളിവുഡ് നടിമാരില്‍ ഒരാളായി ദീപിക മാറിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെങ്കിലും 2023 നോട് അടുക്കുമ്പോള്‍ ബോളിവുഡ്ഡിലെ ഏറ്റവും മികച്ച ഹിറ്റുകള്‍ നേടിയെടുത്ത നായികയായും ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നായികയായും ദീപിക മാറിയിരിക്കുകയാണ്.

രശ്മിക മന്ദാന

ഇക്കൊല്ലത്തെ 10 ന്യൂസ് ലിസ്റ്റ് എടുത്താല്‍ അതില്‍ വരുന്ന ഒരു പേര് രശ്മിക മന്ദാനയുടേതായിരിക്കും. അനിമല്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ രശ്മിക ബോളിവുഡ്ഡിന്‍റെ പ്രിയനായികയായി മാറിയിരിക്കുകയാണ്. ക്യൂട്ട് നായികയില്‍ നിന്നും രശ്മികയ്ക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റണ്‍ബീറിന്‍റെ നായികാവേഷത്തില്‍ ആയിരുന്നു രശ്മിക അനിമലില്‍ എത്തിയത്. 

വിജയത്തോടൊപ്പം തന്നെ രശ്മിക 2023 ല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഇന്‍റര്‍നെറ്റിലെ ഡീപ് ഫേക്ക് വീഡിയോ പ്രചരണത്തിലൂടെയായിരുന്നു. താരത്തിന്‍റെ മുഖം മാറ്റിയെടുത്ത് മോശമായി സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിച്ചു. വീഡിയോയുടെ ആധികാരികത രാജ്യവ്യാപകമായി കാര്യമായ ആശങ്കകളും ഉയര്‍ത്തി. പിന്നാലെ വിജയ്ദേവരാകൊണ്ടയുമായി നടി പ്രണയത്തിലാണെന്ന വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

ഷാരൂഖ് ഖാന്‍

2023 നടന്‍ ഷാരൂഖ് ഖാനെ സംബന്ധിച്ച് തിരക്കുള്ള വര്‍ഷമായിരുന്നു. പത്താന്‍, ജവാന്‍, ഡങ്കി എന്നീ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ആയിരുന്നു ഈ വര്‍ഷം താരത്തിന്‍റെ പുറത്തിറങ്ങിയ പ്രോജക്ടുകള്‍. പത്താനും, ജവാനും എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളായി മാറിയെങ്കില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചെറിയൊരു നിരാശയാണ് ഡങ്കി സമ്മാനിച്ചത്. ജവാന്‍ പ്രതീക്ഷിച്ച് ഡെങ്കിക്ക് ആരും പോകരുത് എന്ന സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രത്തിന് ആദ്യദിനം തൊട്ട് വന്നത്.

വന്‍പരാജയങ്ങളും ബോക്സ് ഓഫീസ് ദുരന്തങ്ങളും തുടര്‍ച്ചയായി വേട്ടയാടിയ ചലച്ചിത്ര മേഖലയായിരുന്നു കുറച്ചധികം വര്‍ഷങ്ങളായി ബോളിവുഡ്. കോടികള്‍ ചെലവിട്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും വെള്ളിത്തിരയില്‍ ചില പ്രോജക്ടുകളും കൂപ്പുകുത്താന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബോളിവുഡ്ഡിനെ ഈ വര്‍ഷം കരകയറ്റിയത് ഷാരുഖ് ഖാന്‍ ആണെന്നാണ് ആരാധകര്‍ ഉള്‍പ്പെടെ പറഞ്ഞത്. കഴിഞ്ഞവര്‍ഷം  ബോളിവുഡിന്‍റെ ശാപം നീക്കിയതിന്‍റെ പ്രധാന ക്രെഡിറ്റ് ഷാരൂഖാനായിരുന്നു.

വിജയ്

2023 ല്‍ ആരാധകര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത തെന്നിന്ത്യന്‍താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇളയദളപതി വിജയ് ആണ്. വിജയ് നായകനായ ലിയോ സര്‍വ്വകാല റെക്കോര്‍ഡുകളെ ഭേദിച്ച് ഹിറ്റ് ബോക്സ് ഓഫീസ് കളക്ഷന്‍ ആയിരുന്നു നേടിയെടുത്തത്. ചിത്രം 621.50 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ സ്വന്തമാക്കിയത്.

2023 ല്‍ റിലീസ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകളില്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളും ഉള്‍പ്പെടുന്നു. 77-ാമത്തെ വയസ്സിലും മലയാള സിനിമാവ്യവസായത്തിന്‍റെ നെടുംതൂണ്‍ മമ്മൂട്ടി തന്നെയാണെന്ന് ഓരോ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക്  തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ശരിക്കും മമ്മൂട്ടിയുടെ വര്‍ഷം തന്നെയായിരുന്നു 2023 എന്ന് വേണം പറയാന്‍.

മമ്മൂട്ടി

2023 തുടക്കത്തില്‍ തന്നെ നന്‍പകല്‍ നേരത്ത് മയക്കം ഹിറ്റുകള്‍ക്ക് തിരി കൊളുത്തി. കണ്ണൂര്‍ സ്ക്വാഡ് പിന്നാലെ വന്നു. മോശമില്ലാത്ത തിയേറ്റര്‍ കളക്ഷനും നിരൂപകപ്രശംസയും നേടിയ കാതല്‍ ദി കോര്‍ ആയിരുന്നു മമ്മൂട്ടിയുടെ 2023 ലെ അവസാന സിനിമ. അഭിനയിച്ച മൂന്ന് ചിത്രങ്ങളിലും മലയാളക്കരയില്‍ വമ്പിച്ച കളക്ഷന്‍ ആയിരുന്നു നേടിയെടുത്തത്.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായി 2023 നെ കണക്കാക്കാം. ഇന്ത്യയിലും വിദേശ ബോക്സ് ഓഫീസിലും ഇന്ത്യന്‍ സിനിമകള്‍ ഇക്കുറി റെക്കോര്‍ഡ് കളക്ഷനുകളാണ് നേടിയെടുത്തത്. നിരവധി സിനിമകള്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും വരും വര്‍ഷങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 2023 സമാപനത്തിന്‍റെ വക്കിലേക്ക് കടക്കുമ്പോള്‍ മികച്ച പാന്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് വിലയിരുത്താം...

ഒരിടക്കാലത്ത് തെലുങ്ക് സിനിമകള്‍ ആയിരുന്നു കളക്ഷനില്‍ ഹൈപ്പ് സൃഷ്ടിച്ചതെങ്കില്‍ 2023 ല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത് തമിഴ് സിനിമകളാണ്. ഇന്ത്യന്‍ ഭാഷാ സിനിമകളിലെ വിജയശരാശരി സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വര്‍ഷം ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കോളിവുഡ് ചിത്രങ്ങളാണ്. ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'ലിയോ' ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തെന്നിന്ത്യന്‍ ഹിറ്റ്. ആഗോള ഗ്രോസ് 615 കോടിയാണ് ചിത്രം നേടിയെടുത്തത്. 2023 ന്‍റെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ഏറ്റവും അധികം കാത്തിരുന്നത് ലിയോയുടെ റിലീസിന് വേണ്ടിയാണ്. ഓപ്പണിംഗ് ദിനം തന്നെ 148 കോടിയായിരുന്നു ചിത്രം നേടിയെടുത്തത്.

ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിദ്ധാര്‍ത്ഥ് ആനന്ദിന്‍റെ പത്താന്‍ എന്ന ചിത്രത്തോടുകൂടിയാണ് 2023 ന്‍റെ ഹിറ്റ് ചാര്‍ട്ട് ആരംഭിച്ചത്. ആഗോളതലത്തില്‍ ചിത്രം 1000 കോടിയില്‍ അധികമാണ് കളക്ഷന്‍ നേടിയെടുത്തത്. സീറോ എന്ന ചിത്രത്തിന്‍റെ കനത്ത പരാജയം ഷാരൂഖ് യുഗത്തിന് അവസാനമായെന്ന് ബോളിവുഡ്ഡ് ഒന്നടങ്കം പറഞ്ഞിരുന്നു. അതൊക്കെ വെറും പഴങ്കഥകളാക്കി മാറ്റിയായിരുന്നു ബോക്സ് ഓഫീസിന്‍റെ രാജാവ് പത്താനിലൂടെ 100 മാര്‍ക്കിന്‍റെ മറുപടി വിമര്‍ശകര്‍ക്ക് നല്‍കിയത്. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ പത്താന്‍ 2023 ലെ ഹിറ്റ് ചാര്‍ട്ടില്‍ ആദ്യം ഇടംപിടിച്ച സിനിമയാണ്.

2023 ലെ ഷാരൂഖ്ഖാന്‍റെ രണ്ടാമത്തെ റിലീസായ ജവാന്‍ വീണ്ടും റെക്കോര്‍ഡ് കളക്ഷന്‍ ആയിരുന്നു നേടിയെടുത്തത്. നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1150.70 കോടി രൂപ ആജീവനാന്ത കളക്ഷന്‍ നേടി നിലവിലെ ഏറ്റവും വലിയ പാന്‍ ചിത്രമായി മാറിയിരിക്കുകയാണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ അറ്റ്ലീ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഓരോന്നായി ജവാന്‍ തകര്‍ത്തിരുന്നു. 

ഏറ്റവും വേഗത്തില്‍ 300 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യബോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡ് ജവാന്‍ സ്വന്തമാക്കിയത്. അ ത് വെറും ആറ് ദിനം കൊണ്ടായിരുന്നു. പത്താന്‍ 300 കോടി കളക്ഷന്‍ നേടാന്‍ 7 ദിവസം ആയിരുന്നു എടുത്തത്. ഈ പട്ടികയിലെ മൂന്നാമത്തെ ചിത്രം ഗദാര്‍ 2 ആണ്. 8 ദിനം കൊണ്ടായിരുന്നു ഗ്വാര്‍ ടു ഈ നേട്ടം കൈവരിച്ചത്. ബാഹുബലി 2 ഹിന്ദി പതിപ്പ് 10 ദിവസം കൊണ്ടും കെ.ജി.എഫ് ടു ഹിന്ദി പതിപ്പ് 11 ദിനം കൊണ്ടും 300 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ ലിസ്റ്റിലേക്കാണ് ജവാന്‍ വെറും ആറ് ദിനം കൊണ്ട് 300 കോടി ക്ലബ്ബില്‍ എത്തിയത്.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രമാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍ ആയ സല്‍നിക്. കോം കണക്കുകള്‍ പ്രകാരം ചിത്രം ആദ്യവാരത്തില്‍ 337 കോടി രൂപയാണ് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക നേടിയത്. ചിത്രം റിലീസ് ചെയ്ത ഒമ്പതാം ദിവസം വരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയെടുത്തത് 660.89 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ചിത്രം സമ്മിശ്ര അഭിപ്രായങ്ങളുമായാണ് ആദ്യം പുറത്തുവന്നതെങ്കിലും റിലീസ് മുതല്‍ ആദ്യവാരം വരെ കളക്ഷനില്‍ അത്ഭുതം കാട്ടിയായിരുന്നു അനിമല്‍ തീയേറ്ററുകളില്‍ നിറഞ്ഞോടിയത്.

അതുപോലെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ആദിപുരുഷ് സമ്മിശ്ര പ്രതികരണമായിരുന്നു തീയേറ്ററില്‍ നിന്നും നേടിയെടുത്തത്. 353 കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ ഫൈനല്‍ വേള്‍ഡ് വൈഡ് ഗ്രോസ്. മണിരത്നത്തിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 ഉം 2023 ലെ മികച്ച പാന്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു.


LATEST VIDEOS

Top News