NEWS

ജീവിതഗന്ധിയായ ഫിലോസഫി...

News

 

യാള്‍ ഒരു മാടമ്പിയാണ്. വെറും മാടമ്പിയല്ല, സവര്‍ണ്ണമാടമ്പി. തന്‍റെ കഥാപാത്രങ്ങള്‍ പലതും അയാള്‍ സ്വയം സ്വാംശീകരിച്ച് എടുത്തതാണ്. ഉള്ളിന്‍റെയുള്ളുകൊണ്ട് അയാള്‍ തന്‍റെ കഥാപാത്രങ്ങളിലൂടെയാണ് ജീവിക്കുന്നത് എന്നൊരു മറുവിലയിരുത്തല്‍ വേണമെങ്കിലും ആകാം. വിഖ്യാത എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്തിന്‍റെ വിമര്‍ശകര്‍ അദ്ദേഹത്തെക്കുറിച്ച് പൊതുവേ പറയുന്നത് ഇങ്ങനെയൊക്കെയാണ്. 

ഒന്നിരുത്തി ചിന്തിച്ചശേഷം അപ്പറയുന്നതില്‍ ഒരു ശരിയുണ്ടെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ല. കാരണം, പൊതുവേദികളിലും ചര്‍ച്ചകളിലുമൊക്കെ രഞ്ജിത്ത് തന്നെ സ്വയം അടയാളപ്പെടുത്തുന്ന രീതി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. ഒരുപക്ഷേ ആ വ്യത്യസ്തത ആയിരിക്കാം അദ്ദേഹത്തെ മറ്റുപലരുടേയും കണ്ണിലെ കരടാക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന കാലയളവില്‍ കൈക്കൊണ്ട നിലപാടുകളും തുറന്നുപറച്ചിലുകളും അദ്ദേഹത്തെ പലരുടെയും കണ്ണിലെ കരടാക്കി എന്നുപറഞ്ഞാലും തെറ്റുണ്ടാകില്ല. രഞ്ജിത്തിന്‍റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്.

അതേസമയം, താന്‍ ആരാകണം തന്‍റെ നിലപാടുകള്‍ എന്താകണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. രഞ്ജിത്തിന്‍റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. എന്നാല്‍ ഇതൊന്നും പലപ്പോഴും രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പല എഴുത്തുകാരുടെയും അല്ലെങ്കില്‍ സിനിമാക്കാരുടെയും കാര്യത്തില്‍ പാലിക്കപ്പെടാറില്ല എന്നതും ഒരു സമകാലിക യാഥാര്‍ത്ഥ്യമാണ്. ആശയപരമായും ആമാശയപരമായും രഞ്ജിത്തിനെ ഒരു വിഭാഗം വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്‍റെ സവര്‍ണ്ണശൈലിയോട് വിയോജിക്കുമ്പോഴും ജീവിതഗന്ധിയായ ചില എഴുത്തുകള്‍ രഞ്ജിത്തിന്‍റേതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അക്കാര്യം അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍പോലും അംഗീകരിച്ചിട്ടുള്ളതാണ്. രഞ്ജിത്തിന്‍റെ തൂലികയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ സവര്‍ണ്ണഫാസിസത്തിനപ്പുറം ജീവിതത്തെ തൊട്ടറിഞ്ഞ പല ഫിലോസഫിക്കല്‍ തോട്ടുകളും കാണാന്‍ സാധിക്കും.

കരിയറിന്‍റെ തുടക്കകാലത്ത് രഞ്ജിത്ത് ഒരു പക്കാകൊമേഴ്സ്യല്‍ എന്‍റര്‍ടൈനര്‍ ആയാണ് നിലകൊണ്ടിരുന്നത്. തന്‍റെ ചിത്രങ്ങള്‍ക്കുപുറമെ മറ്റുപല സംവിധായകര്‍ക്കും അദ്ദേഹം തന്‍റെ പേനയുടെ കച്ചവടസാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതും ഒരു ചരിത്രസത്യം. ശുദ്ധഹാസ്യവും രഞ്ജിത്തിന് അക്കാലത്ത് അന്യമായിരുന്നില്ല. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശികവാര്‍ത്തകള്‍ പോലുള്ള എവര്‍ഗ്രീന്‍ കോമഡി എന്‍റര്‍ടൈനറുകളൊക്കെ അങ്ങനെയാണല്ലോ പിറന്നത്. കച്ചവടസിനിമകളുടെ ശരാശരി ചേരുവകളോട് സമരസപ്പെട്ട വേളകളിലെപ്പോഴോ ആയിരിക്കാം പിന്നീട് അദ്ദേഹത്തിന് മാടമ്പിമാരുടെ അപ്പോസ്തലന്‍ എന്ന കുപ്പായം അണിയേണ്ടിവന്നത്. 

വിഖ്യാത സംവിധായകന്‍ ഐ.വി. ശശി ഒരുക്കിയ ദേവാസുരം അതിന്‍റെ തുടക്കമായിരുന്നു എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍ എഴുത്തിലെ അത്തരം മാടമ്പിത്തരങ്ങള്‍ക്കിടയിലും ചില ഫിലോസഫിക്കല്‍ തോട്ട്സ് വാരിവിതറാന്‍ രഞ്ജിത്തിനോളം പ്രാവീണ്യം മറ്റുപലര്‍ക്കുമില്ല എന്ന് നിസ്സംശയം പറയാം.

ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് എന്‍റര്‍ടൈനര്‍ നരസിംഹം എന്ന ചിത്രത്തിലെ നായകന്‍ ഇന്ദുചൂഡന്‍ (മോഹന്‍ലാല്‍) കുളത്തിലെ വെള്ളം ഗ്ലാസിലേക്ക് പകര്‍ന്ന് മദ്യപിക്കുന്ന ഒരു രംഗമുണ്ട്. അത് ചോദ്യം ചെയ്യുന്ന നായിക അനുരാധയോട്(ഐശ്വര്യ) ഇന്ദുചൂഡന്‍റെ ഡയലോഗ് ഇങ്ങനെ- ഇതൊരു ചതിയല്ലേടീ മോളേ അനുരാധേ... 

കുറച്ചുനേരത്തേയ്ക്ക് ഒരു അബ്നോര്‍മ്മല്‍ ഫ്ളൈറ്റില്‍ കയറി ഒരു യാത്ര.. ഒരു സഞ്ചാരം... പിന്നെ വീണ്ടും റിയാലിറ്റിയിലേക്ക്... ചുമ്മാ... അങ്ങനെ അങ്ങനെ... 

ശരാശരി കൊമേഴ്സ്യല്‍ ഫ്ളേവേഴ്സിന്‍റെ പരകോടിയില്‍ ആറാടിയ നരസിംഹം പോലുള്ള ഒരു ചിത്രത്തില്‍ ആരും ഇത്തരം ഫിലോസഫിക്കല്‍ തിരഞ്ഞുപോകാറില്ല. അതുകൊണ്ട് തന്നെ ഇത്തരം ഡയലോഗുകള്‍ നിരൂപകരുടെ കണ്ണില്‍പ്പെടാറുമില്ല. മേല്‍പ്പറഞ്ഞ രംഗം മദ്യപാനം എന്ന ദുശീലത്തെ ഗ്ലോറിഫൈ ചെയ്യുന്ന നരേറ്റീവായി ചിലര്‍ വിലയിരുത്തുന്നുണ്ടെങ്കിലും അതിനുമപ്പുറം മദ്യപാനം എന്ന യാഥാര്‍ത്ഥ്യം ഒരു ശരാശരി മദ്യപാനിക്ക് എന്ത് ആത്മനിര്‍വൃതിയാണ് പകര്‍ന്നുനല്‍കുന്നത് എന്ന് രഞ്ജിത്ത് ശക്തമായി വരച്ചിടുകയാണ് ഇവിടെ ചെയ്തത്.

എന്തുതന്നെ ആയാലും അപ്പറഞ്ഞതില്‍ ഒരു ജീവിതസത്യമുണ്ട്. ആ ജീവിതസത്യം ഉള്‍ക്കൊണ്ടുതന്നെയാകണം രഞ്ജിത്ത് സ്പിരിറ്റ് എന്ന ചിത്രത്തിനായി തൂലിക ചലിപ്പിച്ചത്. മദ്യം ഒരു വിപത്താണ്. അതിന് അടിമപ്പെടുന്നവര്‍ക്ക് കാലം കരുതിവെച്ചിരിക്കുന്നത് എന്താണ് എന്നതൊക്കെ സ്പിരിറ്റ് അടിവരയിട്ട് പറയുന്നു. ഒരു കലാകാരന് ഇതിനുമപ്പുറം എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ സാധിക്കുക. അതേസമയം, താന്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങള്‍ തന്‍റെ ജീവിതത്തില്‍ പകര്‍ന്നാടാന്‍ രഞ്ജിത്തിന് സാധിച്ചോ എന്നുചോദിച്ചാല്‍ മൗനമാകും മറുപടി. അവിടെ മേല്‍പ്പറഞ്ഞ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് രഞ്ജിത്തിനെ വിട്ടുകൊടുക്കുന്നതാകും ഉചിതം.

രഞ്ജിത്തിന്‍റെ സിനിമാസപര്യയിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ ഇത്തരത്തില്‍(നരസിംഹം മോഡല്‍) നിരവധി ജീവിതഗന്ധിയായ ഫിലോസഫിക്കല്‍ തോട്ട്സ് കാണാന്‍ സാധിക്കും. തന്‍റെ തന്നെ രചനയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സൈന്‍റ് മറ്റൊരു ടിപ്പിക്കല്‍ ഉദാഹരണം. അതില്‍ നായകനായ പ്രാഞ്ചിയോട്(മമ്മൂട്ടി) പുണ്യാളന്‍ ക്ലൈമാക്സില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എന്താണ് പ്രാഞ്ചീ ജയവും തോല്‍വിയും- ആപേക്ഷികമാണത്... ജയിച്ചെന്ന് നമ്മള്‍ കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചവരാണോ... നേടിയെന്ന് നമ്മള്‍ കരുതുന്നവര്‍ സത്യത്തില്‍ എന്താണ് നേടിയത്...? നഷ്ടപ്പെട്ടു എന്ന് കരുതുന്നത് നിന്നിലേക്ക് തിരിച്ചുവരില്ല എന്ന് നീ കരുതുന്നുണ്ടോ...? സ്വര്‍ണ്ണം കൊണ്ട് പള്ളി പണിയുന്നവനല്ല... ഒരു മനുഷ്യജീവനെയെങ്കിലും ദുരിതങ്ങളില്‍ നിന്ന് കരകയറ്റാന്‍ കഴിയുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശിയാകുന്നത്...

വിശുദ്ധഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചാണ് എഴുത്തുകാര്‍ പലപ്പോഴും ഫിലോസഫിക്കല്‍ തോട്ട്സ് വാരിവിതറുന്നത്. എന്നിരുന്നാലും കഥയ്ക്കും കഥാസന്ദര്‍ഭത്തിനും യോജിക്കുംവിധം അവ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് അസാമാന്യമായ ഒരു സിദ്ധി വേണ്ടതുണ്ട്. അതാവോളം ലഭ്യമായ അനുഗൃഹീത കലാകാരനാണ് രഞ്ജിത്ത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ മറുപുറമാണ് പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുള്ളത്. സൗന്ദര്യം കാണുന്നവന്‍റെ കണ്ണിലാണ് എന്നുപറയുന്നതുപോലെ ചലച്ചിത്ര ആസ്വാദനം ഏത് കണ്ണിലൂടെയാകണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുള്ളിടത്തോളം കാലം കലാകാരന്മാര്‍ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കും എന്നതും ഇവിടെ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

 


LATEST VIDEOS

Top News