ഇന്ത്യയിലുള്ള സിനിമ ആരാധകർ വളരെയധികം കാത്തിരിക്കുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്ക് സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ വൈജയന്തി മൂവീസാണ്. ഏകദേശം 600 കോടി രൂപ ചെലവിൽ പുരാണകഥയും, സയൻസ് ഫിക്ഷനും ചേർന്ന് ഒരുക്കി വരുന്ന ഈ ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഈ ചിത്രത്തിൽ പ്രഭാസ് ഒരു സൂപ്പർ ഹീറോയാണ് അഭിനയിക്കുന്നത്. അദ്ദേഹം ഉപയോഗിക്കുന്ന കാറിന് 'പുജ്ജി' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ കാർ ആവശ്യമുള്ള തരത്തിൽ രൂപാന്തരപ്പെടുകയും പ്രഭാസുമായി സംസാരിക്കുകയും ചെയ്യും. ഈ മാസം 22-ന് ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് ഈ കാർ ലോഞ്ച് ചെയ്തത്. മഹീന്ദ്ര കമ്പനിയാണ് ഈ കാർ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ വാഹനം ചെന്നൈ മഹേന്ദ്ര സിറ്റിയിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. മൂന്ന് വമ്പൻ ചക്രങ്ങളോടുകൂടി, ആധുനിക സൗകര്യങ്ങളുമുള്ള ഫ്യൂച്ചറിസ്റ്റിക് വാഹനമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് മുൻപും, ശേഷവും പല നഗരങ്ങളിലും ഈ കാർ എത്തിച്ച് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും, മഹീന്ദ്ര കമ്പനിയും തീരുമാനിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും കൂടിയാണ്.