ശ്രീലങ്കയിലെ പ്രമുഖ സംവിധായകനാണ് പ്രസന്ന വിതനഗെ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസ് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളിലൊന്നാണ്. ശ്രീലങ്കൻ മലയാള ചിത്രമെന്നു പാരഡൈസിനെ വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ലെങ്കിലും മലയാളികൾക്ക് അങ്ങനെ അവകാശപ്പെടാവുന്നതാണ്. മലയാളം, സിംഹള, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളൊക്കെ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. നായികാ നായകന്മാരെ അവതരിപ്പിക്കുന്നത് റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ്. മഹേന്ദ്ര പെരേര, ശ്യാം ഫെർണാന്റോ തുടങ്ങിയ ശ്രീലങ്കൻ അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മുംബൈ യിൽ സെറ്റിൽ ചെയ്തിരിക്കുന്ന യുവ മലയാളി ദമ്പതികളാണ് കേശവും അമൃതയും. കേശവ് ഫിലിം മേക്കറാണ്. അമൃത ബ്ലോഗറും. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുന്ന ശ്രീലങ്ക പാപ്പരായി പ്രഖ്യാപിക്കപ്പെട്ട് രണ്ടുമാസമായപ്പോഴാണ് കേശവും അമൃതയും വിവാഹവാർഷികമാ ഘോഷിക്കാൻ ശ്രീലങ്കയിലെ റിവർ സ്റ്റോണിൽ എത്തുന്നത്. റിവർസ്റ്റോൺ മേഖലയിലെ പ്രകൃതിഭംഗിയും രാമായണ കഥയിലെ വിശ്വാസങ്ങളും സാമൂഹ്യരംഗത്തെ അസ്വാ രസ്യങ്ങളും പശ്ചാത്തലമാക്കി മറ്റു ചില സംഭവവികാ സങ്ങളാണ് പ്രസന്ന വിതനഗെ ചുരുളഴിക്കുന്നത്. ദർശനയുടെ കഥാപാത്രം വികസിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ദിശയിലേക്കാണ്. ക്ലൈമാക്സിലെത്തുമ്പോൾ അത് പ്രേക്ഷകരെ ചുട്ടുപൊള്ളിക്കുകയും ചെയ്യും. ഈ കഥാപാത്രത്തിന്റെ വികാ സപരിണാമങ്ങളെ ഇടയ്ക്കിടെ രാമായണത്തിലെ സീതയുമായി സംവിധായകൻ പരോക്ഷമായി ബന്ധിപ്പിക്കുന്നുമുണ്ട്. മണി രത്നത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ സഹകരണത്തോടെ നിർമ്മിച്ച ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. ഇത്തവണ ബംഗളുരു മേളയിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് പാരഡൈസ്.