തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ സുന്ദര്‍.സി പ്രഖ്യാപിച്ചിരുന്ന ഒരു വമ്പൻ ബഡ്ജറ്റ് ചിത്രമാണ് 'സംഘമിത്ര'. 2018-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ ചിത്രത്തിലേക്ക് ജയം രവി, ആര്യ, ദിഷാ പദാനി തുടങ്ങിയവരെ സുന്ദർ.സികരാർ ചെയ്തിരുന്നു. അതുപോലെ ഈ ചിത്രത്തിന് സംഗീത സംവിധായകനായി ഏ.ആർ.റഹ്‌മാനും കരാർചെയ്യപ്പെട്ടിരുന്നു. തമിഴ് സിനിമയിലെ ബിഗ് ബാനറുകളിൽ ഒന്നായ 'ശ്രീ തേനാണ്ടാൾ ഫിലിംസ്' നിർമ്മിക്കുന്നതായി പ്രഖ്യാപിച്ച ഈ ചിത്രം പിന്നീട് പലവിധ കാരണങ്ങളാല്‍ വൈകിപോയതാണ്.
ഇതിനെ തുടർന്ന് സുന്ദർ.സി 'സംഘമിത്ര'യെ വീണ്ടും ഒരുക്കുവാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ഈ സാഹചര്യത്തിൽ ജയം രവി ഈ ചിത്രത്തിൽ നിന്നും പിന്മാറി. പിന്നീട് ജയം രവിക്ക് പകരമായി വിശാൽ അഭിനയിക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അതേ സമയം ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതലയിലിരുന്ന് 'ശ്രീ തേനാണ്ടാൾ ഫിലിംസും' പിന്മാറി. ഇതിനെ തുടർന്ന് സുന്ദർ.സി തമിഴ് സിനിമയിലെ മറ്റൊരു വലിയ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായി ചർച്ചകൾ നടത്തുകയും ലൈക്ക ചിത്രം നിർമ്മിക്കാൻ മുൻവരികയും ചെയ്തു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ ഈ ചിത്രം സംബന്ധിച്ച് പുറത്തുവന്നു കൊണ്ടിരിക്കുന്ന പുതിയ വാർത്ത എന്താണെന്ന് വെച്ചാൽ ഈ ചിത്രത്തിൽ ജയം രവി, വിശാൽ എന്നിവർ അഭിനയിക്കാനിരുന്ന കഥാപാത്രത്തിൽ മലയാളി താരം പൃഥിവിരാജാണത്രെ അഭിനയിക്കുന്നത്. അത് സംബന്ധമായ ചർച്ചകൾ നടന്നു കഴിഞ്ഞു എന്നാണു പറയപ്പെടുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനേ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ചരിത്ര കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായി വരുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഏ.ആർ.റഹ്‌മാൻ തന്നെയാണത്രെ!