തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളും നടനുമാണ് സമുതിരക്കനി. ഇദ്ദേഹം തമിഴ് ഒഴികെ 'ഷിക്കാർ', 'ദി ഹിറ്റ്ലിസ്റ്റ്', 'ഡി കമ്പനി', 'ഒപ്പം' തുടങ്ങി ചില മലയാള ചിത്രങ്ങളിലും, ചില തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈയിടെ സമുതിരക്കനി തമിഴിൽ സംവിധാനം ചെയ്തു നായകനായും അഭിനയിച്ചു പുറത്തുവന്ന 'വിനോദയ സിത്തം' എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടി വൻ വിജയമാകുകയുണ്ടായി. ഇതിനെ തുടർന്ന് ഈ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്തു അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. 'BRO' എന്ന പേരിൽ സമുതിരക്കനി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ മുൻനിര നടന്മാരായ പവൻ കല്യാണും, സായ് ധരൻ തേജയുമാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ മാസം 28-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി സമുതിരക്കനി സംസാരിക്കുമ്പോൾ തന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കു വെച്ചു. തമിഴിൽ അടുത്തുതന്നെ ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന സമുതിരക്കനി അതിനടുത്തു ദുൽഖർ സൽമാനെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് പറയുകയുണ്ടായി. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'ബാഹുബലി' എന്ന ചിത്രത്തിൽ ബല്ലദേവനായി വന്ന റാണാ ദഗുപാട്ടിയാണത്രെ! ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.