ഒരു മലയോര ഗ്രാമത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു വലിയ വീട്ടില്‍ ഒറ്റപ്പെട്ടുപോവുകയാണ് വൃദ്ധദമ്പതികള്‍. അവരില്‍ എഴുപത് വയസ്സുള്ള ഭര്‍ത്താവ് കിടപ്പുരോഗിയാണ്. അറുപത് വയസ്സ് പ്രായമുള്ള അമ്മച്ചി പക്ഷേ ചുറുചുറുക്കും ആരോഗ്യവുമുള്ള സ്ത്രീയാണ്. ക്രിസ്തീയസഭയിലും സമൂഹത്തിലും വലിയ കോളിളക്കമുണ്ടാക്കിയ ഒരു വിവാഹമായിരുന്നു അവരുടേത്. ഇന്നിപ്പോ നാലഞ്ച് ദിവസമായി ഇടമുറിയാതെ മഴ നിന്നുപെയ്യുകയാണ്. വിദേശത്തുള്ള മക്കളും, നാട്ടുകാരും, പോലീസുകാരും എത്രയും പെട്ടെന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ആ വീട് വിട്ടുപോവാന്‍ അവര്‍ ഒരുക്കമല്ല. മരിക്കുവാണെങ്കില്‍ അവിടെ കിടന്നു മരിക്കണം എന്നതായിരുന്നു അമ്മച്ചിയുടെ തീരുമാനം. പെട്ടെന്നാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ശക്തിയായി മഴ പെയ്യുന്ന ആ രാത്രിയില്‍ ആ വീട്ടിലേക്ക് ഒരു അതിഥി എത്തുന്നു.
പിന്നീട് നടക്കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായി മാറുകയായിരുന്നു.
കേരള ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന പ്രളയശേഷം ഒരു ജലകന്യക തിയേറ്ററിലേക്ക് എത്തുകയാണ്. മനോജ്കുമാറാണ് ഈ ചിത്രത്തിന്‍റെ രചനയും സംവധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രളയത്തിന്‍റെ ഭീകരതയും മനുഷ്യന്‍റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുല്‍ത്താനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ആശ, അരവിന്ദ്, ഗോകുലന്‍, എം.എസ്. രഞ്ജിത്ത് ലളിതം, അനഘ മരിയ വര്‍ഗ്ഗീസ്, ഗ്ലോറിയ ഷാജി, അര്‍ജുന്‍ അമ്പാട്ട്, പ്രിയ, കരുണ, ശൈബിന്‍ കെ.പി, ആനി ജോര്‍ജ്ജ്, വിനോദ് കുമാര്‍ സി.എസ്, തകഴി രാജശേഖരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരികൃഷ്ണന്‍ ലോഹിതദാസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിംഗ് മെന്‍റോസ് ആന്‍റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് കൃഷ്ണനാണ് ചിത്രത്തിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍. വിജയ് ജേക്കബ്ബാണ് ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം. സന്തോഷ് വര്‍മ്മ, അജീഷ് ദാസന്‍, വിജയ് ജേക്കബ്ബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഗാനങ്ങള്‍ രചിച്ചത്. കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അപ്പുണ്ണി സാജന്‍. ലൈന്‍ പ്രൊഡ്യൂസര്‍ അനില്‍മാത്യുവും സഹസംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും വിനോദ് കുമാര്‍ സി.എസ്സുമാണ്. മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് അങ്കമാലിയും, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജുമാണ്.
ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്‍റെ നിശ്ചലഛായാഗ്രഹണം മോഡലിംഗ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഇക്കുട്ട്സ് രഘുവാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പബ്ലിസിറ്റി ഡിസൈന്‍ ചെയ്തിരിക്കുന്നത് ടിവിറ്റി. മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രനാണ്.
ഇക്കുട്ട്സ് രഘു