ഞാൻ സിനിമയിലൊക്കെ വരുന്നതിനും മുൻപേ 'നാന' സ്ഥിരമായി വായിക്കുന്ന ഒരാളായിരുന്നു. അന്നൊക്കെ 'നാന' വായിക്കുമ്പോൾ മാത്രമാണ് സിനിമാക്കാരുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ കണ്ടും വായിച്ചും അറിഞ്ഞുകൊണ്ടിരുന്നത്.
അന്നൊന്നും ഞാൻ സിനിമയിലേക്ക് വരുമെന്ന് കരുതീട്ടുമില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. പിൽക്കാലത്ത് നാടകത്തിൽ അഭിനയിച്ചുതുടങ്ങി. നാടകരംഗത്ത് സജീവമായതിനുശേഷം കുറെ കഴിഞ്ഞിട്ടാണ് ഞാൻ സിനിമയിലെത്തുന്നത്. എന്റെ ആദ്യ സിനിമയുടെ സെറ്റിൽ 'നാന'യുടെ പ്രവർത്തകർ വന്നിരുന്നു. അതിനുശേഷം വന്ന പുതിയ 'നാന'യിൽ എന്നെക്കുറിച്ച് എഴുതിയിരുന്നു. ഫോട്ടോസഹിതം നാടകരംഗത്തുനിന്നും സിനിമയിലെത്തിയ നടി എന്ന നിലയിലായിരുന്നു എന്നെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്.
അങ്ങനെയാണ് എന്നെ പലരും അറിഞ്ഞുതുടങ്ങിയത്. ഞാൻ നാടകത്തിൽ നിന്നും വന്ന ആർട്ടിസ്റ്റാണെന്നും പൊന്നമ്മ ബാബു എന്നാണ് എന്റെ പേരെന്നുമൊക്കെയുള്ള വിവരങ്ങൾ ലോകരെ അറിയിച്ചത് 'നാന'യാണ്. ഞാൻ ഇന്ന് ഈ നിലയിലെത്തി എനിക്ക് സിനിമകൾ കിട്ടി, പ്രശസ്തി കിട്ടി, ആളുകൾ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു. ഇപ്പോഴും മാഗസിനുകളിൽ എന്റെ ചിത്രങ്ങൾ വരുന്നു, എന്നതിലെല്ലാം സന്തോഷമുണ്ട്. പക്ഷേ, എന്നെക്കുറിച്ച് ആദ്യമായി വന്ന റൈറ്റപ്പിന്റെ വാല്യു അത്ര വലുതായിരുന്നുവെന്ന് ഇന്നും ഞാൻ മനസ്സിലാക്കുന്നു, തിരിച്ചറിയുന്നു.
ആ ആദ്യകാലത്തുതന്നെ എനിക്ക് മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകരുടെ സിനിമകൾ കിട്ടിത്തുടങ്ങിയിരുന്നു. അന്നൊക്കെ ആ സിനിമകളുടെ വാർത്തകൾ 'നാന'യിൽ വന്നുകഴിയുമ്പോൾ ഞാൻ ഓരോ പേജുമെടുത്ത് നോക്കും. എന്റെ പേര് അതിൽ പരാമർശിച്ചിട്ടുണ്ടോയെന്ന്. പേര് അച്ചടിച്ചത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ആ നിലയിലെല്ലാം 'നാന' യോടുള്ള നന്ദിയും കടപ്പാടും ഞാൻ ഈയവസരത്തിൽ പറഞ്ഞറിയിക്കട്ടെ.
എത്ര സിനിമകളിൽ അഭിനയിച്ചാലും എത്ര നല്ല കഥാപാത്രങ്ങൾ ചെയ്താലും അതുവഴി എത്ര ഉയരത്തിലെത്തിയാലും എന്നെ വളർത്തിക്കൊണ്ടുവന്ന ആളുകളെ ഒരിക്കലും മറക്കാൻ കഴിയില്ല. ആ വളർച്ചകളിൽ എന്നെ സഹായിച്ചിട്ടുള്ള പ്രസിദ്ധീകരണമെന്ന നിലയിൽ 'നാന'യെ എങ്ങനെ മറക്കാൻ കഴിയും? ആശംസകൾ... ആശംസകൾ...!!