ഇന്ത്യയുടെ മൈക്കിൾ ജാക്‌സൺ എന്നറിയപ്പെടുന്ന താരമാണ് പ്രഭുദേവ. ഒരുപാട് ചിത്രങ്ങളിൽ നൃത്ത നടനായും, നൃത്തസംവിധായകനായും പ്രവർത്തിച്ച പ്രഭുദേവ 'ഇന്തു' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായക നടനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രഭുദേവ ഒത്തിരി ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയുണ്ടായി. അതോടൊപ്പം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. പ്രഭുദേവ നായകനായി അഭിനയിച്ച 'കാതലൻ', 'ലവ് ബേർഡ്‌സ്', 'മിൻസാര കനവ്' തുടങ്ങിയ സിനിമകളിൽ എ.ആർ. റഹ്‌മാനാണ് സംഗീത സംവിധായകനായി പ്രവർത്തിച്ചത്. ഇങ്ങനെ എ.ആർ.റഹ്‌മാനും, പ്രഭുദേവയും ഒന്നിച്ച് പ്രവർത്തിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റാകുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. അങ്ങിനെയുള്ള സൂപ്പർഹിറ്റ് കോംബോ ഏകദേശം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തമിഴ് സിനിമയിൽ ഒന്നിക്കുന്നു. പ്രഭുദേവ നായകനാകുന്ന, എ.ആർ.റഹ്‌മാൻ സംഗീതം നൽകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ഓൺലൈൻ മീഡിയാ കമ്പനിയായ ബിഹൈൻഡ്‌വുഡ്‌സാണ്. ഈ ചിത്രത്തിൽ പ്രഭു ദേവക്കൊപ്പം പ്രശസ്ത ഹാസ്യ നടനായ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ നിമ്മാതാവായ മനോജ് തന്നെയാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് മാസം തുടങ്ങും എന്നാണു റിപ്പോർട്ട്.