NEWS

രാഷ്ട്രീയ പ്രവേശനം... വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് സൂപ്പർസ്റ്റാർ വിജയ്

News

തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ വിജയ്‌യിന് രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടെന്നുള്ളത് മിക്കവർക്കും അറിയാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് വിജയ് തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.  തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് വിജയ്‌യിന്റെ നീക്കമെന്നാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനായി വോട്ടർമാർക്കിടയിൽ സർവേയും തുടങ്ങിയിട്ടുണ്ട്. വിജയ് ഫാൻസ് അസോസിയേഷനും, സാമൂഹിക സേവന സംഘടനായ ‘വിജയ് മക്കൾ ഇയക്ക’വും ചേർന്നാണ് സർവേ നടത്തുന്നത്.
  തമിഴ്നാട്ടിൽ ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയ്‌യിന്റെ മക്കൾ ഇയക്കം മത്സരിക്കുകയും ചില വാർഡുകളിൽ വിജയിക്കുകയും ചെയ്തിരുന്നു.  വിജയ്‌യിന് സന്തോഷിക്കാൻ  തരത്തിലുള്ളതായിരുന്നു ഈ വിജയം. ഇതിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും സർവേ നടത്താൻ  വിജയ് തീരുമാനിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തെയും പ്രധാന രാഷ്ട്രീയ സാമൂഹിക സാഹചര്യം, സ്ഥലത്തെ പ്രധാന വ്യക്തികൾ, അവരുടെ തൊഴിൽ, ഒരു ബൂത്തിലെ വാർഡുകളുടെ എണ്ണം, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ വിവരങ്ങൾ എന്നിവയും വിജയ് ശേഖരിക്കുന്നുണ്ടത്രേ!

അതേ സമയം, വിജയ് ആരാധകരുടെ സംഘടനയിലേക്ക് കൂടുതൽ ആൾക്കാരെ ചേർക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.  ഇത് രാഷ്ട്രീയ പാർട്ടി രൂപീകരണം ലക്ഷ്യമിട്ടാണെന്നാണ് റിപ്പോർട്ട്.   സന്നദ്ധ പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വിജയ്‌യിന്റെ മക്കൾ ഇയക്കം ഈയിടെ നടന്ന അംബേദ്‌കർ ജയന്തി ആഘോഷിക്കുകയും റമസാൻ മാസത്തിൽ ഇഫ്താർ വിരുന്ന് നൽകുകയും ചെയ്തത്. 
  നേരത്തേ സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം നടത്തിയിരുന്നു. എങ്കിലും അവസാന നിമിഷം അദ്ദേഹം തന്റെ  ആരോഗ്യ പ്രശ്നങ്ങൾ കാരണമായി അതിൽ നിന്ന് പിന്മാറുകയാണുണ്ടായത്.  'ഉലകനായകൻ' കമലഹാസൻ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെ കൊണ്ട്  ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നാൽ വിജയ് രാഷ്ട്രീയ പാർട്ടി തുടങ്ങി തമിഴ്നാട് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെകിൽ  കുറച്ചു സീറ്റുകളിലെങ്കിലും വിജയിക്കാൻ സാധ്യതയുണ്ട് എന്നാണു  പൊതുവായുള്ള സംസാരം!


LATEST VIDEOS

Top News