ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത നൃത്ത സംവിധായകനും, നടനും, സംവിധായകനുമായ പ്രഭു ദേവ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ് വിജയ് നായകനാകുന്ന, വെങ്കട് പ്രഭു സംവിധാനം ചെയ്തു വരുന്ന 'The Greatest of All Time'. മലയാളത്തിൽ ജയസൂര്യ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'കടമറ്റത്ത് കത്തനാരി'ലും പ്രഭു ദേവ ഒരു പ്രധാന കഥാപത്രം അവതരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഭു ദേവയുടെ പിറന്നാളോടനുബന്ധിച്ച് താരത്തിന്റെ ഒരു പുതിയ തമിഴ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ പേര് 'മിൻമാൻ' എന്നാണ്. ഈ ചിത്രത്തിൽ പ്രഭു ദേവ, മലയാളത്തിൽ 'മിന്നൽ മുരളി' എന്ന ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം മാതിരി ഒരു സൂപ്പർ ഹീറോയായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.
'ഹാരി പ്രൊഡക്ഷൻസ്' എന്ന ബാനർ നിർമ്മിക്കുന്ന ഈ ചിത്രം പ്രവീണും, സതീഷും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മദൻ കർക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാഷ്യപ്പാണ് സംഗീതം ഒരുക്കുന്നത്. ചിത്രം സംബന്ധമായ മറ്റുള്ള അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.