NEWS

വാലന്റൈൻസ് ഡേ സ്പെഷ്യലായി 'പ്രേമവും 'ഹൃദയവും ' ചെന്നൈയിൽ വീണ്ടും റിലീസായി

News

ലോകം മുഴുവനും ഫെബ്രുവരി-14 വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന ദിവസമാണല്ലോ! ഈ വർഷത്തെ വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലുള്ള ചില തിയേറ്ററുകളിൽ ആറേഴു റൊമാന്റിക് സിനിമകൾ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. കാമുകി, കാമുകന്മാരുടെ ഹൃദയം കവർന്നു ബ്ലോക്ക്ബസ്റ്റർ ആയി ഓടി, വീണ്ടും പ്രദർശനത്തിനെത്തിയിരിക്കുന്ന ആ ചിത്രങ്ങളേതൊക്കെയാണെന്നു നോക്കാം!

അതിൽ ആദ്യത്തേത് മലയാളത്തിൽ പുറത്തുവന്നു ബ്ലോക്ക്ബസ്റ്ററായ 'പ്രേമം' ആണ്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായി വന്ന ഈ ചിത്രം ആദ്യം റിലീസ് ചെയ്ത സമയത്തിൽ തന്നെ ഒരു വർഷത്തോളം ചെന്നൈയിൽ ഓടുകയുണ്ടായി. ഈ ചിത്രം ഇപ്പോൾ വീണ്ടും വാലന്റൈൻസ് ഡേ സ്പെഷ്യലായി റിലീസായിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ വർഷം പുറത്തിറങ്ങി ഹിറ്റായ വിനീത് ശ്രീനിവാസന്റെ 'ഹൃദയ'വും റിലീസായിട്ടുണ്ട്.
തമിഴിൽ പുറത്തുവന്നു ബ്ലോക്ക്ബസ്റ്ററായ രണ്ടു തമിഴ് ചിത്രങ്ങൾ വാലന്റൈൻസ് ദിന സ്പെഷ്യലായി തിയേറ്ററിൽ എത്തിയിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. അതിൽ ഒന്ന് സിമ്പു, തൃഷ നായകൻ, നായകിയായി വന്ന ' വിണ്ണൈത്താണ്ടി വരുവായ' എന്ന സിനിമയാണ്. രണ്ടാമത്തേത് മാധവനും, റീമാസെന്നും ഒന്നിച്ചഭിനയിച്ച 'മിന്നലെ'യാണ്. ഹാരിസ് ജയരാജ് സംഗീതത്തിൽ പുറത്തുവന്ന 'മിന്നലെ'യിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു.

അതുപോലെ ഹിന്ദിയിൽ നിന്ന് ഷാരൂഖ് ഖാന്റെയും, കാജോളിന്റെയും എക്കാലത്തെയും ഐക്കണിക് റൊമാന്റിക് ചിത്രമായ 'ദിൽവാലെ ദുൽഹനിയ ലേ ജായേഗെ'യും ചെന്നൈയിൽ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം രൺബീർ കപൂറും, ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന 'തമാശ' എന്ന ചിത്രവും പ്രദർശനത്തിനെത്തിയിട്ടുണ്ട്.

അതുപോലെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആഘോഷമാക്കിയ റൊമാന്റിക് ഇതിഹാസമായ 'ടൈറ്റാനിക്' എന്ന ഇംഗ്ലീഷ് സിനിമയും ഈ വർഷത്തെ വാലന്റൈൻസ് ഡേ സ്പെഷ്യലായി റിലീസിനൊരുങ്ങി വരുന്നുണ്ട്. ചെന്നൈയിൽ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇത്രയും ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്.


LATEST VIDEOS

Top News