തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഹരി. പ്രശാന്ത്, സിമ്രൻ, വടിവേലു, ഉർവശി തുടങ്ങിയവർ അഭിനയിച്ച 'തമിഴ്' എന്ന ചിത്രത്തിലൂടെയാണ് ഹരി തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രം വൻ വിജയമായിരുന്നു. പിന്നീട് വിക്രം, ചിംമ്പു, ശരത്കുമാർ, സൂര്യ, വിശാൽ, ധനുഷ്, അരുൺ വിജയ്, ഭരത് തുടങ്ങിയ താരങ്ങളെ നായകനാക്കി ഒരുപാട് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഹരി അടുത്ത് തന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായ പ്രശാന്തിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം രണ്ടു പേരും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശാന്തിന്റെ പിതാവും, നടനുമായ ത്യാഗരാജനാണ്.
പ്രശാന്തിന്റെ 55-ാമത്തെ ചിത്രംകൂടിയാണ് ഇത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ ചെന്നൈയിൽ നടന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിലേക്കുള്ള മറ്റുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന ജോലികൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ചുരുങ്ങിയ കാലയളവിൽ ഒരുക്കി റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ഈ സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്. പ്രശാന്ത് നായകനായി ഈയിടെ പുറത്തുവന്ന ചിത്രമാണ് 'അന്തകൻ'. ബോക്സ് ഓഫീസിൽ വിജയമായ ചിത്രമാണ് ഇത്. എന്നാൽ ഹരി സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന 'രത്നം' പരാജയമായിരുന്നു.