NEWS

'കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നോ...' ജി. ശ്രീറാം പാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

News

 

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി മൂളാന്‍ കൊതിക്കുന്ന ഈ ഈണം കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിനൊപ്പം പെയ്തിറങ്ങിയ ജി. ശ്രീറാമിന്‍റെ ആ ഗാംഭീര്യമുള്ള ശാരീരമാണ്.  സംഗീത കുടുംബത്തിന്‍റെ പാരമ്പര്യവും മിമിക്രി വേദികളിലെ കലാലയ ഓര്‍മ്മകളുമായി ഗായകന്‍ ജി. ശ്രീറാം തന്‍റെ യാത്രയെക്കുറിച്ച് സംസാരിക്കുന്നു.

പാരമ്പര്യമായി കിട്ടി സംഗീത ലഹരി

സംഗീതത്തിന്‍റെ തണലിലായിരുന്നു ശ്രീറാമിന്‍റെ ബാല്യം. അച്ഛന്‍ പ്രശസ്ത സംഗീതജ്ഞനും ആകാശവാണി പ്രൊഡ്യൂസറുമായിരുന്ന ചേര്‍ത്തല ആര്‍. ഗോപാലന്‍ നായര്‍, അമ്മ ആദ്യകാല പിന്നണി ഗായിക ലളിത തമ്പി. വീട്ടില്‍ എപ്പോഴും ഒഴുകി നടന്നിരുന്ന സംഗീതം തന്നെയായിരുന്നു ശ്രീറാമിന്‍റെ ആദ്യഗുരു.

'സമ്മാനം കിട്ടാന്‍ വേണ്ടിയല്ല, മറിച്ച് സ്റ്റേജില്‍ പാടുക എന്ന സന്തോഷത്തിന് വേണ്ടിയായിരുന്നു ഞാന്‍ സ്ക്കൂള്‍ തലങ്ങളില്‍ മത്സരച്ചിരുന്നത്. ചേര്‍ത്തല ഗോപാലന്‍ നായരുടെ മകന്‍ എന്തുകൊണ്ട് തോറ്റുപോയി എന്ന് എന്‍റെ മാതാപിതാക്കള്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. അര്‍ഹതയുണ്ടെങ്കില്‍ അത് തേടിയെത്തും എന്ന ഉറച്ചവിശ്വാസമായിരുന്നു അച്ഛന്.'

ലാലിനൊപ്പം സ്ക്കൂളില്‍; രാജീവിനൊപ്പം മിമിക്രിയില്‍ അപൂര്‍വ്വമായ ഒട്ടേറെ സൗഹൃദങ്ങളുടെ ഉടമ കൂടിയാണ് ശ്രീറാം. 

തിരുവനന്തപുരം മോഡല്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു. എന്നാല്‍ സ്ക്കൂള്‍ കഴിഞ്ഞതോടെ ശ്രീറാം മിമിക്രിയുടെ ലോകത്തേക്കാണ് ചുവടുമാറ്റിയത്. ഇന്നത്തെ പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ് കുമാറുമായി ചേര്‍ന്ന് യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളില്‍ ശ്രീറാം നിറഞ്ഞുനിന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീറാം അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഒരു മികച്ച മിമിക്രി കലാകാരനായിരുന്നു.

ഒന്നാംറാങ്കിന്‍റെ തിളക്കം, അധ്യാപനത്തിന്‍റെ കാലം

മിമിക്രി ഒരു ലഹരിയായിരുന്നപ്പോഴും ഉള്ളിലെ സംഗീതം ഉറങ്ങിപ്പോയിരുന്നില്ല. ഗാനഭൂഷണത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്നും 'ഗാനപ്രവീണ' പി.ജി. കോഴ്സ് ഒന്നാം റാങ്കോടെ അദ്ദേഹം പാസ്സായി. കുറച്ചുകാലം സര്‍ക്കാര്‍ സ്ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്ത ശ്രീറാം, പിന്നീട് ആകാശവാണി മംഗലാപുരം നിലയത്തില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ചുമതലയേറ്റു. ജോലി സംഗീതവുമായി ബന്ധപ്പെട്ടതായത് ശ്രീറാമിന്‍റെ കലാജീവിതത്തിന് കരുത്തായി.

ആ കാറ്റില്‍ മാറിയ ജീവിതം

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' സിനിമയിലെ ആ വലിയ അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്. എം. ജയചന്ദ്രന്‍റെ മനോഹരമായ സംഗീതത്തില്‍ പിറന്ന ആ ഗാനം മലയാള സംഗീതലോകത്ത് ഒരു വിസ്മയമായി മാറി. പാടാന്‍ ചെന്നപ്പോഴുള്ള ഓരോ നിമിഷവും ഇന്നും ആവേശത്തോടെ മാത്രമേ അദ്ദേഹത്തിന് ഓര്‍ക്കാന്‍ കഴിയൂ. ആ ഒരു ഗാനം നല്‍കിയ ജനപ്രീതി ഇന്നും ഈ ഗായകനെ സ്നേഹത്തോടെ പ്രേക്ഷകര്‍ക്കിടയില്‍ നിലനിര്‍ത്തുന്നു.

 


LATEST VIDEOS

Interviews