NEWS

പൂവേണം... പൂവടവേണം

News

 

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

കേരളത്തിലെ ഓണം ഒരുപോലെ എന്ന് തോന്നുന്നത് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് മാത്രമാണ്. അകത്തുനിന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാം തെക്ക് അനന്തപുരി മുതല്‍ നടുക്ക് എറണാകുളം വഴി കാസര്‍കോട് എത്തുമ്പോള്‍ ആചാരങ്ങളും ആഘോഷങ്ങളും മാത്രമല്ല സദ്യവട്ടങ്ങള്‍ വരെ അടിമുടി മാറിയിരിക്കുമത്രേ. തൂശനിലയില്‍ ചിക്കന്‍ വിളമ്പിയാല്‍ തെക്കന്‍ദേശക്കാരുടെ കണ്‍പുരികങ്ങള്‍ കൂട്ടിമുട്ടും. ചിക്കനോ, ബീഫോ ഇല്ലാത്ത ഓണസദ്യ കണ്ണൂര്‍ക്കാര്‍ക്ക് ചിന്തിക്കാനുമാകില്ല. എന്തിനേറെ പറയുന്നു ദേശങ്ങള്‍ മാറുന്നതോടെ ഓണപ്രാതലിലും വ്യത്യാസം രുചിക്കാം.

മഹാബലിയെ തൃക്കാക്കരയപ്പനും, ഓണത്തപ്പനുമായി സങ്കല്‍പ്പിക്കുന്ന മദ്ധ്യകേരളത്തിലും, വടക്കന്‍ ദേശങ്ങളിലും തിരുവോണപ്പുലരിയില്‍ 'ഓണം കൊള്ളല്‍' ചടങ്ങ് നടക്കണമെങ്കില്‍ 'പൂവട' നിര്‍ബന്ധം. ഓണപ്രാതലിനുള്ള വിഭവവും അന്നേദിനം പൂവടയാണ്. തിരുവോണപ്പുലരിയില്‍ തിരുവനന്തപുരവും, കൊല്ലവും, പത്തനംതിട്ടയും ഇഡ്ഡലിയിലും സാമ്പാറിലും മുങ്ങുമെന്ന് കേട്ടാല്‍ തൃക്കാക്കരയപ്പന്‍റെ പ്രജകള്‍ കിടുകിടാ എന്ന് ഞെട്ടും...

മഹാബലിയെ വീട്ടിലേയ്ക്ക് ആനയിച്ച് പൂജിക്കുന്ന ചടങ്ങാണത്രേ ഓണംകൊള്ളല്‍. തിരുവോണപ്പുലരിയില്‍ സൂര്യോദയത്തിന് മുമ്പാണ് ഈ ചടങ്ങ് നടത്തുന്നത്. കുളിച്ച് ഈറനോടെ എത്തുന്ന വീട്ടിലെ കുട്ടികളാണ് ഓണം കൊള്ളല്‍ ചടങ്ങ് ചെയ്യുന്നത്. ചാണകം മെഴുകി കെട്ടിയുണ്ടാക്കിയ പീഠത്തില്‍ ഇലയിട്ട് അതിനുമീതേ പലക വച്ച് വീണ്ടും ഇലയിട്ട് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയ ചെറിയ രൂപമാണ് തൃക്കാക്കരയപ്പന്‍. ഭംഗിക്കായി തൃക്കാക്കരയപ്പനെ അരിമാവുകൊണ്ട് അണിയും. തുമ്പപ്പൂ, തുളസിപ്പൂ, താമരപ്പൂ ഇവ തൃക്കാക്കരയപ്പന് ചുറ്റും വിതറും. നാളികേരം രണ്ടാക്കി ഇതില്‍ തുമ്പപ്പൂവിട്ട് തൃക്കാക്കരയപ്പന്‍റെ ഇരുവശത്തുമായി വയ്ക്കും.

ഈ സമയം വീട്ടിലെ സ്ത്രീകള്‍ അടച്ചിട്ട വാതിലിന് അപ്പുറത്തുനിന്ന് 'മാവേലി വന്നോ... വന്നോ...' എന്ന് ഉറക്കെ ചോദിക്കും. 'മാവേലി വന്നു... മാവേലി വന്നു' എന്ന് പുറത്തിരിക്കുന്നവര്‍ മറുപടിയായി പറഞ്ഞാല്‍ അകത്തുനിന്നവര്‍ വാതില്‍ തുറന്ന് പുറത്തുവരും. എല്ലാവരും ചേര്‍ന്ന് ഉച്ചത്തില്‍ കുരവയിട്ട് പൂവിളി നടത്തും. തളികയില്‍ തയ്യാറാക്കി വച്ചിരിക്കുന്ന 3 പൂവട, 3 ഏത്തപ്പഴം, 3 ഉണ്ട ശര്‍ക്കര, അവില്‍ എന്നിവ ഓണത്തപ്പന് നിവേദിക്കുന്നു. ഇതാണ് ഓണംകൊള്ളല്‍.

പൂപോലെ ചിരിക്കുന്ന പൂവട

ഏത്തവാഴയുടെ ഇല ചെറിയ കഷണങ്ങളാക്കി അതിലാണ് പൂവട ഉണ്ടാക്കുന്നത്. ഉണക്കലരിയാണ് അസംസ്കൃത വസ്തു. തലേരാത്രി ഉണക്കലരി കുതിര്‍ത്ത് വയ്ക്കുന്നു. രാവിലെ അരച്ചെടുക്കുന്നു. അരയ്ക്കുമ്പോള്‍ ഇതില്‍ അല്‍പ്പം വെണ്ണ ചേര്‍ത്താല്‍ ഇലയില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം. ഏത്തപ്പഴം ഉണക്കലരിയില്‍ ചേര്‍ത്ത് അരച്ചാല്‍ പൂവടയുടെ സ്വാദ് നാവിലെ സ്വാദുമുകുളങ്ങളെ ത്രസിപ്പിക്കുക തന്നെ ചെയ്യും.

ശര്‍ക്കര പാവു കാച്ചി തേങ്ങ ചിരകിയത് അതിലേയ്ക്കിട്ട് വരട്ടി മധുരക്കൂട്ട് തയ്യാറാക്കുന്നു. ഇതിലേയ്ക്ക് നേന്ത്രപ്പഴം അരിഞ്ഞിട്ട് നെയ്യും ചേര്‍ക്കുക. ഇതാണ് പൂവടയുടെ അട. ഇത് വാഴയില്‍ പരത്തിവച്ച് ആവി കയറ്റുന്നു. അടയിലേയ്ക്ക് പതുക്കെ ആവി കയറുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക സുഗന്ധം അടുക്കളയില്‍ നിന്ന് പുറത്തുചാടി നവഗ്രഹങ്ങളുടെ ഭ്രമണപഥത്തെപ്പോലും വിറപ്പിക്കുമെന്നാണത്രേ കേള്‍വി. ചില ദേശങ്ങളില്‍ മധുരക്കൂട്ടിനോടൊപ്പം ഒരു തുമ്പപ്പൂവുകൂടി വയ്ക്കാറുണ്ട്.

അടച്ചുവയ്ക്കുന്നത് അല്ലെങ്കില്‍ മടക്കിവയ്ക്കുന്നത് അതുമല്ലെങ്കില്‍ അടരുകളുള്ളത് എന്ന അര്‍ത്ഥത്തിലാണത്രേ 'അട' എന്ന പേരുണ്ടായത്. 'പൂ' എന്നാല്‍ ഐശ്വര്യമുള്ളത്. അട വേവിക്കാന്‍ പല രീതികളുണ്ടെങ്കിലും പൂവട ആവിയില്‍ മാത്രമേ വേവിക്കൂ. അതും വാഴയിലയില്‍ മാത്രം. കുട്ടികള്‍ മാത്രമല്ല ദൈവങ്ങളും മധുരപലഹാരപ്രിയരാണ്. അതിനാലാവാം നാടന്‍ പലഹാരമായ അടതന്നെ ഓണത്തപ്പന് നിവേദിക്കുന്നതിന്‍റെ പിന്നിലുള്ള രഹസ്യം. ഏലക്കയോ, ജീരകമോ ഇലയടയില്‍ ചേര്‍ക്കാറില്ല.
പൂവടയ്ക്ക് ഓണ അട എന്നും പറയാറുണ്ട്. 

തെക്കന്‍ കേരളത്തില്‍ ഇലയപ്പം എന്നാണത്രേ പൂവട അറിയപ്പെടുന്നത്. വാഴയിലയ്ക്ക് പകരമായി വട്ടയില, തേക്കില എന്നീ ഇലകളിലും അടയുണ്ടാക്കാം. ഉണക്കലരിക്ക് പകരമായി ഗോതമ്പുപൊടി, പഞ്ഞപ്പുല്ലുപൊടി ഉപയോഗിച്ച് അട ഉണ്ടാക്കാറുണ്ട്. ഇവയില്‍ വെള്ളമോ തേങ്ങാപ്പാലോ ഉപയോഗിച്ച് കുഴച്ച് ഇലയില്‍ പരത്തിവച്ച് അതിന്‍റെ മുകളില്‍ ശര്‍ക്കരയും തേങ്ങാപ്പീരയും ചേര്‍ത്തുവച്ച് മടക്കി ഉരുളിയിലോ, മണ്‍ചട്ടിയിലോ ഇട്ട് വേവിച്ചോ തീക്കനലിലിട്ട് ചുട്ടോ ആവിയില്‍ പുഴുങ്ങിയോ അട തയ്യാറാക്കാറുണ്ട്.

അടിപ്പൊടിയില്‍ വെള്ളവും ഉപ്പും, പഞ്ചസാരയോ, ശര്‍ക്കരയോ ചേര്‍ത്ത് കുഴച്ച് ഇലയില്‍ പരത്തി മുകളില്‍ തേങ്ങ ചിരവിയതുവച്ച് ഇലയുടെ നടുഭാഗം മടക്കുന്നു. ഇത് മണ്‍ചട്ടിയിലിട്ട് ചുട്ടെടുക്കുന്നതാണ് ഓട്ടട.

അരിപ്പൊടിയും കരുപ്പെട്ടിയും തേങ്ങയും കുഴച്ച് ഇലയില്‍ ചുട്ടെടുത്താല്‍ കരുപ്പെട്ടിയടയായി.

വയനയില കുമ്പിളാക്കി അടക്കൂട്ട് നിറച്ച് ഞെട്ട് ഭാഗം കൊണ്ട് മൂടി ആവിയില്‍ വേവിച്ചെടുത്താല്‍ കുമ്പിളപ്പമായി.

ഉണക്കലരി അരച്ച് വാഴയിലയില്‍ പരത്തി ഇല മടക്കി ചുട്ടെടുത്താല്‍ ചുട്ടടയായി.
മലബാര്‍ ഭാഗങ്ങളില്‍ പാളയടയും ഓലയടയുമുണ്ട്. തെങ്ങിന്‍റെ ഓലയില്‍ നേര്‍മ്മയായി പരത്തി കനലില്‍ വേവിച്ചെടുക്കുന്നതാണ് ഓലയട. കവുങ്ങിന്‍റെ പച്ചപ്പാളയില്‍ അട പരത്തി മധുരക്കൂട്ട് നിറച്ച് മടക്കി തെങ്ങോലകൊണ്ട് കെട്ടി അടുപ്പില്‍ വച്ച് വേവിച്ചെടുക്കുന്നതാണ് പാളയട. കുട്ടികള്‍ക്ക് പല്ല് മുളച്ചുവരുന്ന സമയത്തെ കിരുകിരുപ്പ് മാറാന്‍ കൊടുക്കുന്ന അടയാണ് പല്ലട. ശര്‍ക്കരയും റാഗിപ്പൊടിയും ചേര്‍ത്ത് ചുട്ടെടുക്കുന്ന അടയാണിത്.

വിഷുവിനും പൂവട തയ്യാറാക്കുന്ന പതിവുണ്ട്. നെല്ലുവറുത്ത് ഇടിച്ച തവിട്, അവല്‍, മലര് എന്നിവ പച്ചരി പൊടിച്ച് വെള്ളം നിറച്ച് കുഴച്ച മിശ്രിതത്തില്‍ ചേര്‍ത്ത് ഇലയില്‍ പരത്തി മധുരം ചേര്‍ക്കാതെ നടുക്ക് തേങ്ങ ചിരകിയത് വിതറി ഇലമടക്കി വട്ടക്കലത്തില്‍ ചുട്ടെടുക്കുന്നതാണിത്. പിള്ളേരോണത്തിനും (കര്‍ക്കിടകത്തിലെ തിരുവോണം) പൂവട ഉണ്ടാക്കുന്ന പതിവ് തെക്കന്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത്രേ. ശര്‍ക്കരയും തേങ്ങാപ്പീരയും ചേര്‍ത്ത് ഇലയില്‍ പരത്തിയ അരിമാവിന് മുകളില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കും. അട ഇല മാറ്റാതെ മറ്റൊരു പാത്രത്തില്‍ വയ്ക്കും. ഇത് പൂവിട്ട് മറയ്ക്കും.

പച്ച ഈര്‍ക്കിലി കൊണ്ട് അമ്പും വില്ലും ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കും. പാത്രത്തില്‍ പൂവുകൊണ്ട് മറച്ചിരിക്കുന്ന അടയില്‍ അമ്പെയ്ത് കൊള്ളിക്കുന്നവര്‍ക്ക് അട സ്വന്തമാക്കാം. കര്‍ക്കിടകം രാമായണമാസമായതിനാല്‍ ശ്രീരാമകഥകളെ ഓര്‍മ്മിപ്പിക്കുന്ന കളിയാണിത്. ഇന്ന് കേരളം മുഴുവന്‍ മറ്റ് ദേശക്കാര്‍ നിറഞ്ഞു. ഓണത്തിന്‍റെ പ്രാധാന്യം എന്താണെന്ന് അറിയാത്തവര്‍ പോലും ഓണം ആഘോഷിക്കുന്നു. അതിന് പ്രത്യേക ചിട്ടവട്ടങ്ങള്‍ ഒന്നുമില്ല. എങ്കിലും പൂവടയിലെ മധുരക്കൂട്ടില്‍ ഓണത്തിന്‍റെ സ്വര്‍ണ്ണത്തിളക്കം ബാക്കിയുണ്ടാകും.

 


LATEST VIDEOS

Latest