വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ' അടുത്ത മാസം (ഒക്ടോബർ) 19-ന് റിലീസാകാനിരിക്കുകയാണല്ലോ! വിജയ്‌ക്കൊപ്പം തൃഷ, ജാക്കി ഷെറാഫ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ, മിഷ്കിൻ തുടങ്ങി ഒരു പാട് താരങ്ങൾ അണിനിരക്കുന്ന 'ലിയോ'യെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ ഒന്നൊന്നായി പുറത്ത് വന്നു ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം, 'ലിയോ'യുടെ ഓഡിയോ ലോഞ്ച് കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവരാത്തതു കുറിച്ചുള്ള ആശങ്കയിലുമാണ് വിജയ്‌യുടെ ആരാധകർ. ഇതിന് കാരണം 'ലിയോ' ഓഡിയോ ലോഞ്ച് നടത്തുവാൻ സർക്കാരിൽ നിന്നും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല എന്നുള്ളതാണ്.
ഇന്ത്യൻ സിനിമയിൽ തന്നെ വളരെ പ്രതീക്ഷ ഉണ്ടാക്കിയിരിക്കുന്ന 'ലിയോ'യുടെ ഓഡിയോ പ്രകാശനം വളരെ ഗംഭീരമായി നടത്താനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ആദ്യം മലേഷ്യയിൽ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ മലേഷ്യയിൽ അതിനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിലുള്ള മധുരയിൽ ഓഡിയോ പ്രകാശനം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ മധുരയിൽ നടത്താനും തമിഴ്നാട് സർക്കാർ അനുമതി നൽകിയില്ല എന്നാണു പറയപ്പെടുന്നത്. ഇതിനെ തുടർന്ന് ചെന്നൈയിലുള്ള നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബർ-30) വൈകുന്നേരം 'ലിയോ' ഓഡിയോ റിലീസ് പരിപാടി നടത്തുവാനാണു 'ലിയോ' ടീം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയിലും അതിനു തമിഴ്നാട് സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല. ഇതിനു കാരണം രാഷ്ട്രീയ കളികളാണെന്നാണ് പറയപ്പെടുന്നത്.
അതായതു വിജയ് അടുത്തുതന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാനിരിക്കുകയാണല്ലോ! 'ലിയോ' ഓഡിയോ റിലീസ് വേദിയിൽ വിജയ് തന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് സംസാരിക്കാൻ പദ്ധതിയിട്ടുണ്ട് എന്നുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത് തടയുവാൻ ഇപ്പോൾ ഭരണത്തിലിരിക്കുന്ന പാർട്ടി ഉൾപ്പെടെ പല പാർട്ടികളും ശ്രമിച്ചു വരികയാണ്. അതിനാൽ വിജയിന് എത്രത്തോളം വെല്ലുവിളികൾ കൊടുക്കുവാൻ പറ്റുമോ അത്രത്തോളം വെല്ലുവിളികൾ കൊടുക്കുവാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം. അതിനാലാണ് ഓഡിറ്റോറിയത്തിന്റെ അനുമതി വിഷയത്തിൽ സർക്കാർ കളികൾ നടത്തുന്നത് എന്നുമാണ് പറയപ്പെടുന്നത്.
ഇതല്ലാതെ അനുമതി നൽകാത്തതിന് വേറൊരു കാരണവും പറയപെടുന്നുണ്ട്. അതായത് 'ലിയോ'യുടെ ചെന്നൈ, ചെങ്കൽപട്ട്, നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട് എന്നിവിടങ്ങളിലെ വിതരണാവകാശം ഇപ്പോൾ ഭരണത്തിലിരിക്കുന്ന പാർട്ടിയിലുള്ള ചില നേതാക്കൾക്ക് നൽകിയാൽ മാത്രമേ അനുമതി നൽകൂ എന്നുള്ള ഒരു റിപ്പോർട്ടും പുറത്തുവന്ന് അത് സംബന്ധമായുള്ള ചർച്ചകളും വിവാദങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായി വരികയാണ്. എങ്ങനെയായാലും ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ ഓഡിയോ റിലീസ് പരിപാടിക്കുള്ള അനുമതി കൊടുക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്. കാരണം വിജയ്‌യിന് എതിരായി എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവോ അത് അത്രത്തോളം വിജയ്‌യിന് അനുകൂലമായിയേ കലാശിക്കുകയുള്ളൂ എന്നുള്ള വിവരം ഇതിന് മുൻപ് നടന്ന ചില സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെയായിരിക്കും ഈ പ്രശ്നത്തിലും നടക്കുക എന്ന പ്രതീക്ഷയിലാണ് വിജയ്‌യുടെ ആരാധകർ!