സ്നേഹം നിറഞ്ഞ പ്രേമലു
പ്രേമലു എന്‍റെ മൂന്നാമത്തെ സിനിമയാണ്. സിനിമ വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും സൗത്ത് ഇന്ത്യ മുഴുവന്‍ ഹിറ്റടിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ല ടീമായിരുന്നു. ഒരുപക്ഷേ ക്യാമറയ്ക്ക് പുറത്തും നല്ല ബോണ്ടിംഗ് ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാകാം നന്നായി അഭിനയിക്കാനായത്. പിന്നെ നസ്ലിനെയും സംഗീതേട്ടനെയും(അമല്‍ ഡേവിസ്) നേരത്തെ പരിചയമുണ്ടായിരുന്നു. പൂവന്‍ സിനിമയുടെ ഷൂട്ടിന് ഒരു ദിവസം നസ്ലിനും ഉണ്ടായിരുന്നു. തണ്ണീര്‍മത്തനില്‍ സ്പോട്ട് എഡിറ്ററായിരുന്നു സംഗീതേട്ടന്‍.
ആ സമയം തൊട്ടുള്ള പരിചയം ഇവര്‍ തമ്മിലുണ്ട്. പ്രേമലുവില്‍ കൂടുതല്‍ കോമ്പിനേഷന്‍ മമിതയുമായി ആയിരുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും അഭിനയത്തിന്‍റെ കാര്യത്തില്‍ എക്സ്പീരിയെന്‍സുണ്ടല്ലോ. നേരത്തെ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമായ ഇവരൊക്കെ എങ്ങനെയാകും എന്നെ സ്വീകരിക്കുക എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ടെന്‍ഷനൊക്കെ വെറുതെയായിരുന്നു. ഏറെനാളായി പരിചയം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് മമിത എന്നെ പരിഗണിച്ചത്. ബോള്‍ഡായ പെണ്‍കുട്ടിയാണവള്‍.
ഷൂട്ടിംഗിന് കുറച്ചുദിവസം മുന്‍പ് ആക്ടിംഗ് വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങള്‍ എല്ലാവരും തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെട്ടു. കുറച്ച് സീനുകള്‍ റിഹേഴ്സല്‍ ചെയ്തുനോക്കി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പല സീനുകളും എടുത്തത്. ഹൈദരാബാദില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായി. ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചായിരുന്നു താമസിച്ചത്. മറ്റൊരു റൂമില്‍ നസ്ലിനും ശ്യാം ഏട്ടനും(ആദി) സംഗീത് ഏട്ടനും ഒരുമിച്ചായിരുന്നു. ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടും. പിന്നെ ഫുഡ് ഉണ്ടാക്കി കഴിച്ച് വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് അടിച്ചുപൊളിക്കും. ഇതായിരുന്നു പതിവ്. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ അവിടെ കഴിഞ്ഞത്.
സിനിമ ഹിറ്റടിച്ചതിന്‍റെ ത്രില്‍
സിനിമ ഹിറ്റായതിന്‍റെ ത്രില്‍ ഇപ്പോഴും മാറിയിട്ടില്ല. ഗിരീഷേട്ടന്‍റെ സൂപ്പര്‍ ശരണ്യയും തണ്ണീര്‍മത്തന്‍ ദിനങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ സിനിമകളാണ്. പ്രേമലുവിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകള്‍ കൂടുമെന്ന് അറിയാമായിരുന്നു. കൂടാതെ നിര്‍മ്മാണം ഭാവന സ്റ്റുഡിയോസും. മിനിമം ഗ്യാരണ്ടി ഉറപ്പുള്ള രണ്ടുപേരുകള്‍. പക്ഷേ ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഓര്‍ത്തില്ല. അതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും. ഞാന്‍ ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയാണ് പ്രേമലു. ആര്‍.ഡി.എക്സിന്‍റെ സംവിധായകന്‍ നഹാസ് ചേട്ടന്‍, ആദര്‍ശ് ചേട്ടന്‍, ഗ്രേസ് ആന്‍റണി, വിന്‍സി തുടങ്ങി നിരവധി താരങ്ങള്‍ സിനിമ കണ്ടിട്ട് അഭിനന്ദിച്ചു.
അഖിലയില്‍ നിന്ന് കാര്‍ത്തികയിലേക്ക്
നല്ല ബോള്‍ഡായ പെണ്‍കുട്ടിയാണല്ലോ കാര്‍ത്തിക എന്ന കഥാപാത്രം. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന ആളാണ്. പക്ഷേ അഖില നേരെ തിരിച്ചാണ്. ഞാന്‍ പരമാവധി ഒതുങ്ങിക്കൂടുന്ന ടൈപ്പാണ്. മുന്‍പ് ചെയ്ത രണ്ട് സിനിമകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നാടന്‍പെണ്‍കുട്ടിയുടെ വേഷങ്ങള്‍ ആയിരുന്നു അതൊക്കെ. പക്ഷേ കാര്‍ത്തിക കുറച്ച് മോഡേണ്‍ ആയ കുട്ടിയാണ്. പിന്നെ ഞാന്‍ തീരെ മെലിഞ്ഞിട്ടായിരുന്നു. കുറച്ചുകൂടി തടിവയ്ക്കണം എന്ന് ഷൂട്ടിംഗ് തുടങ്ങും മുന്നേ ഗിരീഷേട്ടന്‍ പറഞ്ഞിരുന്നു. മൈക്രോബയോളജി പഠിച്ച എന്നെ സംബന്ധിച്ച് ഒരു ബന്ധവുമില്ലാത്ത ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കഥാപാത്രമായിരുന്നു കാര്‍ത്തിക. അതുകൊണ്ട് തന്നെ ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉള്ള ചില മാനറിസങ്ങളൊക്കെ നിരീക്ഷിച്ച് മനസ്സിലാക്കി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.