തിരുവന്തപുരം: പ്രമുഖ ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ(65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് ഗാന്ധിമതി ബാലന്റെ നിർമ്മാണ കമ്പനിയായ ഗാന്ധിമതി ഫിലിംസാണ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.
കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിർമാണമായിരുന്നു. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ മകളാണ്.